വൃക്ഷങ്ങളുടെ രഹസ്യജീവിതം” "The Hidden Life of Trees"
“വൃക്ഷങ്ങളുടെ രഹസ്യജീവിതം” "The Hidden Life
of Trees"
ജർമ്മനിയിലെ ഈഫൽ പർവതനിരകളിലെ പതിറ്റാണ്ടുകളുടെ
അനുഭവങ്ങളില്‍ നിന്ന് ലോകപ്രശസ്ത ജര്‍മന്‍ എഴുത്തുകാരനും വനപാലകനും ആയ പീറ്റർ
വോൾബെൻ എഴുതി വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ഇക്കോ- ട്രയോളജി പുസ്തകങ്ങളില്‍
ഒന്നാണ്, “വൃക്ഷങ്ങളുടെ രഹസ്യജീവിതം”
("The Hidden Life of Trees)ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി അനുഭവം പുസ്തകമാക്കിയ പീറ്റര്‍ 8 ലക്ഷം
കോപ്പികള്‍ ജര്‍മ്മന്‍ ഭാഷയില്‍ തന്നെ വിറ്റഴിയുന്ന മാജിക്ക് കണ്ട് ഞെട്ടി. വനവൽക്കരണമെന്ന
പരമ്പരാഗത ചര്‍വ്വിതചര്‍വ്വണം വിട്ട് വനങ്ങളുടെ
ശാസ്ത്രീയവും വൈകാരികവുമായ വശങ്ങളിലേക്ക് ആഴ്ന്നിറങ്ങി അതിന്‍റെ പുരാതന
ആവാസവ്യവസ്ഥയെയും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെയും പരസ്പര ബന്ധങ്ങളെയും നിർവചിക്കാന്‍
ശ്രമിക്കുകയാണ് പുസ്തകം. ശാസ്ത്രീയ ഉൾക്കാഴ്ചകളെ നാട്ടുക്കൂട്ട സന്ധ്യകളിലെ കഥപറച്ചിൽ
പോലെ ലളിതമാക്കിയ രസകരമായ രചനാശൈലിയിലൂടെ, ആധുനിക സമൂഹം ഇനിയും
മനസ്സിലാക്കിയിട്ടില്ലാത്ത പ്രകൃതിയുടെ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാനും
പരിസ്ഥിതിയുമായുള്ള ബന്ധം പുനർവിചിന്തനം ചെയ്യാനും അദ്ദേഹം വായനക്കാരെ ക്ഷണിക്കുകയാണ്.
കാടിന്‍റെ ജീവിതം, മരണം, പുനർജന്മം എന്നിവയുടെ സങ്കീർണ്ണമായ കഥകള്‍ പങ്കിടുന്നതോടൊപ്പം.ആദ്യമായി ലോകത്തിന് കാടിന്‍റെ സ്വന്തം “internet” പരിചയപ്പെടുത്തിയത് ഈ പുസ്തകമാണ്. വനത്തിനും ഒരു “WWW”, ഉണ്ട്. Wood Wide Web. വനത്തിന്‍റെ അടിയിൽ വേരുകള്‍ക്ക് ഇടയിലൂടെ വനത്തെ ആകെ ബന്ധിപ്പിക്കുന്ന, സ്പന്ദിക്കുന്ന, ജീവനുള്ള, കോടാനുകോടി പൂപ്പലുകള്‍ (Fungai) കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കാട് ജീവനുള്ള ഒരു organism ആയി മാറുന്ന അത്ഭുതം. വനങ്ങള്‍ മൊത്തത്തില്‍ പോഷക ആഹാരങ്ങള്‍ കൈമാറുന്നതും, ആവശ്യമായ സമയങ്ങളിൽ മുന്നറിയിപ്പുകള്‍ നല്‍കുന്നതും, കാട് പരസ്പരം സംവദിക്കുന്നതും ഈ internet ഉപയോഗിച്ചാണത്രെ!
മരങ്ങളെ കേവലം നിശബ്ദ നിരീക്ഷകരായി മാത്രമല്ല, ആകർഷകവും സങ്കീർണ്ണവുമായ അസ്തിത്വങ്ങളായി, സവിശേഷമായ കഥകളോടെ കാണാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എഴുത്തുകാരന്‍.
പൊടിപിടിച്ചു കിടന്ന പൌരാണിക താളിയോലകളില്‍
മറഞ്ഞിരുന്ന ജീവാമൃതത്തിന്‍റെ മന്ത്രം പോലെ അത് കാടിന്‍റെ നിഗൂഡതകളിലേക്ക് നമ്മെ
വലിച്ചടുപ്പിക്കും. അവിടെ ഒരേ വംശത്തിലെ മരങ്ങൾ പല വേഗതയിൽ വിരിഞ്ഞുനിൽക്കുന്നതും, വളർച്ചയുടെ
അത്ഭുതകരമായ ചലനവും അനാച്ഛാദനം ചെയ്യപ്പെടുന്നുണ്ട്. വൃക്ഷലതാദികള്‍
അനേക വ്യക്തിത്വങ്ങളായി മാറി നമ്മളോട്
സംവദിക്കുന്നത് നാം തിരിച്ചറിയും. വരൾച്ചയുടെ കാലത്ത് ചിലർ മനോഹരമായ ഇലകൾ
പൊഴിക്കുമ്പോൾ, മറ്റുചിലർ തങ്ങളുടെ മരതകകിരീടങ്ങളിൽ
ധിക്കാരപൂർവ്വം മുറുകെ പിടിക്കുന്നതിന്‍റെ കാരണവും, ഋതുക്കളുടെ
വിവിധ താളത്തോടുള്ള അവരുടെ ഒറ്റപ്പെട്ട പ്രതികരണങ്ങൾക്കും നാം സാക്ഷ്യം വഹിക്കും.
കാടിന്‍റെ ബാലവാടികളില്‍ മാതൃവൃക്ഷത്തിന്‍റെ കാവൽ മേലാപ്പിന് താഴെ തണലില്‍ ഇളം മരങ്ങൾ സംരക്ഷണത്തിലും സുരക്ഷയിലും വളരുന്നത് നാം ശ്രദ്ധിക്കും. ശിശുമരണനിരക്ക് ഉയർന്ന തോതിലുള്ള ഈ കുരുന്നുകള്‍ക്ക് ആകാശത്തേക്ക് ഉയരാന്‍ അപകടകരമായ ഒരു വലിയ യാത്രയെ അഭിമുഖീകരിക്കേണ്ടിവരും എങ്കിലും ആ യാത്രയില്‍ അവര്‍ക്ക് അവരുടെ ചുറ്റുപാടുകളുടെയും, സമീപത്തു തന്നെയുള്ള മാതൃ മരത്തിന്‍റെയും ബന്ധുക്കളായ മറ്റ് മരങ്ങളുടെയും പുരാതന അനുഭവവും ജ്ഞാനവും ആഗിരണം ചെയ്യാനുള്ള സഹജമായ കഴിവുണ്ട്.
വൃക്ഷ-മാതാപിതാക്കൾ തങ്ങളുടെ സന്താനങ്ങള്‍ക്ക് ആഹാരം നല്‍കുകയും, അവരുമായി ആശയവിനിമയം നടത്തുകയും, പോഷകങ്ങൾ പങ്കുവെക്കുകയും വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. സര്‍വ്വം സഹിച്ചുകൊണ്ട് കാലത്തിന്‍റെ കാവല്‍ക്കാരേപോലെ വഴിയാത്രക്കാര്‍ക്ക് തണലായി കൂടുകൂട്ടിയ പക്ഷികളുടെ ചൂടായി വിണ്ടുകീറിയ തൊലിക്കുള്ളില്‍ ജീവിക്കുന്ന ഈ മാമുനിമാരെ കൂടുതല്‍ ബഹുമാനത്തോടെ അല്ലാതെ നമുക്ക് ഇനി കാണാനാവില്ല.
തളര്‍ന്നു പോകുന്ന സുഹൃത്തുക്കള്‍ക്ക് കൂട്ടായി സ്വന്തം ജീവാമൃതം മരങ്ങള്‍ പങ്കുവെക്കാറുണ്ട്. കടും ശൈത്യവും വരള്‍ച്ചയും നേരിടാന്‍ മരങ്ങളും സ്വയം തയ്യാറെടുക്കുന്നുണ്ട്.മനുഷ്യന്‍ അടക്കമുള്ള മൃഗങ്ങളോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ഉണങ്ങിയ കായകള്‍ ശബ്ദത്തോടെ പൊട്ടിക്കുന്ന മരങ്ങള്‍ വംശവര്‍ദ്ദനവിനു സഹായം തേടുകയാണ്.
വലിയ പുല്‍മേടുകളില്‍ നിറഞ്ഞുമേയാന്‍ ഇടമുണ്ട് എങ്കിലും സസ്യഭോജികള്‍ ഒരിടത്തു നിന്ന് അല്‍പ്പം തിന്ന് അവിടം വിട്ട് വേറെ ഇടത്തില്‍ തിന്ന് അങ്ങനെ പരന്നു മേയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും, ഒരു പത്രത്തിന്‍റെ അരികില്‍ നിന്ന് തുടങ്ങി മുഴുവന്‍ തിന്നു തീര്‍ക്കുന്ന മനുഷ്യരെപോലെ മൃഗങ്ങള്‍ക്ക് ആ പുല്‍മേടുകള്‍ മുഴുവന്‍ തിന്നു തീര്‍ത്തുകൂടെ? അത്ര എളുപ്പമല്ല. മാനുകളുടെയും മറ്റ് സസ്യാഹാരികളുടെയും ഉമിനീര്‍ ഇലയില്‍ പറ്റിയാല്‍ അപ്പോള്‍ തന്നെ അപകടം തിരിച്ചറിയാന്‍ പുല്ലുകള്‍ക്ക് സാധിക്കും അത്രേ. അവ ഉടന്‍ തന്നെ ഇലകളെ കൈപ്പ് ആക്കുവാന്‍ ഉള്ള പ്രത്യേക ഹോര്‍മോണുകള്‍ നിര്‍മ്മിക്കും വായുവിലൂടെയും ഇലകളിലൂടെയും അവ പടരും. അങ്ങനെ ആ പ്രദേശത്തെ സസ്യങ്ങള്‍ എല്ലാം ഇലകളുടെ രുചിമാറ്റി മൃഗങ്ങളെ ഓടിക്കും. അതിനു പരിഹാരമായാണ് മൃഗങ്ങള്‍ അല്‍പ്പം ഒരിടത്തു നിന്ന് തിന്ന് പിന്നെ സ്ഥലം മാറിപോകുന്നത്. ജിറാഫുകളെ പ്രതിരോധിക്കാന്‍ ഒരിനം ഫിര്‍മരങ്ങള്‍ ഇത് ചെയ്യുന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്, ആക്രമണകാരികളായ പുഴുസൈന്യങ്ങളെയും സസ്യങ്ങള്‍ ഇങ്ങനെ തുരത്തും. ഒരേ ഇനം മരങ്ങള്‍ മാത്രമല്ല ഒരേ പ്രദേശക്കാരായ സസ്യങ്ങള്‍ എല്ലാം തങ്ങളുടെ സസ്യഗ്രാമങ്ങളെയും കുട്ടികളെയും ഇങ്ങനെ സംരക്ഷിക്കും.
പൊതുവേ അശ്രദ്ധരായ ചെറുപ്പക്കാരായ മരങ്ങള്‍ മുതിര്‍ന്നവര്‍ ചെയ്യുന്നത് കണ്ട് അഹങ്കാരത്തോടെ അനാവശ്യ സമയത്ത് ഇലകൊഴിച്ചിൽ സ്വന്തം മരണം ക്ഷണിച്ചു വരുത്താറുണ്ട്. അത് കൂടാതെ മഴക്കാലത്ത് അനാവശ്യത്തിന് വെള്ളം ശേഖരിച്ചു വച്ച് രോഗിആകാറും ഉണ്ട്. എന്നാല്‍ പക്വതയുള്ള വന്‍മരങ്ങള്‍ ഇതൊക്കെ കൃത്യമായ കണക്കുകള്‍കൂട്ടി ചെയ്യാന്‍ ഒരു “വൃക്ഷായുസ്സ്”കൊണ്ട് അനുഭവം ആര്‍ജ്ജിച്ചെടുത്തിട്ടുണ്ടാവും. പ്രായമായ ചില താപ്പാനമരങ്ങള്‍ ഒന്ന് തീര്‍ന്നുകിട്ടാന്‍ കാത്തിരിക്കുന്ന ചെറുമരങ്ങളും ഉണ്ട്. അപ്പന്‍ ചത്താല്‍ ആ കട്ടില്‍ ഒഴിയുമല്ലോ എന്ന ചിന്ത തന്നെ കാരണം. ഇതെല്ലാം നടക്കുന്നത് വൃക്ഷ സമയങ്ങളില്‍ ആണ്, അതായത് അൾട്രാ സ്ലോ മോഷന്‍. ഒറ്റനോട്ടത്തില്‍ നമുക്ക് അത് മനസിലാകില്ല. 400 വര്‍ഷം വരെ ആയുസ്സുള്ള ഒരു ഉങ്ങ് മരത്തെ എഴുത്ത്കാരന്‍ പരിചയപ്പെടുത്തുന്നുണ്ട്. തന്‍റെ ആയുസ്സില്‍ ഏകദേശം 20 ലക്ഷം വിത്തുകള്‍ വിതറിയിട്ടുണ്ടാകും ആ വൃക്ഷപിതാമഹന്‍.
വനമേഖലയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എന്നെന്നേക്കുമായി മാറ്റിമറിച്ചേക്കാവുന്ന ഒരു ആത്മീയ യാത്രകൂടിയാണ് പുസ്തകം.ആകെ സ്പന്തിക്കുന്ന കാട് നമ്മെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകും അവിടെ വനദേവതമാര്‍ കാത്തിരിക്കുന്നുണ്ട്.
