1932 ലെ എമു മഹായുദ്ധം-ജോ ജോസഫ് മുതിരേരി

 
Joe Joseph

സൈനിക ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സംഘർഷങ്ങളിലൊന്നാണ് 1932-ൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടന്നത് . ഓസ്ട്രേലിയൻ സർക്കാർ യന്ത്രതോക്കുകളുമായി പരിപൂർണ്ണ യുദ്ധ സജ്ജരായ സൈനികരുടെ ഒരു യൂണിറ്റ്നെ  തന്നെ അപൂർവ്വത്തിൽ അപൂർവ്വം ഒരു ശത്രുവിനെ നേരിടാൻ അയച്ചു ; ആയിരക്കണക്കിന് എമു പക്ഷികൾ ആയിരുന്നു ആ മഹാ ശത്രുക്കൾ .


ആസ്ട്രേലിയയുടെ ചരിത്രത്തിൽ ഇത് അറിയപ്പെടുന്നത് "ഗ്രേറ്റ് എമു യുദ്ധം" എന്ന പേരിലാണ്. ഈ യുദ്ധത്തിന്റെ ഏറ്റവും രസകരമായ വശം എന്തെന്നാൽ ലോക മിലിറ്ററി ചരിത്രത്തിൽ തന്നെ ഒരു പട്ടാള ഫോഴ്സ് പക്ഷികളോട് തോറ്റ് തുന്നംപാടിയത് ആദ്യമായി ആസ്ട്രേലിയയിൽ തന്നെയാണ് . പക്ഷികളുടെ തന്ത്രപരമായ യുദ്ധത്തിന് മുന്നില്‍ സൈനികർ പരാജയപ്പെട്ടു. ഇത് സൈനിക ചരിത്രത്തിലെ ഏറ്റവും അപമാനകരമായ പരാജയങ്ങളിലൊന്നായി അറിയപ്പെടുന്നു. 


ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ആണ് സംഭവം നടക്കുന്നത്. ലോക മഹായുദ്ധം കഴിഞ്ഞു വന്ന പട്ടാളക്കാർക്ക് സർക്കാർ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ കൃഷിനിലങ്ങൾ സൗജന്യമായി പതിച്ചു നൽകിയിരുന്നു. രാജ്യത്തിന് ആവശ്യമായ  ധാന്യങ്ങൾ ഉത്പാദിപ്പിക്കുവാനും ഗോതമ്പ് കൃഷി ഊർജ്ജിതമാക്കുവാനും ഉദ്ദേശിച്ചായിരുന്നു എസ്റ്റേറ്റുകളായി ഇങ്ങനെ ഭൂമി പട്ടാളക്കാർക്ക് പതിച്ചു നൽകിയിരുന്നത് .

കഠിനധ്വാനികൾ ആയ അവർ തങ്ങൾക്ക് കിട്ടിയ എസ്റ്റേറ്റുകളിൽ എല്ലാം ഗോതമ്പ് മുതൽ സകല ധാന്യങ്ങളും പഴവർഗ്ഗങ്ങളും വിളയിച്ച് എസ്റ്റേറ്റുകൾ എല്ലാം മികച്ച കൃഷിയിടങ്ങൾ ആക്കി മാറ്റി എടുത്തു . പക്ഷേ 1930-കളിൽ ലോകമാന്ദ്യം കാരണം ഗോതമ്പിന്റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 


കൂടാതെ, കഠിനമായ വരൾച്ച വിളകളെ ദുർബലമാക്കി, പലതും നശിച്ചു , മറ്റ് സാധാരണ കർഷകർക്ക് ജീവിക്കാൻ കഴിയാതെയാക്കി.എന്നാൽ പട്ടാളക്കാർക്ക് നൽകിയ എസ്റ്റേറ്റുകളിൽ ജലസേചന സൗകര്യവും സർക്കാരിന്റെ അനേക സബ്സിഡികളും ഉണ്ടായിരുന്നത് കൊണ്ട് വരൾച്ചയും കൃഷി നാശവും അവരെ അധികം ബാധിച്ചതേ ഇല്ല. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ക്യാംപ്യൻ ജില്ലയിൽ ആയിരുന്നു ഈ എസ്റ്റേറ്റുകൾ അധികവും.

ഈ പ്രതിസന്ധിയിൽ, ഓസ്ട്രേലിയയിൽ പരക്കെ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് എമു പക്ഷികളിൽ ഏകദേശം 20,000  എമുക്കൾ ഭക്ഷണത്തിനായി ഈ സമൃദ്ധമായ എസ്റ്റേറ്റുകളിലേക്ക് കുടിയേറി. 


പുതുതായി വളർത്തിയ ഗോതമ്പ് വയലുകൾ മുതൽ പച്ചക്കറികൾ മറ്റ് ധാന്യങ്ങൾ എന്നിവ യഥേഷ്ടം എമുക്കൾ ഭക്ഷണമാകുകയും, വേലികൾ തകർത്ത് വിളകൾ നശിപ്പിക്കുക മാത്രമല്ല വലിയ ശരീരം കൊണ്ട് മുള്ളുവേലികൾ പുല്ലുപോലെ തകർത്തത് കൊണ്ട്, ആ അവസരം മറ്റ് മുയലുകൾ എലികൾ എന്നിവയും മുതലെടുത്തു. അവയും പെറ്റ് പെരുകി. 


എമുക്കളെ പേടിച്ച് ഇരപിടിയൻമാരായ കുറുക്കന്മാർ ചെന്നായ്ക്കൾ എന്നിവ പ്രദേശത്തേക്ക് അടുക്കാതായി, എമുക്കൾ കൂട്ടമായി ഓടിച്ചിട്ട് കൊത്തും മാന്തും ആക്രമിക്കും. ചുരുക്കത്തിൽ സേതു മാധവന്റെ തണലിൽ ഹൈദ്രോസ് കൂടിയത് പോലെ എമുക്കൾ നൽകിയ തണലിൽ വെജിറ്റേറിയൻ ആയ എല്ലാ മൃഗങ്ങളും കൂടി തഴച്ചു വളർന്നു -  കൃഷിയിടങ്ങളുടെ കാര്യം തവിട് പൊടി.


നിരാശരായ കർഷകർ സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചു. "എമുക്കൾക്ക് മനുഷ്യരെയും പേടിയില്ലായിരുന്നു മുതലാളി തൊഴിലാളി വ്യത്യാസം ഇല്ലാതെ നേരും നെറിയും ഇല്ലാതെ തനി എമു ഗുണ്ടാ വിളയാട്ടം തന്നെ. ക്രമ സമാധാനം ആകെ തകർന്നു . ഒറ്റയ്ക്ക് ഒറ്റയ്ക്ക് നേരിടാമെന്ന് കരുതിയാൽ എമുക്കൾ കൂട്ടമായി ആക്രമിക്കും. 


ഒടുവിൽ എസ്റ്റേറ്റ് ഉടമകളുടെ അപേക്ഷകളും പരാതികളും പരിഗണിച്ച് എമുക്കളെ ഇല്ലാതാക്കാൻ സർക്കാർ യന്ത്രതോക്കുകളുമായി ഒരു സൈനിക യൂണിറ്റ്നെ തന്നെ ആ പ്രദേശത്തേക്ക് അയച്ചു.


1932 നവംബറിൽ, മേജർ ജി.പി.ഡബ്ല്യു. മെറഡിത്ത് നേതൃത്വം വഹിച്ച സൈനിക യൂണിറ്റ് രണ്ട് ലൂയിസ് യന്ത്രതോക്കുകളും 10,000 വെടിയുണ്ടകളുമായി വയലുകളിലെത്തി. എളുപ്പത്തിൽ എല്ലാത്തിനെയും വെടിവെച്ച് കൊല്ലാമെന്നും കുറെ  എണ്ണത്തിനെ ഇറച്ചി ആക്കാം എന്നും ഒക്കെ 

പ്രതീക്ഷിച്ച സൈനികർ, പക്ഷേ, എമുക്കളുടെ സംഘ ശക്തിയെ വളരെ വിലകുറച്ചാണ് കണ്ടത്.

ആദ്യ ഏറ്റുമുട്ടലിൽ, വെറുതെ ചുറ്റിത്തിരിഞ്ഞ് വെടി പറഞ്ഞ് നിന്നിരുന്ന ഒരു വലിയ എമു കൂട്ടത്തിന് നേരെ സൈനികർ വെടിയുതിർത്തു. എന്നാൽ, പക്ഷികൾ പെട്ടെന്ന് വിവിധ ദിശകളിലേക്ക് ചിതറി ഓടി . തലങ്ങും വിലങ്ങും ഓടുന്ന നാടൻ പശുവിന്റെ വലിപ്പമുള്ള നൂറുകണക്കിന് എമുക്കൾ കാരണം കൃത്യമായി ഉന്നം പിടിച്ചു വെടിവെക്കൽ അസാധ്യമായി . വെടി നിർത്തി തോക്കുകൾ റീലോഡ് ചെയ്യുന്ന സമയത്തിനുള്ളിൽ തലങ്ങും വിലങ്ങും ഓടിയ എമുക്കൾ ഒറ്റ കെട്ടായി ബന്ധുക്കളെ അടക്കം വിളിച്ച് നാല് ഭാഗത്ത് നിന്നും പട്ടാളക്കാരുടെ നേരെ പാഞ്ഞു വരികയും ചാടി വീഴുകയും തൊഴിക്കുകയും മാന്തുകയും ചെയ്തു മേജർ അടക്കം ഉള്ള പട്ടാളക്കാർക്ക് പലർക്കും പല സ്ഥാനങ്ങളിലും കൊത്തും , മാന്തും കിട്ടി. , വലിയ കൊക്കുകൾ ഉള്ളത് കൊണ്ട് കൊത്തിയ ഭാഗത്ത് വലിയ തുളകൾ വരെ ഉണ്ടായി. രക്ത രൂക്ഷിത യുദ്ധം. എമു ഭാഷയിൽ യുദ്ധ കാഹളം മുഴക്കി ഉറക്കെ തെറികൾ പറഞ്ഞ് അലറിക്കൊണ്ടായിരുന്നു എമുക്കളുടെ ഈ കൂട്ട ആക്രമണം. വെറും പക്ഷികൾ എന്ന് പട്ടാളക്കാർ കരുതിയ എമുക്കളുടെ അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ പട്ടാളക്കാർ ആകെ പകച്ചു പോയി. 


പിസ്റ്റളുകൾ എടുത്ത് വെടിവെക്കലും അസാധ്യമായി. ഒന്നാമത് ഇവറ്റകൾ തലങ്ങും വിലങ്ങും ഓടുന്നു ,  രണ്ടാമത് അവയുടെ കട്ടിയുള്ള തൂവലുകളും ശക്തമായ കാലുകളും കൊണ്ട് വെടിയുണ്ട കൊണ്ടാലും ഉടൻ ചത്തു വീഴുന്നുമില്ല , നല്ല നഖങ്ങൾ ഉള്ള കാലുകൾ കൊണ്ട് പട്ടാളക്കാരെ ചാടി തൊഴിക്കുകയും കൊത്തുകയും ചെയ്യുന്നു . പല പട്ടാളക്കാർക്കും മാരകമായ പരിക്കുകൾ പറ്റി ഒന്നോ രണ്ടോ എമുക്കൾ ചത്തു.വെടിയേറ്റ എമുക്കൾ പോലും ധീരൻ മാരായ ഗ്ലാഡിയേറ്റർ മാരെപോലെ അക്രമം തുടർന്നു. 


പക്ഷികളുടെ വേഗതയും ചുറുചുറുക്കും മനസ്സിലാക്കിയ സൈനികർ തന്ത്രം മാറ്റി. ഒരു ട്രക്കിൽ യന്ത്രതോക്ക് ഘടിപ്പിച്ച് എമുക്കളെ പിന്തുടർന്നു. എന്നാൽ ഈ തന്ത്രവും പരാജയപ്പെട്ടു. കുത്തനെയുള്ള ഇറക്കങ്ങൾ , ഉയർന്നു താണ ഉരുളൻ കല്ലുകൾ നിറഞ്ഞ പ്രദേശങ്ങൾ എന്നിവയിലൂടെ നിഷ്പ്രയാസം ഹുസൈൻ ബോൾട്ടിനെ പോലെ ഓടുന്ന എമുക്കളുടെ പിന്നാലെ കൃത്യമായി ഉന്നം പിടിച്ച് വെടിവെക്കാൻ പോയിട്ട് വണ്ടി ഓടിക്കുവാൻ പോലും പറ്റാത്ത അവസ്ഥയായി , ഓടുന്ന വണ്ടിയിൽ ഇരുന്നു ഏതോ എമുവിന് വെച്ച വെടി അടുത്തുള്ള എമേഴ്സന് കൊള്ളുന്ന അവസ്ഥ. ട്രക്കുകൾ പതിയെ ആക്കി പട്ടാളക്കാർ ഉന്നം വെച്ച് വരുമ്പോഴേക്കും എമുക്കൾ എല്ലാം എവിടെയോ പോയി ഒളിക്കും . പ്രദേശത്തിന്റെ ഭൂമിശാസ്ത്രം വെടിവെക്കാൻ തടസ്സമാകുകയും, പല എമുക്കളും ഓടുന്ന പട്ടാള ട്രക്കിനെ ഓടി മറികടന്ന് പരിഹസിച്ചു കൊണ്ട് പിന്നെയും ഓടി മറയുകയും ചെയ്യുന്ന അവസ്ഥ.


ഏതാനും ആഴ്ചകളിലെ ഏറ്റുമുട്ടലുകൾക്ക് ശേഷവും, അവറ്റകളുടെ എണ്ണം കുറയ്ക്കാൻ സൈനികർക്ക് കഴിഞ്ഞില്ല. 20 വെടിവച്ചാൽ ഒരു എമു മാത്രമേ വീഴുന്നുള്ളൂ എന്ന റിപ്പോർട്ടുകൾ ഈ പരാജയത്തിന്റെ ദാരുണ അവസ്ഥ വെളിവാക്കി.


1932 ഡിസംബർ ആദ്യത്തോടെ സർക്കാർ ഈ ഓപ്പറേഷൻ പരാജയമായി പ്രഖ്യാപിച്ച് സൈനികരെ പിൻവലിച്ചു. ഇതിനു ശേഷം ഒരു ഓസ്ട്രേലിയൻ രാഷ്ട്രീയക്കാരൻ പാർലമെന്റിൽ തമാശയായി പറഞ്ഞുവത്രേ “ ഇനി എമുക്കൾ എങ്ങാനും എവിടുന്നെങ്കിലും തോക്കുകളും സംഘടിപ്പിച്ചു വന്നാൽ ആസ്ട്രേലിയയുടെ കാര്യം കട്ടപ്പൊക ആകുമല്ലോ ,PM .”


ഈ മിലിട്ടറി പരാജയത്തിന് ശേഷം സർക്കാർ മറ്റു മാർഗങ്ങൾ തേടുകയായിരുന്നു , എമുക്കളുടെ എണ്ണം നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ പ്രൈവറ്റ് വേട്ടക്കാരെ ഏൽപ്പിക്കുകയും വെടിവെച്ചിടുന്ന ഓരോ എമുക്കൾക്കും പാരിതോഷികം പ്രഖ്യാപിക്കുകയും നാട്ട് കാർക്ക് വെടിവെക്കാൻ ഉള്ള അനുവാദവും തോക്കും അനുവദിക്കുകയും കൂടുതൽ മുതൽമുടക്കി വേലികൾ നന്നാക്കുകയും ചെയ്യേണ്ടി വന്നു . 


എമു മഹാ യുദ്ധം ഇന്നും മിലിറ്ററി വാർ ഹിസ്റ്ററിയിൽ പാഠപുസ്തകം ആയി നിൽക്കുന്നുണ്ട് . യുദ്ധത്തിൽ വ്യക്തമായി പ്ലാനിംഗ് ഇല്ലെങ്കിൽ, യുദ്ധം ചെയ്യുന്ന ഭൂമിയുടെ സ്വഭാവം കണക്കിലെടുക്കാതെ ഉള്ള പ്ലാനിംഗ് ആണെങ്കിൽ , ശത്രുവിന്റെ സ്വഭാവം മനസിലായില്ല എങ്കിൽ ഏത് വലിയ പടയും പരാജയപ്പെടും എന്നതിന്റെ മികച്ച ഉദാഹരണം . എത്ര വലിയ പട്ടാളം ആണെങ്കിലും , വേഗത , പ്രതിരോധം , അപ്രതീക്ഷിത പ്രത്യാക്രമണം എന്നിവ കൈമുതലായി ഉണ്ടായിരുന്നത് കൊണ്ട് പക്ഷികളുടെ മുമ്പിൽ പട്ടാളം തോറ്റു. 


Joe 


(Source : The book of the same name, & Documentary)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph