ബ്ലാക്ക് ഹോളിൽ ( തമോഗർത്തം) വീണാൽ എന്ത് സംഭവിക്കും. ?

 
തമോഗർത്തങ്ങൾ കുറിച്ച് നമുക്ക് എത്ര അറിയാം ? ഒന്നിൽ വീണു പോയാൽ എന്ത് സംഭവിക്കും ? ഭൂമിയിൽ ജീവിച്ചു ബോറടിച്ച നിങ്ങൾ ഒരു ദിവസം സ്പേസ് ഷട്ടിലും ബ്രാണ്ടിയും ടച്ചിങ്‌സും ഒക്കെ എടുത്ത് പ്രപഞ്ചം ചുറ്റാൻ ഇറങ്ങി എന്ന് കരുതുക. കേട്ടറിഞ്ഞ ഒരു തമോഗർത്തം ഒന്ന് ചുറ്റി കറങ്ങി വരാം എന്നാണ് ലക്‌ഷ്യം. അതിൽ വീണാൽ നിങ്ങൾക്ക് എന്ത് സംഭവിക്കും ? തിരിച്ചു വരാൻ സാധിക്കുമോ ? അതോ മറ്റേതെങ്കിലും ലോകത്തേക്കോ ഡയമൻഷനിലേക്കോ ഉള്ള വാതിൽ ആണോ തമോ ഗർത്തങ്ങൾ ??

1915 ൽ ഐൻസ്റ്റൈൻന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി നൽകിയ സൂചനകൾ അനുസരിച്ച് 1916 ൽ കാൾ ഷോസ്ചൈൽഡ് ആണ് ഇവയ്ക്ക് പൂർണ രൂപം നൽകിയത്. ഇവർപറയുന്നതനുസരിച്ച് വലിയ പിണ്ഡം ഉള്ള നക്ഷത്രങ്ങൾ മരിക്കുമ്പോൾ അവയുടെ കാമ്പ്ചുരുങ്ങി ചുരുങ്ങി അതിഭീമമായ ഗ്രാവിറ്റിസൃഷ്ട്ടിച്ച് അവസാനം തമോഗർത്തങ്ങൾ ആവുന്നു . ഈ ഭീകരന്റ ആകർഷണ ശക്തിയിൽ നിന്ന് പ്രപഞ്ചത്തിൽ യാതൊന്നും രക്ഷപ്പെടില്ല - പ്രകാശം പോലും. തമോഗർത്തങ്ങൾ യഥാർത്ഥത്തിൽ ഗർത്തങ്ങൾ അല്ല. ഗ്രാവിറ്റി ആണ് ഇവിടുത്തെ രാജാവ്. വലിയ പിണ്ഡം ഉള്ള നക്ഷത്രങ്ങൾ വളരെ ചെറിയ പോയിന്റിലേക്ക് ചവിട്ടി കൂട്ടിയാൽ തമോഗർത്തങ്ങൾ ഉണ്ടാകും എന്ന് വളരെ ലളിതമായി പറയാം . ഉദാഹരണത്തിന് നമ്മുടെ സൂര്യൻ തന്നെ. ഭൂമിയെക്കാൾ വളരെ വളരെ വലുതാണ് . ഏകദേശം 13 ലക്ഷം ഭൂമികൾ സൂര്യനിൽ ഫിറ്റ് ചെയ്യാം . സൗരയൂഥത്തിന്റെ മൊത്തം ഭാരത്തിന്റെ 99.86% സൂര്യന്റെ ആണ് . ബാക്കി .14% വ്യാഴം ശനി എന്നീ ഭീമൻ മാരുടെയും. ഭൂമിയുടെ ഭാരം കൂട്ടി നോക്കാൻ പോലും ഇല്ല . ഫുട്ബോളിൽ ഇരിക്കുന്ന കൊതുക് ഒരു ഭാരം ആണോ ! ഗ്രാവിറ്റിയും വ്യത്യാസം ആണ് : 80 കിലോ ഉള്ള നിങ്ങൾ വ്യാഴത്തിൽ എത്തിയാൽ 189 കിലോ ആകും . പ്ലൂട്ടോയിൽ എത്തിയാൽ 5 കിലോ ആകും . സൂര്യനിൽ എത്തിയാൽ 2165.76 KG ആകും. ഇത്ര ഭീമാകാരൻ ആണ് നമ്മുടെ സൂര്യൻ . ഇങ്ങനെ ഉള്ള നാല് സൂര്യന്മാരെ ഏകാദേശം 25 കിലോ മീറ്ററിനുള്ളിൽ കുത്തി തിരുകി തിക്കി ഞെരുക്കി ചളുക്കി ഒതുക്കാൻ പറ്റിയാൽ ഒരു തമോഗർത്തം ഉണ്ടാക്കാം. പ്രകാശം പോലും രക്ഷപ്പെടില്ലാത്ത തമോഗർത്തങ്ങളെ എങ്ങനെ കണ്ടു പിടിക്കാം ? കാഴ്ചക്ക് പ്രകാശം വേണമല്ലോ ! വഴിയുണ്ട് . തമോഗർത്തങ്ങൾ വായു ഗുളിക പോലെ വിഴുങ്ങുന്ന ഭീമൻ നക്ഷത്രങ്ങൾ ആകാശ ഗോളങ്ങൾ എന്നിവഒകെ അകത്താക്കി അവ ഭീമൻ ഏമ്പക്കം വിടാറുണ്ട്. പുറത്തേക്ക് വിടുന്ന ഗാമ തരംഗങ്ങളുടെ ഈ ഏമ്പക്കത്തെ (വിസ്ഫോടനത്തെ) " ഹോക്കിങ്‌സ് റേഡിയേഷൻ" എന്നാണ് വിളിക്കുന്നത്. വിഖ്യാതശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ് ആണ് ഇത് ആദ്യമായി പ്രവചിച്ചത്. തമോഗർത്തങ്ങളിൽ വീണാൽ ഉള്ള സാങ്കല്പിക അവസ്ഥ നമുക്കൊന്ന് നോക്കാം. അവയോട് അടുത്ത്കൊണ്ടിരിക്കുമ്പോൾ തന്നെ ചുറ്റുമുള്ള നക്ഷത്രങ്ങൾ മറ്റു ഗോളങ്ങൾ മേഘങ്ങൾ പ്രാപഞ്ചിക ധൂളി പടലങ്ങൾ എല്ലാം ഡിസ്ക് പോലെ ഒരു പ്രത്യേക കേന്ദ്രത്തെ തന്നെ ചുറ്റുന്നത് കാണാം. പതിയെ നമ്മൾ ആ വൃത്തത്തിനുള്ളിൽ പ്രവേശിച്ചു എന്നിരിക്കട്ടെ - പെട്ടു . ഇതിനെയാണ് " event ഹൊറൈസൺ " എന്ന് വിളിക്കുന്നത് . ഒന്ന് കൂടി വ്യക്തമാക്കിയാൽ " ഒരിക്കലും മടക്കയാത്ര സാധ്യമല്ലാത്ത ഇടം ( point of no return). ഡിസ്കിന്റെ കേന്ദ്രത്തിലേക്ക് അടുക്കും തോറും നമ്മുടെ വേഗത കൂടും. ചെറിയ തമോഗർത്തങ്ങൾ ഉദാ - 25 കിലോമീറ്റർ വ്യാസം ഉള്ളവ ഒക്കെ ആണെങ്കിൽ വളരെ വേദനാ ജനകം ആയിരിക്കും ഇനി അങ്ങോട്ട് കാരണം നിങ്ങളുടെ കാൽ ആണ് മുൻപിൽ ഉള്ളത് എങ്കിൽ ആദ്യം കാൽ ആണ് വലിച്ചു നീട്ടി അടുപ്പിക്കുക പിന്നെയെ തലയും ശരീരവും വലിച്ചു നീട്ടൂ . റബ്ബർ ബാൻഡ് പോലെ നിങ്ങളുടെ ശരീരം വലിച്ചു നീട്ടി കീറി പൊളിക്കുന്ന അത്ര കഠിനമായ ഗ്രാവിറ്റി. ശാസ്ത്രജ്ഞർ ഇതിനെ "സ്പാഗെറ്റിഫികേഷൻ " എന്ന് പറയും . നമ്മുടെ നൂഡിൽസ് പോലെ വലിച്ചു നീട്ടി നൂല് പോലെ ഒരു പരുവം ആക്കുന്ന പരിപാടി തന്നെ . ഇത്തരം വേദന ഉണ്ടാക്കുന്ന 😜ചെറിയ തമോഗർത്തങ്ങളെ " സ്റ്റെല്ലാർ ബ്ലാക്ക്ഹോൾസ് " എന്നാണ് വിളിക്കാറ് . അത് കൊണ്ട് ഇറങ്ങുമ്പോൾ വലിയ തമോഗർത്തങ്ങളിൽ തന്നെ ഇറങ്ങാൻ ശ്രദ്ധിക്കണം. എവിടെ കണ്ടെത്തും ? പേടിക്കണ്ട നമ്മുടെ ആകാശഗംഗയുടെ നടുമുറ്റത്ത് തന്നെയുണ്ട് ഒരു എമണ്ടൻ "സൂപ്പർ മാസ്സിവ് ബ്ലാക്ക്ഹോൾസ്." പത്തുലക്ഷം സൂര്യൻമാരുടെ വലുപ്പം എങ്കിലും ഉണ്ട് ഈ ഭീമാകാരന്. ഇത്തരം ഭീമന്മാരിൽ ഇറങ്ങിയാൽ പഴയപോലെ അത്ര വേദന അറിയില്ല കാരണം കാലും തലയും ഒക്കെ ഒരേ സമയം ഉള്ളിൽ എത്തും. (വാക്യും ക്ളീനറിൽ വിരൽ കുടുങ്ങുന്ന അവസ്ഥയും നയാഗ്ര വെള്ളച്ചാട്ടത്തിൽ വീഴുന്ന അവസ്ഥയും തമ്മിലുള്ള വ്യത്യാസം )നമ്മുടെ നക്ഷത്ര കൂട്ടുകുടുംബത്തിൽ ഉള്ള ഈ തമോഗർത്തം ഭൂമിയെ നശിപ്പിക്കുമോ ? തൽക്കാലം പേടിക്കണ്ട. 160 ക്വാട്രില്യൻ മൈലുകൾക്ക് അപ്പുറം സജിറ്റേറിയസ് A എന്ന നക്ഷത്ര കൂട്ടങ്ങളുടെ അടുത്തായാണ് ഇവന്റെ താവളം. അവിടെ എത്തി . ഇറങ്ങി നോക്കാം. "ഇവന്റ് ഹൊറൈസൺ " കഴിഞ്ഞു . പണി തുടങ്ങിയിട്ടേ ഉള്ളു. അതി ഭീമമായ ഗ്രാവിറ്റി നിങ്ങളെ വലിച്ചു കൊണ്ട് പോകുകയാണ്. കേന്ദ്രത്തിലെ ഭീമമായ ചൂട് റേഡിയേഷൻ എല്ലാം കൊണ്ട് നിങ്ങൾ മരിച്ചു കഴിഞ്ഞു പിന്നെയും പോയി താഴെ എല്ലാ നക്ഷത്രങ്ങളും മറ്റു വസ്തുക്കളും എല്ലാം ചേരുന്ന ആ സിംഗിൾ പോയിന്റിൽ "സിംഗുലാരിറ്റി" യിൽ എത്തി നിങ്ങൾ എന്നെന്നേക്കുമായി "ഒന്നായി" (one )മാറി. ആരോടും ഒന്നും പറയാൻ ഇല്ല - കഴിയില്ല. പക്ഷെ പുറത്തു നിന്ന് നിങ്ങളെ നിരീക്ഷിക്കുന്ന ഒരു വ്യക്തിക്ക് നിങ്ങളുടെ അനുഭവം ആയിരിക്കില്ല കാണുന്നത് . തമോ ഗർത്തത്തിലേക്ക് അങ്ങനെ വീണു ഒഴുകി പോകുന്ന നിങ്ങൾ പതിയെ പതിയെ ചുവന്ന നിറത്തിൽ ആകുന്നതും പിന്നെ പ്രതിമപോലെ മരവിച്ചു നിശ്ചലമായി നിൽക്കുന്നതും ആയിരിക്കും കാണുക . കാരണം സമയവും കാലവും തമോഗർത്തത്തിനുള്ളിൽ അവയുടെ ജോലികൾ പരസ്പരം കൈമാറുന്നു എന്ന് ഐൻസ്റ്റൈൻ പറയുന്നത് . മുൻപോട്ട് നീങ്ങുന്ന സമയം നിശ്ചലമാകുകയും നിശ്ചലമായ കാലം മുൻപോട്ട് ഒഴുകുകയും ചെയ്യും കാരണം തമോഗർത്തങ്ങളുടെ അതി ഭീമൻ ഗ്രാവിറ്റി കാലത്തിന്റെയും സമയത്തിന്റെയും വലയെ വളച് ഒറ്റ കേന്ദ്രത്തിൽ എത്തിക്കും. അവസാനം തമോഗർത്തങ്ങളും ഊർജം തീർന്ന് മരിക്കും. വിഴുങ്ങിയ എല്ലാ വസ്തുക്കളും വലിയൊരു ഏമ്പക്കത്തിൽ ഗ്യാസായി പുറത്തു വിട്ട് അവസാനിക്കും. അതിൽ പെട്ടുപോയ നിങ്ങളോ ?
സ്റ്റീഫൻ ഹോക്കിങ്‌സ് പറയുന്നു വിഭിന്നപ്രപഞ്ച സിദ്ധാന്തം ( multiverse ) അനുസരിച്ച് . മഹാ വിസ്ഫോടനത്തിലൂടെ ഒറ്റ പ്രപഞ്ചം മാത്രമല്ല ഉണ്ടായത് മറിച്ച് അനേക പ്രപഞ്ചങ്ങൾ ഉണ്ടായിരിക്കാം . അങ്ങനെ ആണെങ്കിൽ നാം ഏക പ്രപഞ്ചം എന്ന് ധരിച്ചത് തെറ്റായിരിക്കാം ( universe ) അനേക പ്രപഞ്ചങ്ങളിൽ നിങ്ങളുടെ തന്നെ അനേക കോപ്പികൾ പരസ്പരം അറിയാതെ യാതൊരു സാധ്യത പോലും ഇല്ലാതെ ഓരോ ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നുണ്ടായിരിക്കാം . അങ്ങനെ ആണെങ്കിൽ പേടിക്കണ്ട . നിങ്ങൾ ജീവിച്ചിരുന്ന ലോകത്ത് ഉണ്ടായിരുന്ന തമോഗർത്തത്തിൽ ആണ് നിങ്ങൾ വീണത് . മറ്റ് പ്രപഞ്ചങ്ങളിൽ ( parallel Universes) നിങ്ങൾ ഈ കുരുക്കിൽ വീണില്ല അപ്പോൾ ആ ലോകങ്ങളിൽ നിങ്ങൾക്ക് നിങ്ങളായി ജീവിക്കാം . നമ്മുടെ ഈ ലോകവുമായി ഒരിക്കലും ബന്ധപ്പെടാൻ ആവാതെ. ഒരിക്കലും തിരിച്ചു വരാൻ ആവാതെ വേറെ ഏതോ ലോകത്ത് അങ്ങനെ ജീവിച്ചു തീരാം .


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph