മാർസൽ പ്രൂസ്റ്റിന്‍റെ 'ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ടൈം'
കാലാതീതമായ സാഹിത്യകൃതികളുടെ പരിശുദ്ധ മണ്ഡലങ്ങളില്‍ നൈമിഷികതയെ മറികടന്ന്
അസ്തിത്വത്തിന്‍റെ സത്തയെ സ്പർശിക്കുന്ന ഒരു മാസ്മരിക താളം നിലവിലുണ്ട്: മാർസെൽ
പ്രൂസ്റ്റിന്‍റെ "ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ടൈം". "ഇതുവരെ
എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നോവല്‍ എന്നും ലോകത്തെ സ്വാധീനിച്ച
നോവൽ" എന്നും പലപ്പോഴും പ്രശംസിക്കപ്പെടുമ്പോഴും ഈ സ്മാരക കൃതി കേവലം ഒരു
ആഖ്യാനമല്ല, മറിച്ച് മനുഷ്യബോധത്തിന്‍റെ ഇടനാഴികളിലൂടെയുള്ള ഒരു മെറ്റാഫിസിക്കൽ യാത്രയാണ്
എന്ന് വീണ്ടും വീണ്ടും എനിക്ക് തോന്നുകയാണ്.
ഷെല്ലിയൻ കവിതയിലെ വരികൾക്ക് സമാനമായ, നിഗൂഢമായ സൗന്ദര്യവും കാലാതീതമായ ജ്ഞാനവും
കൊണ്ട് സന്നിവേശിപ്പിച്ച, ഓർമ്മയുടെയും വികാരങ്ങളുടെയും നൂലുകളാൽ സങ്കീർണ്ണമായി
നെയ്തെടുത്ത ഒരിക്കലും പുറത്തു കടക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമായ ഇടനാഴികളും
ചെറുമുറികളും ചേര്‍ന്ന ഭൂഗര്‍ഭവ്യൂഹം പോലെ അത് വായനക്കാരനെ ഒരു ചുരുളിയില്‍
കുരുക്കിയിടും- കണ്ണുചുറ്റിക്കുക എന്നൊക്കെ നാടന്‍ഭാഷയില്‍ പറയുന്നത് പോലെ.
ഫ്രഞ്ച് നോവലിസ്റ്റായ മാർസെൽ പ്രൂസ്റ്റ് 1871-ൽ സമ്പന്നതയുടെയും സുഖലോലുപതയുടെയും സംസ്‌കാരത്തിന്‍റെയും
നടുവിലാണ് ജനിച്ചത്. താമസിയാതെ അറിയപ്പെടുന്ന പ്രഗത്ഭനായി ഉയർന്നു. സ്വന്തം ജീവിതം
തന്നെ വിരോധാഭാസങ്ങളുടെ പഠനമായിരുന്നു അയാള്‍ക്ക്, ആത്മപരിശോധന, ബലഹീനത, ദൌര്‍ബല്യങ്ങള്‍ കാഴ്ചയിലും സാഹിത്യത്തിലും ഉള്ള
അടങ്ങാത്ത അഭിനിവേശം എന്നിവയാൽ ഉന്മത്തനായ മനുഷ്യന്‍. ഫ്രഞ്ച് പ്രഭുക്കന്മാരുടെ
മഹത്തായ സലൂണുകൾക്കുള്ളിലോ സ്വന്തം മുറിയുടെ പരിധിയിലോ ആകട്ടെ അനുഭവങ്ങൾ, മനോഹരമായ ക്യാന്‍വാസില്‍ ലോകത്തിലെ
ഏറ്റവും മഹാനായ ചിത്രകാരന്‍ വരച്ച ഏറ്റവും മനോഹര ചിത്രം പോലെ അയാളുടെ സമ്പന്നമായ എഴുത്തിനെ ആഴത്തിൽ
സ്വാധീനിച്ചിട്ടുണ്ട് വര്‍ണാഭമായ അനേകം ചിത്രങ്ങള്‍ പോലെയാണ് നഷ്ട്ടപ്പെട്ട
കാലത്തെ തേടി എന്ന നോവല്‍..
"യാത്ര എന്നത് അപരിചിതമായ ദേശങ്ങൾ സന്ദർശിക്കുക എന്നത്
മാത്രമല്ല, മറിച്ച്
മറ്റനേകം കണ്ണുകൾ സ്വന്തമാക്കുക എന്നുകൂടിയാണ്. പ്രപഞ്ചത്തെ മറ്റൊരാളുടെകണ്ണിലൂടെ അങ്ങനെ നൂറു പേരുടെ
കണ്ണിലൂടെ കാണുക, ഓരോന്നിലൂടെയും അവര്‍ കാണുന്ന നൂറായിരം പ്രപഞ്ചങ്ങൾ കാണുക എന്നതാണ് യഥാർത്ഥ
യാത്ര." The only real voyage of
discovery consists not in seeking new landscapes but in having new eyes.....”
ഇവിടെ പ്രൂസ്റ്റ് അയാളുടെ പര്യവേക്ഷണത്തിന്‍റെ ഹൃദയത്തിലേക്കാണ്
നമ്മളെ കൊണ്ടുപോകുന്നത്. ആത്മപരിശോധനകളുടെ പര്യവേക്ഷണങ്ങളിലൂടെയുള്ള നീണ്ട
യാത്രയുടെ അവസാനം അടിത്തട്ടില്‍ വായനക്കാരനെ കാത്തിരിക്കുന്നത് അഗാധമായ
രൂപാന്തരീകരണമാണ്-മെറ്റാമോര്‍ഫോസിസ്.
എഴുതിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നോവലായി നിലകൊള്ളുന്നു എന്ന വാദം
കേവലം ഒരു പ്രഖ്യാപനമല്ല മറിച്ച് അതിന്‍റെ ശാശ്വതമായ സാഹിത്യ മഹത്വത്തിന്‍റെ
തെളിവാണ്. അത് എങ്ങനെയാണു വായനക്കാരന്‍ തിരിച്ചറിയുന്നത് എന്ന് നോക്കാം.
ഏറ്റവും ശ്രദ്ധേയമായത് മനുഷ്യന്‍റെ മനസ്സിന്‍റെയും ചിന്തകളുടെയും ഹൃദയത്തിന്‍റെയും
ഉള്ളിലെ ആഴങ്ങളിലേക്ക് പ്രൂസ്റ്റ് നടത്തുന്ന ആഴത്തിലുള്ള പര്യവേക്ഷണം തന്നെയാണ്.
ബോധം, ഓർമ്മകള്‍, വികാരം എന്നിവ ഉണ്ടാക്കുന്ന സങ്കീർണ്ണതകളുടെ
ഉജ്ജ്വലമായ ചിത്രീകരണങ്ങൾ അതിരുകടന്നു പരന്നൊഴുകുന്നത് നമുക്ക് കാണാം.
വായനക്കാരനും ആ ഒഴുക്കില്‍ പെട്ടു പോകും. രണ്ടായിരത്തി അഞ്ഞൂറോളം പേജുകള്‍ ഉള്ള
നോവല്‍ എളുപ്പ വായന അല്ല അങ്ങനെ വായിച്ചു തീര്‍ക്കേണ്ടതും ഇല്ല, ജീവിതം പോലെ പതിയെ
മതി. കാലത്തെകുറിച്ചുള്ള വായന കാലമെടുത്തു ചെയ്യേണ്ടത് തന്നെയാണ്. ഒരു ദിവസം ഒരു
അധ്യായം എന്ന അതികഠിന തീരുമാനം എടുത്താല്‍ 32 ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കാം അത്
ആറു മാസം വരെ ആകാം.സീരിയസ് വായന ശീലം ഇല്ലെങ്കില്‍ ഇത് എളുപ്പവും അല്ല.
മറ്റൊരു പ്രത്യേകത നോവലിന്‍റെ കവ്യത്മകതയാണ് ഗാനരചനയുടെ അംശങ്ങള്‍ അടങ്ങിയ
ഉദ്വേഗജനകമായ ഗദ്യം പോലെ കാവ്യാത്മകമായ സിംഫണികളാണ് വാക്കുകള്‍ സരസ്വതിയും
ലക്ഷ്മിയും ചേര്‍ന്ന നൃത്തം എന്നുപറയാം. എഴുതപ്പെട്ട വാക്കുകളെ മറികടക്കുന്നഅര്‍ഥം പോലെ
രൌദ്രതാളത്തോടെ വായനക്കാരന്‍റെ ആത്മാവിൽ മായാത്ത മുദ്ര പതിപ്പിച്ച് അവ ഒഴുകുകയാണ്.
പ്രണയം, കല, ഓർമ്മകള്‍, സമയം, സന്തോഷത്തിന്‍റെ ക്ഷണികമായ സ്വഭാവം എന്നീ
കാലാതീതവും സാർവത്രികവുമായ തീമുകള്‍ ആണ് നോവല്‍ നിറയെ പക്ഷെ അവ തലമുറകളിലൂടെയും
സംസ്കാരങ്ങളിലൂടെയും ആണ് മനുഷ്യാത്മാവിനോട് സംസാരിക്കുന്നത്. നൂതനമായ രചനാ ശൈലികള്‍
പരീക്ഷിച്ചിട്ടുണ്ട് എന്നതും നോവലിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്. ക്ഷണിക്കാതെ
കയറിവരുന്ന ഓര്‍മകളുടെ കുത്തൊഴുക്കില്‍ പെട്ട് പോകുന്ന ശൈലി പ്രൂസ്റ്റിന്‍റെ കാലത്ത് ആദ്യമായി ഉപയോഗിച്ചത്
അയാള്‍ ആയിരിക്കും. പിന്നീട് അനേക സാഹിത്യ രചനകളെ ഇത് സ്വാധീനിച്ചിട്ടുണ്ട്. വെര്‍ജീനിയ
വൂള്‍ഫും വില്ല്യം ജെയിംസും ജെയിംസ് ജോയ്സിയും ഫോക്നറും മാര്‍ക്വീസും ഒക്കെ
ധാരാളം ഉപയോഗിച്ച സ്ട്രീം ഓഫ് കോണ്‍ഷ്യസ്നെസ്സ് നരേഷന്‍.
“ഏണിപ്പടികളും” “കയറും” പോലെ കഥയില്‍ അധിവസിക്കുന്ന സങ്കീർണ്ണമായ കഥാപാത്രങ്ങൾ
കേവലം ഭാവനയുടെ സൃഷ്ടികളല്ല അവ എഴുത്തുകാരന്‍റെ ജീവിതത്തിലൂടെ കടന്നുപോയ ബഹുമുഖങ്ങള്‍
ഉള്ള, മനഃശാസ്ത്രപരമായി സമ്പന്നമായ ജീവനുള്ള അനേകം മനുഷ്യരാണ്. പല ദാർശനിക
കാഴ്ചകളുടെയും അനുഭവങ്ങളുടെയും ആഴങ്ങളിലൂടെ കടന്നു പോകുന്ന അവര്‍ ഓരോരുത്തരും
ജീവിതം, അർത്ഥം, കാലത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത കടന്നുപോകൽ
എന്നിവയെക്കുറിച്ച് അസ്തിത്വപരമായ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചോദ്യങ്ങള്‍
അവശേഷിപ്പിച്ചുകൊണ്ട് കലയെയും സംഗീതത്തെയും സ്പര്‍ശിച്ചു ശൂന്യതയില്‍ ലയിക്കുന്ന
കാഴ്ച വായനക്കാരില്‍ അവശേഷിപ്പുന്ന ശൂന്യത വാക്കുകളില്‍ പറയാന്‍ കഴിയില്ല. വായന
കേവലം ഒരു സാഹിത്യ ഉദ്യമത്തിനപ്പുറം വായനക്കാരന്‍റെ
അസ്തിത്വത്തിന്‍റെ കാതലായി മാറുന്ന തീര്‍ഥയാത്രയുകുന്നതും ഇവിടെയാണ്.
ശാരീരിക ബന്ധനങ്ങളില്‍ നിന്നും മോചിക്കപ്പെട്ട് സ്വര്‍ഗ്ഗമോക്ഷം തേടി പ്രപഞ്ചത്തിലേക്കുയരുന്ന
ആത്മാക്കളെപ്പോലെ പുസ്തകത്തില്‍നിന്നും അക്ഷരങ്ങള്‍ വരികളിലൂടെപുറം ചാടി
മനുഷ്യാവസ്ഥയുടെ അഗാധമായ രഹസ്യങ്ങൾ മന്ത്രിച്ചുകൊണ്ട് ചുറ്റും വിലയംപ്രാപിക്കുന്ന മാന്ത്രികസ്പര്‍ശമായി
നൃത്തംചെയ്യാന്‍ തുടങ്ങും. ആത്മാവിനുള്ളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന മന്ത്രങ്ങളായി
അത് മാറും. ഒരൊറ്റ വാക്ക്, ഒരൊറ്റ വാചകം ഒക്കെ ജീവിതത്തെ വിവരിക്കുന്ന കേവല
വാക്കുകളുടെ കൂട്ടമായി മാത്രം മാറാതെ തുള്ളിപോലും പാഴാക്കാൻ കഴിയാത്തത്ര വിലയേറിയ പഴകിയ
വീഞ്ഞ് നുരയുന്ന മധുചഷകമായി മാറുന്നു.
പേജുകൾ മറിക്കുംതോറും ഭൂതവും വർത്തമാനവും ഭാവിയും അസ്തിത്വത്തിന്‍റെ സങ്കീർണ്ണമായ
വര്‍ണ്ണനൂലുകളില്‍ ഇഴചേര്‍ന്ന് കാലാതീതമായ മറ്റൊരു മണ്ഡലത്തിലേക്ക് നിങ്ങളെ
കൊണ്ടുപോകുന്നു. പ്രൌസ്റ്റ് പറയുകയാണ്: "ഭൂതകാലം ചിന്താമണ്ഡലത്തിന്‍റെ
പരിധിക്കപ്പുറം നാം ഒരിക്കലും സംശയിക്കാത്ത ചില ഭൗതിക വസ്‌തുക്കളിൽ പോലും നമുക്ക്
നല്‍കുന്ന സംവേദനങ്ങളായി മറഞ്ഞിരിക്കുന്നുണ്ട്." "The past is hidden somewhere outside the realm, beyond
the reach of intellect, in some material object (in the sensation which that
material object will give us) which we do not suspect." ഈ വരികൾ പ്രൗസ്റ്റിന്‍റെ അനിയന്ത്രിതമായ ഓർമ്മകളെക്കുറിച്ചുള്ള
പര്യവേക്ഷണത്തിന്‍റെ ആഴം തുറന്നുകാട്ടുന്നുണ്ട്.
പ്രൂസ്റ്റിന്‍റെ ഗദ്യം ഭാഷാപരമായ വൈദഗ്ധ്യത്തിന്‍റെ മഹാക്ഷേത്രങ്ങളാണ്. എഴുതിയ വാക്ക്
ജീവനുള്ള ശ്വാസോച്ഛ്വാസം ചെയ്യുന്ന ഒരു വസ്തുവാണെന്ന് നമുക്ക് തോന്നിതുടങ്ങും. ജീവിതത്തിന്‍റെ
സ്വാഭാവിക താളത്തിൽ വാക്യങ്ങളെ ഒഴുകാൻ വിട്ടിരിക്കുകയാണ് അയാള്‍. അദ്ദേഹത്തിന്‍റെ
സങ്കീർണ്ണമായ വാക്യഘടനകള്‍ മറന്നുപോയ ഷെല്ലിയൻ “ഓഡിന്‍റെ” ഓര്‍മ്മകള്‍ പോലെ
ചിന്തയുടെ ചുരങ്ങളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന യാത്രയാണ്.
എന്നെ സ്വാധീനിച്ച ചില വരികള്‍ പങ്കുവെക്കാം എന്ന് കരുതുന്നു
“വേദനയ്ക്ക് കീഴ്പ്പെട്ട് വളരെ ശ്രദ്ധയോടെ ഉള്ളതെല്ലാം പൂര്‍ണ്ണമായും നല്‍കാന്‍
നാം തയ്യാറാകുന്ന ഡോക്ടര്‍ ആണ് യഥാര്‍ത്ഥത്തില്‍ രോഗം; എന്നാല്‍ അലിവിനും അറിവിനും
അനുകമ്പയ്ക്കും നാം വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കൂ.” അയാള്‍
തുടരുകയാണ്: “നാം സ്വതന്ത്രരല്ല മറിച്ച് മറ്റേതോ ലോകത്ത്, കാലത്തിനും അപ്പുറം, നമ്മെ
അറിയാത്ത, ഒരിക്കലും നമ്മെ തിരിച്ചറിയാത്ത, നമുക്ക് ബോധിപ്പിക്കുവാന്‍ കഴിയാത്ത,
ശരീരം എന്ന ജീവിയില്‍ തളയ്ക്കപ്പെട്ടാണ് നാം ജീവിക്കുന്നത് എന്ന് രോഗാതുരമായ
അവസ്ഥയില്‍ മാത്രമേ നാം തിരിച്ചറിയാന്‍ നിര്‍ബന്ധിതരാകൂ.” (“It is in moments
of illness that we are compelled to recognize that we live not alone but
chained to a creature of a different kingdom, whole worlds apart, who has no
knowledge of us and by whom it is impossible to make ourselves understood: our
body.)
“നമുക്ക് എന്തും കണ്ടെത്താവുന്ന ഇടങ്ങള്‍ ആണ് ഓര്‍മ്മകള്‍; തികച്ചും ആകസ്മികമായി ചില സമയങ്ങളില്‍, സാന്ത്വനത്തിന്‍റെ വീഞ്ഞും
ചില സമയങ്ങളില്‍ മാരകവിഷവും നല്‍കുന്ന കെമിക്കല്‍ ലബോറട്ടറി പോലെയാണത്.”
പ്രൂസ്റ്റിന്‍റെ
സൂക്ഷ്‌മമായ നിരീക്ഷണം പോലെ നമ്മുടെ സ്വന്തം ജീവിതത്തെക്കുറിച്ച്
ചിന്തിക്കാനും, നമ്മുടെ അനുഭവങ്ങളുടെ സൗന്ദര്യത്തെയും ക്ഷണികതയെയും അഭിമുഖീകരിക്കാനും പുസ്തകം
നമ്മെ ആഹ്വാനം ചെയ്യുകയാണ്. “മനുഷ്യരെ മാറ്റാന്‍ കഴിവുള്ള കാലത്തിന് നാം
അവരെപ്പറ്റി സൂക്ഷിക്കുന്ന ഓര്‍മ്മച്ചിത്രങ്ങള്‍ മായ്ക്കുവാനുള്ള കഴിവില്ല.” എന്ന്
അയാള്‍ ഉറപ്പിച്ചു പറയുന്നു. “കാലം കടന്നുപോകും തോറും നാം നുണയെന്നു
കരുതിയവയെല്ലാം സത്യമായി വരും.” എന്ന വരികളിലൂടെ സത്യത്തിന്‍റെ ആപേക്ഷികത വിവരിക്കപ്പെടുന്നു. “നാം
ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മാറണം എന്ന് ആഗ്രഹിച്ചാലും ഒന്നും മാറില്ല;
ഒടുവില്‍ നമ്മുടെ ആഗ്രഹങ്ങള്‍ മാറാന്‍ തുടങ്ങും എന്നല്ലാതെ.” എന്ന വരികളില്‍ അയാള്‍
കാണാത്ത ലോകം ഏതാണുള്ളത്!
“പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും ലോകത്ത് മുറിവേല്‍പ്പിക്കപ്പെട്ടു എങ്കില്‍ സ്വയം സുഖപ്പെടുക എന്നല്ലാതെ വേറെ മരുന്നോ ടോക്ട്ടറോ ഇല്ല.”എന്ന് യാതൊരു സംശയവും കൂടാതെ പറയാന്‍ കഴിയണം എങ്കില്‍ മുറിവേറ്റ് പിടഞ്ഞിരിക്കണം (Those whose suffering is due to love are, as we say of certain invalids, their own physicians.)”
ഒരു സുപ്രഭാതത്തില്‍ എടുക്കുന്നവയൊന്നും തീരുമാനങ്ങള്‍
അല്ല; അവയൊക്കെ സ്വാഭാവികമായി ഉണ്ടായിവരേണ്ടവയാണ്, എങ്കിലേ നിലനില്‍ക്കൂ.” “ഹൃദയം
കൊണ്ട് അളന്ന കാലവും സമയവുമാണ് പ്രണയം.” എന്ന് പറയുമ്പോഴും “പരസ്പരപീഡനമാണ്
പ്രണയം” (Love is a reciprocal torture) എന്ന് കൂടി പറയാന്‍ അയാള്‍ക്ക് മടിയില്ല.
“ഒരേയൊരു
യഥാര്‍ത്ഥ സ്വര്‍ഗ്ഗം നഷ്ട്ടസ്വര്‍ഗ്ഗമാണ്” സന്തോഷം ശരീരത്തിനെ പോഷിപ്പികും
എങ്കിലും മനസ്സിന്‍റെ മരുന്നാണ് ദുഃഖം എന്ന് പ്രൂസ്റ്റ് പറഞ്ഞു വെക്കുന്നു. “
ഉദാത്തമായത് എല്ലാം ഉണ്ടായത് ഭ്രാന്തില്‍ നിന്നാണ്; മതവും മാസ്റ്റര്‍പീസും
ഉണ്ടായത് അതില്‍നിന്ന് തന്നെ.” “യാതൊരു ഉപയോഗവും ഇല്ല എങ്കിലും മാന്യനായിരിക്കാന്‍
വേണ്ടി മാത്രമാണ് ഞാന്‍ ധാര്‍മിക മൂല്യങ്ങള്‍
മുറുകെ പിടിക്കുന്നത്.” “സുന്ദരികളായ സ്ത്രീകളെ കിഴങ്ങന്‍മാരായ പുരുഷന്മാര്‍ക്ക്
കൊടുക്കുന്നതാണ് പ്രകൃതിയുടെ രീതി!” (Let
us leave pretty women to men devoid of imagination.)മറിച്ചു
സംഭവിച്ചാല്‍ അത് മഹാദുരന്തവും. “ബുദ്ധിമാന്മാര്‍ക്ക് വരുന്ന മുക്കാല്‍
രോഗങ്ങളുടെയും കാരണം അവരുടെ ബുദ്ധിതന്നെയാണ്; ഇത് മനസ്സിലാക്കാന്‍ കഴിവുള്ള ഒരു
ഡോക്റ്റര്‍ ഉണ്ടെങ്കില്‍ അവര്‍ രക്ഷപ്പെടും.”
“ഒരിക്കലും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത സംഭവങ്ങള്‍ അടങ്ങിയ
ഭൂതകാലം ഇല്ലാത്ത മനുഷ്യര്‍ വിഡ്ഢികള്‍ആയിരിക്കും.” “ദുഃഖം ഉണ്ടാക്കുക എന്നതല്ലാതെ
സന്തോഷത്തിനെകൊണ്ട് വേറെ ഉപകരമൊന്നും ഇല്ല.” “മരിച്ചുപോയവരെക്കുറിച്ചുള്ള നമ്മുടെ
ഓര്‍മ്മകള്‍ പതിയെ മരിച്ചു പോകുന്നത് അവര്‍ മരിച്ചു പോകുന്നത് കൊണ്ടല്ല നമ്മള്‍
മരിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ്.” “നമ്മുടെ എല്ലാ അവസാന തീരുമാനങ്ങളും ഒരു
നിമിഷം പോലും നില്‍ക്കാത്ത ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ നാം എടുത്തവ ആയിരിക്കും.” “ഒരു കരയില്‍
ഉറച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും നീന്തല്‍ പഠിക്കില്ല.” “മുന്‍പിലൂടെ
ഒരു സുന്ദരി കടന്നു പോകുന്ന വേഗവും അവളുടെ സൌന്തര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കും, പോകുന്ന വേഗത
കൂടുന്നതിന് അനുസരിച്ച് അവളുടെ സൌന്തര്യം കൂടും.” “സന്തോഷം ആഗ്രഹിക്കുന്നവര്‍ അല്‍പ്പം
നുണപറയാന്‍ പഠിച്ചിരിക്കണം.” “ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ പ്രാധാന്യം
പുരുഷന്‍ കൊടുക്കുന്നത് അത് കാമുകി മറച്ചുവെക്കുമ്പോള്‍ മാത്രമാണ്.”
"ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ടൈം" ഒരു
നോവലിനേക്കാൾ കൂടുതല്‍ മനുഷ്യന്‍റെ അസ്തിത്വത്തിലേക്കുള്ള പ്രചോദിപ്പിക്കുന്ന
ആകർഷിക്കുന്ന യാത്രയാണ്. മനുഷ്യചൈതന്യത്തെ ഉയർത്താനും ആത്മാവിന്‍റെ ആഴങ്ങളെ
ഇളക്കിവിടാനുമുള്ള സാഹിത്യത്തിന്‍റെ ശാശ്വതമായ ശക്തി പ്രദർശിപ്പിക്കുകയും
ചെയ്യുന്നു. അവ്യക്തമാണെങ്കിലും ഏറ്റവും അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ
മറഞ്ഞിരിക്കുന്ന ഒന്നാണ് സൗന്ദര്യം എന്നും നമ്മെ ഓർമ്മിപ്പിക്കുന്നു.
ശുഭം
