അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

 

(ഇബ്ൻ ഫാദ്ലാൻ്റെ യാത്രാ വിവരണങ്ങളിൽ നിന്ന്. 10 ആം നൂറ്റാണ്ട്: അദ്ദേഹം കണ്ട വൈക്കിംഗ് ഗോത്രങ്ങൾ : വോൾഗ ബൾഗർസ് (Volga Bulgars) & റാസ് Rus(today’s west Russia )

AD 922, തണുത്ത വോൾഗ നദിയുടെ മഞ്ഞുവീണു മരവിച്ച തീരത്ത്, അബ്ബാസി ഖലീഫയുടെ ദൂതനായി എത്തിയ അഹ്മദ് ഇബ്ൻ ഫദ്ലാൻ ചരിത്രത്തിൻ്റെ താളുകളിൽ എന്നെന്നേക്കുമായി പതിക്കപ്പെട്ട ഒരു അപൂർവ കാഴ്ച്ചക്ക് സാക്ഷിയായി , ചരിത്രത്തിലെ കുപ്രസിദ്ധരായിരുന്ന അനേകം വൈക്കിംഗ് ഗോത്രങ്ങളിൽ ഒന്നിൽ ഒരു വൈകിംഗ് ഗോത്രതലവൻ മരിച്ച ദിവസം ആയിരുന്നു അന്ന്. 

ശവക്കുഴി

“രാജാവിൻ്റെ അധികാരങ്ങൾ ഉള്ള ഗോത്രതലവൻ  മരിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ ശരീരം പത്തു ദിവസത്തേക്ക് താൽക്കാലികമായൊരു ശവക്കുഴിയിൽ സ്ഥാപിച്ചു. ഈ സമയത്ത്, അദ്ദേഹത്തിൻ്റെ സ്വർഗ്ഗ യാത്രയ്ക്കായി അണികൾ വസ്ത്രങ്ങൾ തയ്ക്കുകയും, ഒരു യോദ്ധാവിന് നൽകേണ്ട യോഗ്യമായ വിടവാങ്ങലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഓളപരപ്പുകളെ കീറി മുറിച്ച് യാത്രചെയ്തിരുന്ന അദ്ദേഹത്തിൻ്റെ കപ്പൽ കരയിലേക്ക് വലിച്ചെത്തിച്ച്, അതിനെ ഒഴുകുന്ന ശവകുടീരമാക്കി ഒരുക്കിയിരുന്നു.


എന്നാൽ ഏറ്റവും ഭയാനകമായ ചടങ്ങ് ഗോത്രത്തിലെ അനേകം അടിമ ദാസി സ്ത്രീകളിൽ ഒരാളെ സ്വമേധയാലോ നിർബന്ധിച്ചോ അന്ത്യയാത്രയിൽ ഗോത്രനേതാവിനെ അനുഗമിക്കുവാനും, തുടർന്ന് അതിന് വേണ്ടി ഒരുക്കുവാനും നടത്തിയ ചടങ്ങുകൾ ആയിരുന്നു. മരിച്ച നേതാവിനോടൊപ്പം ബലികൊടുക്കപ്പെടേണ്ടവൾ ആയിരുന്നു അവൾ.


തിരഞ്ഞെടുക്കപ്പെട്ടവൾ


“മൂപ്പനോടൊപ്പം മരിക്കാൻ ആരാണ് തയ്യാറെന്ന് ചോദിച്ചപ്പോൾ, ഒരു പെൺകുട്ടി സ്വമേധയാ മുന്നോട്ട് വരികയാണുണ്ടായത്.”


“തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതൽ ദാസി എന്ന സ്ഥാനം മാറി അവളോട് ഒരു രാജ്ഞിയെപ്പോലെ എല്ലാവരും പെരുമാറി. "മരണത്തിൻ്റെ മാലാഖമാർ" എന്നറിയപ്പെട്ടിരുന്ന രണ്ടു വൃദ്ധ പുരോഹിത സ്ത്രീകൾ അവളുടെ എല്ലാ ആവശ്യങ്ങളും നിവൃത്തിച്ചു നൽകിയിരുന്നു.”


“അവൾക്ക് പരിധിയിൽ കൂടുതൽ ലഹരി പാനീയങ്ങൾ നൽകി മത്ത് പിടിപ്പിച്ചു, വ്യത്യസ്ത താളത്തിൽ അനേകം പാട്ടുകൾ പാടി, ഗോത്ര ഗ്രാമത്തിലെ വഴികളിലൂടെ ഘോഷയാത്രയായി ആനയിച്ചു.”


“ഗോത്രത്തിലെ യോദ്ധാകളായ പുരുഷൻമാർ അവളെ ചുംബിച്ച് ആദരവ് പ്രകടിപ്പിച്ചു. ആ പ്രകടനം ആദരവിൻ്റെയും വിധിയുടെയും  ഒരു വിചിത്രമായ സമ്മിശ്രണമായി എനിക്ക് തോന്നി.

ഇബ്ൻ ഫദ്ലാൻ അവളുടെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നു: “അവൾ തെല്ലും ഭയപ്പെട്ടിരുന്നില്ല, ഒരു ഒരുപക്ഷേ ഒരു അടിമ സ്ത്രീക്ക് ജീവിതത്തിൽ ആദ്യമായി  ലഭിച്ച അംഗീകാരത്തിൻ്റെ സംതൃപ്തി ആയിരിക്കാം- ആ മുഖത്ത് അഭിമാനം ഉണ്ടായിരുന്നു.  അത് അഭിനയം ആണോ സ്വഭാവികം ആണോ എന്ന് തീർച്ചയില്ല.“


ബലിയും തീയും


“പത്താം ദിവസം, അന്ത്യയാത്രയ്ക്കുള്ള പായകപ്പൽ തയ്യാറാക്കിയിരുന്നു അതിൻ്റെ നടുവിൽ തടികൊണ്ട് ഒരു തട്ട് നിർമ്മിച്ച് വിലപ്പെട്ട തുണികൾ കൊണ്ട് മൂടി. അതിനുള്ളിൽ, അലങ്കരിച്ച ഒരു കട്ടിലിടുകയും, ഐസ് വീണ മണ്ണിൽ തണുത്തു മരവിച്ച് കറുത്തുപോയ ഗോത്ര മൂപ്പൻ്റെ ശരീരം കുഴിയിൽ നിന്ന് പുറത്തെടുത്ത് സ്ഥാപിക്കുകയും ചെയ്തു. ചുറ്റും അദ്ദേഹത്തിൻ്റെ ആയുധങ്ങളും വസ്ത്രങ്ങളും ഭക്ഷണപാനീയങ്ങളുടെ നിവേദ്യങ്ങളും വച്ചു.”

“പിന്നെ വന്നത് ആ പെൺകുട്ടിയായിരുന്നു. അവൾ കട്ടിലിന് അരികിൽ ഉള്ള ബലിപീഠത്തിൽ പ്രവേശിച്ചു, ലഹരിയുടെ ഉന്മാദത്തിൽ, പാതി ബോധത്തിൽ ആയിരുന്നു അവൾ , ഒടുവിലൊരു പ്രാവശ്യം അവൾ ഏതോ പാട്ടുപാടി.”

“അവൾ ആ പീഠത്തിൽ കിടന്നു. ചുറ്റും സ്ത്രീകളും പുരുഷന്മാരും കുട്ടികളും കൂടി നിന്നു ഗോത്രത്തിലെ ഏഴ് യോദ്ധാക്കൾ പരസ്യമായി അവളുമായി ബന്ധപ്പെട്ടു, ആളുകൾ അർത്തുല്ലസിച്ച് അവരെ അനുമോദിച്ചു.”

“തുടർന്ന് “മരണത്തിൻ്റെ മാലാഖമാർ” എന്ന് അറിയപ്പെട്ട പ്രത്യേക വസ്ത്രം ധരിച്ച രണ്ട് മുതിർന്ന പുരോഹിത സ്ത്രീകൾ പീഠത്തിലേക്ക് കയറിവന്നു,  അവരുടെ  പിന്നാലെ രണ്ട് യോദ്ധാക്കളും ഉണ്ടായിരുന്നു. യോദ്ധാക്കളിൽ ഒരാൾ ബലിപീഠത്തിൽ കിടക്കുന്ന പെൺകുട്ടിയുടെ കാലുകൾ അകത്തി വലിച്ചു പിടിച്ചു മറ്റേയാൾ കൈകളും.

പുരോഹിത വേഷത്തിൽ ഉള്ള സ്ത്രീകളിൽ ഒരാൾ പെൺകുട്ടിയുടെ കഴുത്തിലൂടെ കയർ കുരുക്കി കൊടുത്തതും തലഭാഗത്തുള്ള യോദ്ധാവ് അതും വലിച്ച് മുറുക്കി , തുടർന്ന് ആ പുരോഹിത പെൺകുട്ടിയുടെ വാരിയെല്ലിന് ഇടയിലൂടെ പ്രത്യേകം തയ്യാറാക്കിയ വീതിയുള്ള വലിയ കഠാര അവളുടെ ഹൃദയത്തിലേക്ക് ആഞ്ഞാഞ്ഞു കുത്തി ഇറക്കി, ചൂടു ചോര ചീറ്റി ഒഴുകി.

ഒടുവിൽ മരണം ഉറപ്പിക്കാൻ അരികിൽ നിന്ന യോദ്ധാക്കൾ മരമുട്ടികൊണ്ട് ഉണ്ടാക്കിയ വലിയ ഗധ കൊണ്ട് അവളുടെ ശരീരം അടിച്ചു ചതച്ചു. ആളുകൾ ജയഭേരി മുഴക്കി . അനക്കമറ്റ  അവളുടെ ശരീരം അവളുടെ യജമാനൻ്റെ അരികിൽ ബഹുമാനപൂർവ്വം കിടത്തി.

ചിതയുയരുന്നു

പതിയെ നദിയിലെ ഒഴുക്കിലേക്ക് തള്ളി വിട്ട ആ കപ്പലിൽ കരയിൽ നിന്ന് യോദ്ധാക്കൾ തീയമ്പുകൾ അയച്ച് തീയിടുകയായിരുന്നു. ജ്വാലകൾ ആകാശത്തേക്ക് നാവു നീട്ടിക്കൊണ്ട് ആ ജലവാഹനം ഒരു ജ്വലിക്കുന്ന ശവകുടീരമായി മാറി കരിഞ്ഞമർന്നു . 

ജനക്കൂട്ടത്തിൽ ചിലർ കരഞ്ഞു, ചിലർ മുറവിളിച്ചു, മറ്റു ചിലർ വാദ്യോപകരണങ്ങൾ വായിച്ചു.

റിസാല എന്ന ആ വൈക്കിംഗ് ഗോത്ര ജനതയ്ക്ക്, അത് കൊലപാതകമോ മരണമോ അല്ലായിരുന്നു – “പ്രയാണമായിരുന്നു” തങ്ങളുടെ പ്രിയ ഗോത്ര തലവനും അദ്ദേഹത്തിൻ്റെ ദാസിയും പുകയിലും തീയിലും ഏറി അവരുടെ “വാൽഹല” യിലേക്ക് ( വൈക്കിംഗ് ഗോത്രങ്ങളുടെ എല്ലാ സുഖസൗകര്യങ്ങളും ഉള്ള വീരസ്വർഗ്ഗം) ഉള്ള യാത്രയായിരുന്നു.



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

🐓 🐓 🐓 കുക്കുടപുരാണം; അഥവാ “കോഴിക്കഥ” 🐓🐓🐓

ഇതോ മനുഷ്യന്‍ ? സത്യങ്ങള്‍ Book Review: Primo Levi

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി