പ്ലസിബോ എന്ന അത്ഭുതം

 

നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ആശയക്കുഴപ്പത്തിലാക്കിയ കൗതുകകരമായ ഒരു പ്രതിഭാസമാണ് “പ്ലസിബോ ഇഫക്റ്റ്.” (Placebo Effect) ചികിത്സ എന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലാതെ തന്നെ, അല്ലെങ്കിൽ യാതൊരു യുക്തിയും ഇല്ലാത്ത ചികിത്സ ആണെങ്കിലും അത് ഒരു രോഗിയിൽ ഉണ്ടാക്കുന്ന പ്രയോജനകരമായ ഫലങ്ങളെ പൊതുവില്‍ “പ്ലസിബോ ഇഫക്റ്റ്” എന്ന് പറയാം.ഗുളിക ആണെന്ന് പറഞ്ഞ് മിഠായി കൊടുത്തിട്ട് തലവേദന മാറിയ സംഭവങ്ങള്‍ ഉണ്ട്. മദ്യം മിക്സ് ചെയ്തത് എന്ന് പറഞ്ഞു സാദാ കൊക്കകോള കൊടുത്തിട്ട് അത് കുടിച്ച് പൂസായവര്‍ ഉണ്ട്. മരുന്നാണ് എന്ന് പറഞ്ഞ് ഏതോ ഇല തിന്നിട്ട് അസുഖം മാറിയ രോഗികള്‍ ഉണ്ട്. പ്രേതങ്ങള്‍ ഉണ്ട് എന്ന് ആളുകള്‍ വിശ്വസിക്കുന്ന സ്ഥലങ്ങളില്‍ ആരെങ്കിലും അവയെ കണ്ടിട്ടുണ്ടാവും.

 

നമ്മുടെ പല വൈദ്യന്‍മാരും വിഷഹാരികളും പാരമ്പര്യ മര്‍മ്മാണി ചികിത്സകരും നാട്ടിന്‍പുറങ്ങളില്‍ ഉള്ള ഞരമ്പ്, അസ്ഥി,മസില്‍, പിടിച്ചിടല്‍ വിദഗ്ദരും ജീവിച്ചുപോകുന്നത് കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇല്ലാത്ത പ്ലസിബോ കൊണ്ട് തന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശരീരത്തെ സുഖപ്പെടുത്താനുള്ള മനസ്സിന്‍റെ ശക്തിയാണ് പ്ലാസിബോ.

വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന "പ്ലസിബോ" എന്ന വാക്കിന്‍റെ ഉദയം ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ നിന്നാണ്. നാലാം നൂറ്റാണ്ടില്‍ ബൈബിള്‍ ലാറ്റിനിലേക്ക് മൊഴിമാറ്റിയ വിശുദ്ധ ജെറോം ആണ് ആദ്യമായി ഈ വാക്ക് ബൈബിളില്‍ ഉപയോഗിച്ചത് “placebo Domino in regione vivorum (118:8-9). (“ഞാന്‍ സന്തോഷിപ്പിക്കും” Domino- ദൈവം) എങ്കിലും വൈദ്യശാസ്ത്രത്തിൽ ഈ പദം ആദ്യമായി ഉപയോഗിച്ചത് പതിനെട്ടാം നൂറ്റാണ്ട് മുതലാണ്. ചികിത്സാ മൂല്യമില്ല എന്ന് ഡോക്ടര്‍ക്ക് അറിയാം എങ്കിലും ഒരു രോഗിയെ സമാധാനപ്പെടുത്തുന്നതിനോ അവരുടെ ആഗ്രഹം തൃപ്തിപ്പെടുത്തുന്നതിനോ ഉപയോഗിക്കുന്ന നിര്‍ഗുണ “മരുന്നിനെ” സൂചിപ്പിക്കാന്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. പിന്നീട് ഇതില്‍ അനേകം പഠനങ്ങളും പരീക്ഷണങ്ങളും നടന്നിട്ടുമുണ്ട്.

 

പുതിയ മരുന്നുകളുടെയും ചികിത്സകളുടെയും ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പ്ലാസിബോസ് ഉപയോഗിച്ചുവരുന്നുണ്ട്. വാസ്തവത്തിൽ  ഈ മരുന്നാണു ഈ രോഗത്തിന് ഏറ്റവും നല്ലത് എന്ന് നിങ്ങളുടെ ഡോക്ടർ നിങ്ങളോട് പറയുമ്പോഴെല്ലാം ആ മരുന്നിനെക്കാള്‍ നിങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്ന ആ ഡോക്ടറുടെ വാക്കാണ്‌ നിങ്ങളെ സുഖപ്പെടുത്തുന്നത്. ഒരു കാലത്ത് പുനത്തില്‍ കുഞ്ഞബ്ദുള്ള ഡോക്ടറെ കാണാന്‍ പോകാത്ത വയനാട്ടു കാര്‍ ഉണ്ടായിരുന്നോ!

ഈ പ്രഭാവം എങ്ങനെ പ്രവർത്തിക്കുന്നു? കൃത്യമായ മെക്കാനിസം ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല, പക്ഷേ മസ്തിഷ്കം, രോഗപ്രതിരോധ സംവിധാനം, എൻഡോക്രൈൻ സിസ്റ്റം (reference) എന്നിവ തമ്മിലുള്ള ചില സങ്കീർണ്ണ പരസ്പരബന്ധം ആണ് കാരണം എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.

പ്ലാസിബോ പ്രഭാവം ഒരു “self-fulfilling prophecy”  യുടെ രൂപമാണ്. ചികിത്സയിലുള്ള രോഗിയുടെ ചികിത്സയിലും ഡോക്ടറിലും ഉള്ള വിശ്വാസം രോഗശാന്തിയെ വളരെ വലിയ രീതിയില്‍ സ്വാധീനിക്കുന്നു എന്നതിന് തെളിവായി അനേക പഠനങ്ങളുടെ ഉദാഹരണങ്ങള്‍ ഉണ്ട്. ധ്യാനകേന്ത്രങ്ങളും, രോഗശാന്തി ശുശ്രൂഷകളും മന്ത്രവാദികളും ഉറുക്കും സാക്ഷാല്‍ കൃപാസനവും ഒക്കെ സുപ്പര്‍ ഹിറ്റ് ആകാന്‍ കാരണം വേറെ തിരയേണ്ട. ആയുര്‍വേദം അടക്കം ലോകത്തില്‍ ഉള്ള പല സമാന്തര ചികിത്സാരീതികളും നിലനില്‍ക്കുന്നതില്‍ പ്ലസിബോയുടെ പങ്ക് വളരെ വലുതാണ്.

കാരണം അറിയില്ല എങ്കിലും പ്ലസിബോ വൈദ്യശാസ്ത്രത്തിലെ ഒരു ശക്തമായ ടൂള്‍ ആയി ഉപയോഗിക്കാം എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥ ചികിത്സ സ്വീകരിക്കുന്ന ആളുകളുടെ ഫലങ്ങൾ പ്ലേസിബോ സ്വീകരിക്കുന്നവരുമായി താരതമ്യപ്പെടുത്തുന്നതിലൂടെ, ഗവേഷകർക്ക് ചികിത്സകൊണ്ട് തന്നെ എത്രത്തോളം പുരോഗതിയുണ്ടായെന്നും പ്ലേസിബോ ഇഫക്റ്റ് കാരണം എത്രരോഗികള്‍ സുഖപ്പെട്ടു എന്നും കൃത്യമായി പറയാന്‍ സാധിക്കും.

 

മനസ്സും ശരീരവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവയ്ക്ക് പരസ്പരം സ്വാധീനിക്കാൻ കഴിയുമെന്നും മാനസികവും സാമൂഹികവുമായ ഘടകങ്ങൾ ആരോഗ്യത്തിലും രോഗശാന്തിയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നും പ്ലാസിബോ സൂചിപ്പിക്കുന്നു. അതിലുപരി,ശാരീരികമായ ഇടപെടൽ മാത്രമാണ് ചികിത്സ എന്ന വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തെ വെല്ലുവിളിക്കുക കൂടിയാണ് പ്ലസിബോ.

വേദന, വിഷാദം എന്നിവ മുതൽ പാർക്കിൻസൺസ് രോഗം, ഉദരസംബന്ധിയായ രോഗങ്ങള്‍ എന്നിവയെ വരെ ചികിത്സിക്കുന്നതിൽ പ്ലസിബോസ് ഫലപ്രദമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വാസ്‌തവത്തിൽ, സുരക്ഷിതവും ചെലവുകുറഞ്ഞതും പാർശ്വഫലങ്ങളില്ലാത്തതും ആയതിനാൽ, ക്ലിനിക്കൽ പ്രാക്ടീസിൽ പ്ലാസിബോസ് കൂടുതലായി ഉപയോഗിക്കാമെന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ആദ്യമായി പ്ലസിബോ ഉപയോഗിച്ചത് ഒരു പക്ഷെ പ്ലേറ്റോ ആയിരിക്കും. തലവേദനയ്ക്ക് മരുന്നായി ഏതോ ഇല അരച്ചലേപനം കൊടുത്തിട്ട് അത് നെറ്റിയില്‍ പുരട്ടുന്നകൃത്യ സമയത്ത് ഉച്ചരിക്കേണ്ട ഒരു ‘മന്ത്രവും’ പ്ലേറ്റോ നിര്‍ദേശിക്കുന്നുണ്ട്. പുരട്ടുന്ന സമയത്ത് തന്നെ മന്ത്രം ഉച്ചരിക്കണം അല്ലാതെ ചെയ്‌താല്‍ തലവേദന മാറില്ല. അനേകം ആളുകളെ തലവേദന അങ്ങനെ പ്ലേറ്റോ മാറ്റിയിട്ടുണ്ട്. റമ്മിലോ നാടനിലോ കുരുമുളക്പൊടി ഇട്ട് രണ്ടെണ്ണം സേവിച്ചാല്‍ പനിയും ജലദോഷവും മാറും; (മാറില്ലേ?) പ്ലസിബോ!

 

സ്പാകളില്‍ ഉപയോഗിക്കുന്ന detox മെഷീനുകള്‍ പ്ലസിബോ ആണ്. തെളിഞ്ഞ വെള്ളത്തില്‍ കാല്‍ മുക്കി ഇരിക്കുന്ന രോഗി, മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പതിയെ തെളിഞ്ഞ വെള്ളം അഴുക്ക് നിറഞ്ഞത്‌ പോലെ തുരുമ്പിച്ച നിറം ആയി വരും. നമ്മുടെ ശരീരത്തില്‍ നിന്ന് അഴുക്ക് ഇറങ്ങിപോകുന്നതാണ് എന്ന് “ഡോകട്ടര്‍” ഉപഭോക്താവിനോട്‌ പറയും. ശരീരം ശുദ്ധമായി എന്ന ബോധത്തില്‍ സന്തോഷവാനായി രോഗി വീട്ടില്‍പോകും അല്‍പ്പം ഉപ്പുവെള്ളവും ഒരു യന്ത്രവും മാത്രം ഉപയോഗിച്ച് വന്‍ ലാഭം കൊയ്ത ഡോക്ട്ടര്‍ ഹാപ്പി.

ഓസ്‌കാർ വൈൽഡിന്‍റെ “ദ പിക്ചർ ഓഫ് ഡോറിയൻ ഗ്രേ” എന്ന നോവല്‍ പ്ലസിബോയ്ക്ക് ഏറ്റവും മികച്ച മറ്റൊരു ഉദാഹരണം.

പ്ലേസിബോ ഇഫക്റ്റ് നേരെ വിപരീതമായും പ്രവർത്തിക്കുമെന്ന് നിങ്ങൾക്കറിയാമോ? അത് ശരിയാണ്, ഇതിനെ "നോസെബോ ഇഫക്റ്റ്" (nocebo effect) എന്ന് വിളിക്കുന്നു. ഉദാഹരണത്തിന് ഡോക്ടര്‍ ഓക്കാനം അല്ലെങ്കിൽ തലകറക്കം ഒക്കെ ഉണ്ടാക്കുമെന്ന് പറഞ്ഞ് രോഗിക്ക് വെറും പഞ്ചസാര ഗുളിക കൊടുത്താലും രോഗിക്ക് ആ ലക്ഷണങ്ങൾ ഉണ്ടാകാന്‍ കൂടുതൽ സാധ്യതയുണ്ട്.


References:

1.    “You Are the Placebo: Making Your Mind Matter” Joe Dispenza.

2.  The fascinating story of placebos – and why doctors should use them .... https://theconversation.com/the-fascinating-story-of-placebos-and-why-doctors-should-use-them-more-often-149945.

 


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph