ഇതോ മനുഷ്യന്‍ ? സത്യങ്ങള്‍ Book Review: Primo Levi
എപ്പോഴാണ് പ്രിമോ ലെവിയുടെ "If This is a Man" അതിന്റെ തുടർച്ചയായ "The Trues" എന്നീ ആത്മകഥകൾ വായിച്ചതെന്ന് കൃത്യമായി ഓർമ്മയില്ല. വായന കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് എന്നുറപ്പ്.അതുകൊണ്ടായിരിക്കുമോ ഈ പുസ്തകത്തിന് ഇത്ര ശക്തി തോന്നുന്നത് ! മതിപ്പ് തോന്നുന്നത് ! ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്ത് പിന്നെ ബാക്കിയായ രാത്രിയിൽ ഉറങ്ങാൻ കഴിയാതെ തരിച്ചിരുത്തിയ പുസ്തകങ്ങൾ ആത്മാവിനെ മാത്രമല്ല ജീവിതത്തെ ആകെ കൊത്തി വലിച്ചുകൊണ്ടിരിക്കുമ്പോളും മുന്നോട്ട് മുന്നോട്ട് എന്ന പ്രചോദനം തരുന്ന പുസ്തകങ്ങൾ.
ഹിറ്റ്ലർ ജെർമനിയുടെ ചാൻസലർ ആയി വന്ന അന്നു മുതൽ ജർമ്മനിയിൽ ഉടനീളം concentration camp ക്കൾ സ്ഥാപിച്ചു.രാഷ്ട്രീയ വൈരികളെയും ജൂതൻമാരെയും കമ്മ്യൂണിസ്റ്റ് കാരേയും കൈകാര്യം ചെയ്യാനായിരുന്നു ഇവ. പിന്നീട് എതിർശബ്ദം ഉയർത്തുന്നവർ എല്ലാവരും, ഭരണകൂടത്തിന് വിരുദ്ധരായവരെല്ലാവരും, രാജ്യത്തിന് ഭാരമായി മാറിയേക്കാവുന്ന, വൃദ്ധരും രോഗികളും വികലാംഗരും, വേശ്യകളും, സ്വവർഗ്ഗ അനുരാഗികളും എല്ലാം ഈ ക്യാമ്പുകളിൽ കുത്തി നിറയ്ക്കപ്പെട്ടു.concentration camp പിന്നീട് extermination Camp കൾ ആയി മാറി. യുദ്ധ ആരംഭത്തോടെ 715,000 ആളുകൾ ലൂടെറിറ്റ്ച്ച് ക്യാമ്പിൽ മാത്രം തടവിലായി (എറ്റവും വലിയ ക്യാമ്പ്) ബുച്ചൻവാൾഡ്, ഓഷ് വിറ്റ്സ് ,ഡാക്കൂ എന്നീ ക്യാമ്പുകൾ ചില ഉദാഹരണങ്ങൾ മാത്രം. ജർമ്മൻ നിയന്ത്രണത്തിലായ ഫ്രാൻസ്, റഷ്യൻ ഭാഗങ്ങൾ, ജെർമ്മനി എന്നീ ഭൂവിഭാഗങ്ങളിലാകെ 42500 ടെർമിനേഷൻ ക്യാമ്പുകൾ ഉണ്ടായിരുന്നു.ഇവയിലാകെ തടവിലാക്കിയ 2 കോടി തടവുകാരിൽ 1.5 കോടി തടവുകാർ കൊല്ലപ്പെട്ടു.(Encyclopedia of Camps and Ghettos and US Holocaust Memorial) ഓഷ് വിറ്റ്സിൽ മാത്രം 44 സബ് ക്യാമ്പുകൾ ഉണ്ടായിരുന്നു. വെൻസ് ബ്രക്ക് ക്യാമ്പിൽ നിന്നാണ് ലെവി റഷ്യൻ സൈനികരാൽ മോചിപ്പിക്കപ്പെടുന്നത്.
കാലം ചെല്ലുന്തോറും ഈ പുസ്തകങ്ങൾ നേരിടുന്ന അപകടങ്ങൾ ചെറുതല്ല. ദോഷൈക ദൃഷ്ടി കൊണ്ടു മാത്രമല്ല ഉദാസീനത കൊണ്ടും അവിശ്വസനീയത കൊണ്ടും ക്ഷീണിച്ചു പോകുന്ന വെറും ഒരോർമ്മപ്പെടുത്തലുകൾ ആയി മാറുന്നു ഹിറ്റ്ലറുടെ concentration Camp കളും Holocaust ന്റെ നേരനുഭവങ്ങളും. അറിഞ്ഞോ അറിയാതെയോ വിലകുറച്ച് കാണുകയോ " സംഭവിച്ചിട്ടില്ല" എന്ന് പാടേ തിരസ്കരിക്കുകയോ ചെയ്യും നമ്മൾ.- ഈ ഭീകരതയുടെ നേർക്കാഴ്ച്ചകളെ.അവ അനുഭവിച്ച പച്ച പാവം മനുഷ്യരുടെ തീരാ വ്യഥകളെ- എപ്പോഴും ഓർത്തിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവയുടെ സ്മാരകങ്ങളിൽ കൊത്തിവെച്ചിരിക്കുന്ന വാക്കുകളും, (" Never Forget ." ) ഓർമ്മകൾ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. കാലമേറെ കഴിഞ്ഞെങ്കിലും മതത്തിന്റെ പേരിൽ വിശ്വാസത്തിന്റെയും രാഷ്ട്രീയ ത്തിന്റെയും നിറത്തിന്റെയും പേരിൽ മനുഷ്യർ നിഷ്ടൂരമായി കൊലചെയ്യപ്പെടുമ്പോൾ ഓർമ്മ വരും concentration Camp കളിൽ ചാരമായിപ്പോയ ഓർമ്മകളെ, സ്വപ്നങ്ങളെ, ജീവിതങ്ങളെ, നിശ്വാസങ്ങളെ - ലക്ഷക്കണക്കിന് പാവം മനുഷ്യരെ.
പുസ്തകത്തിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന ശാപം (ഇതിൽ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ട് എടുത്തിരിക്കുന്നത് ) അതേ പോലെ പകർത്തി തുടങ്ങാം. മലയാള പരിവർത്തന നഷ്ടസാധ്യത ഒഴിവാക്കാൻ പരിവർത്തനത്തിന് മുതിരുന്നില്ല.
"If this is a man, You, who live safe In your warm houses, You who find, returning in the evening, Hot food and friendly faces: Consider if this is a man who works in the mud, who does not know peace, who fights for a scrap of bread, who dies because of a YES or NO Consider if this is a woman without hair and without name, with no more strength to remember, Her eyes empty and her womb cold Like a frog in winter. Meditate that this came about: I commend these words to you. Carve them in your hearts At home, in the street, Going to bed, rising; Repeat them to your children. or May your house fall apart , May illness impede you, May your children turn their faces from you."
ചരിത്രാന്വേഷണ കൗതുകത്തോടെ, ജർമ്മനിയെ നാസിസം എങ്ങനെ സ്വാധീനിച്ചു എന്നറിയാനുള്ള ആഗ്രഹത്തോടെ ,തിന്മയുടെ ആരംഭത്തെക്കുറിച്ചുള്ള ചോദ്യത്തോടെ പ്രിമോ ലെവിയെ സമീപിച്ചാൽ അത് വളരെ കൂടുതലാവും ലെവി വളരെ ചെറുതും. ലെവി ചരിത്രകാരനോ തത്വചിന്തകനോ എഴുത്തുകാരനോ അല്ല. മനുഷ്യനെ അറിയുന്ന വെറും പച്ചയായ മനുഷ്യൻ മാത്രം. ഹിറ്റ്ലറുടെ concentration camp ൽ നിന്നും രക്ഷപെട്ടു പക്ഷെ അതിന്റെ ഓർമ്മകളിൽ നിന്നും രക്ഷപ്പെടാനാവാതെ അതിന്റെ മുറിവുകളിൽ നിന്നും മോചനമില്ലാതെ അവസാനം ആത്മഹത്യയിൽ അഭയം പ്രാപിച്ച വെറും മനുഷ്യൻ.
മനുഷ്യൻ എന്ന സാമൂഹിക സാംസ്കാരിക ജീവിയുടെ - സകല തിന്മകളുടെയും സ്രോതസ്സാകാനുള്ള കഴിവിനെ, സർവ്വനാശത്തിന് വേണ്ടിയുള്ള വാസനയെ, തകർത്ത് വാരാനുള്ള കഴിവിനെ - പൈശാചികതയെ തുറന്നു കാണിക്കുന്ന അഭൂതപ്രദർശനമാണീ പുസ്തകങ്ങൾ.
ലെവി പറയുന്നു: "in the most obvious and facile deduction: that man is fundamentally brutal, egoistic and stupid in his conduct once every civilised institution is taken away. we(survivers) believe that in the face of driving necessities and physical disabilities many social habits and instincts are reduced to silence."
മനുഷ്യരെ എങ്ങനെയൊക്കെ തകർക്കാം? ചെറുതും വലുതുമായ രീതികളിലൂടെ. വഴികൾ പലതുണ്ട്: പ്രതീക്ഷ നശിപ്പിക്കുക, മാന്യത ഇല്ലാതാക്കുക,ആവശ്യങ്ങൾ തകർക്കുക ,അത്യാവശ്യങ്ങൾ തിരസ്കരിക്കുക, വ്യക്തിത്തം ഇല്ലാതാക്കുക, അന്നത്തിന് വേണ്ടി കടിപിടി കൂടിക്കുക, സ്വാർത്ഥതയ്ക്ക് വേണ്ടി കൊല്ലാൻ വഞ്ചിക്കാൻ പഠിപ്പിക്കുക, വെറും ശരീരങ്ങളായി കാണുക, പീഢക നേക്കാൾ പീഢിതരായ മറ്റുളളവരെ വെറുക്കാൻ പഠിപ്പിക്കുക, വാർദ്ധക്യം കൊണ്ടും രോഗങ്ങൾ കൊണ്ടും അവശരായവരെ കൂട്ടത്തോടെ കൊന്ന് വൻ ചൂളകളിൽ കത്തിച്ച് ചാരമാക്കുന്നത് കാണിച്ച് കൊടുക്കുക. ഗ്യാസ് ചേമ്പറുകളിൽ ശ്വാസത്തിന് വേണ്ടി പിടയുന്നവർ ചുമരിൽ തറയിൽ മാന്തിപ്പറിക്കുന്ന സംഗീതത്തിന് കാതോർത്ത് ചിരിക്കുക, മെഡിക്കൽ പരീക്ഷണങ്ങളിൽ പരസ്പരം തുന്നിച്ചേർക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളുടെ പിടച്ചിൽ കണ്ട് സഹിക്കവയ്യാതെ അവരെ കൊന്ന് സഹായിക്കുന്ന അമ്മമാരുടെ നിലവിളിക്ക് താളം പിടിക്കുക, കുട്ടികളുടെ കണ്ണുകളിലേക്ക് രാസപദാർത്ഥങ്ങൾ സൂചിയിൽ കുത്തിയിറക്കുക, എല്ലുകൾ നീക്കുക, ജിവനോടെ തൊലിയുരിഞ്ഞ് മഞ്ഞിൽ നിർത്തുക,ശവക്കുഴികൾ സ്വയം തോണ്ടി അവയുടെ കരയിൽ നിന്നും കുഴിയിലേക്ക് തന്നെ വെടിയേറ്റ് വീഴുക, പിഢകന്റെ വിശ്വാസം മാത്രമാണ് ശരി എന്നുറക്കെ പിന്നെയും പിന്നെയും പറയിക്കുക. അതുറപ്പിക്കാൻ ആരെയും കൊല്ലുക. അവസാനം വൻ ചൂളകളിൽ കത്തിയമർന്ന് ചാരമായി കുപ്പതൊട്ടിയിലേക്ക് ഊർന്നൊഴുക്കുക.
"ashes of burnt bodies slope down to the bottom, like streams that run down to the sea."
കൂട്ട ഭ്രാന്തിന്റെ കഥയാണിത് .ക്രൂരതയുടെ ദൃക്സാക്ഷി വിവരണം. അവിശ്വസനീയമായ വിഢിത്തത്തിന്റെ, കൊലച്ചതിയുടെ, അത്യപൂർവ്വ ഭാഗ്യത്തിന്റെ, പ്രാർത്ഥനകൾക്ക് നേരെ കാർക്കിച്ചു തുപ്പിയ ദൈവത്തിന്റെ - അങ്ങനെ അനവധി പേരറിയാത്തവരുടെ വാഗ്മയ ചിത്രങ്ങൾ. വായിക്കാം, രുചിക്കാം, നേരിടാം, ഉൾകൊള്ളാം. വിശദീകരണങ്ങൾ ഒന്നുമില്ല. പുസ്തകം തരുന്നത് അനുഭവങ്ങൾ മാത്രം. ജിവിക്കാനുള്ള പ്രചോദനവും.
ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് സോവിയറ്റ് സൈനികരുടെ സഹായത്തോടെ റഷ്യ മുഴുവൻ അലഞ്ഞ് ഇറ്റലിയിൽ തിരിച്ചെത്തിയ ലെവി പറയുന്നത് ആരും വിശ്വസിക്കുന്നില്ല. പുച്ഛത്തോടെ തളളുന്നവർക്ക് അപമാനിക്കുന്നവർക്ക് ഒരു മറുപടി മാത്രം: " ശബ്ദമില്ലാതെ ചത്തടിഞ്ഞു പോയ കോടിക്കണക്കിന് പച്ച മനുഷ്യരുടെ നിശ്ശബ്ദതയാണീ അനുഭവങ്ങൾ അവരുടെ വേദനകളെ അപമാനിക്കുന്നത് അവരെ വീണ്ടും കൊല്ലലാണ്. മാനത്തിന് വേണ്ടിയല്ല -ജീവന് വേണ്ടി - കരയാൻ പോലും കഴിയാതെ പോയ അമ്മമാരുടെ സഹോദരികളുടെ ഭാര്യമാരുടെ മക്കളുടെ നിശ്ശബ്ദതയാണിത്.വീണ്ടും കൊല്ലരുത്." ജൂതരുടെയും, ജിപ്സികളുടെയും, പോളണ്ടുകാരുടെയും, റഷ്യക്കാരുടെയും, വൃദ്ധരുടെയും, വേശ്യകളുടെയും, വികലാംഗരുടെയും, കമ്യൂണിസ്റ്റുകാരുടെയും, കുട്ടികളുടേയും ശരീരങ്ങൾ ജീവനോടെ മാന്തിപ്പറിച്ച് തിന്നതിന്റെ ദൃക്സാക്ഷി വിവരണങ്ങളാണിത്.
മാരകമായി മുറിവേറ്റ് മരണത്തോട് മല്ലടിച്ച് കരയുന്ന സിറിയൻ ബാലന്റെ ചിത്രം മാധ്യമങ്ങളിൽ സമീപകാലത്ത് വന്നതാണ്. മരണത്തിന് കീഴടങ്ങുന്നതിന് മുൻപ് അവൻ അമ്മയോട് പറഞ്ഞ പരാതി പറഞ്ഞ് ഞാനും അവസാനിപ്പിക്കുന്നു.
"ദൈവത്തോട് ഞാൻ എല്ലാം പറഞ്ഞു കൊടുക്കും...."
