As I Lay Dying ( ഞാൻ മരിച്ചുകിടക്കുമ്പോൾ ) - Novel- William Faulkner
20 ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്ന് എന്ന് വാഴ്ത്തപ്പെട്ട നോവൽ. ഫോക്‌നർ 6 ആഴ്ചകൾകൊണ്ട് എഴുതിത്തീർത്ത നോവൽ ആണിത് ,അതും രാത്രി 12 മുതൽ വെളുപ്പിന് 4 മണിവരെ മാത്രം ഇരുന്നു എഴുതിയത്. 1949 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ എഴുത്തുകാരൻ കൂടിയാണ് ഫോക്‌നർ. അതിവർണ്ണ ഇല്ലാതെ ചുരുങ്ങിയ വാക്കുകൾകൊണ്ട് വിശാലമായ ലോകം സൃഷ്ടിച്ചെടുക്കാൻ ഫോക്‌നർ പിന്തുടർന്നത് ഏർണസ്റ്റ് ഹെമിങ് വേയുടെ പാത ആയിരിക്കണം.
ഹോമറുടെ ഒഡീസിയിൽ അഗമെംനൺ ഒഡീസിയൂസിനോട് തന്റെ അവസാന ആഗ്രഹം പറയുന്ന വാക്യങ്ങളിൽ നിന്നാണ് നോവലിന്റെപേര് ഉണ്ടായിട്ടുള്ളത്:
" എന്റെ ആത്മാവ് നരകത്തിലേക്ക് പോയി ' ഞാൻ മരിച്ചു കിടക്കുമ്പോൾ' ആ പട്ടിക്കണ്ണുള്ള നായിന്റെ മോൾ (ഭാര്യ) എന്റെ കണ്ണുകൾ തിരുമ്മി അടയ്ക്കാതെ നീ നോക്കണം. അവളാണ് അത് തിരുമ്മി അടക്കുന്നത് എങ്കിൽ എനിക്ക് നരകത്തിലും സമാധാനം കിട്ടില്ല."
15 കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. ചെറിയ 56 ചാപ്റ്ററുകളായി നോവൽ അവസാനിക്കുന്നു. പഴയകാല അമേരിക്കൻ ഗ്രാമത്തിൽ ഫോക്‌നർ തന്നെ സൃഷ്ടിച്ചെടുത്തു പ്രശസ്തമായ സാങ്കല്പിക ഗ്രാമം : "Yokanapatawaha"യിൽ മധ്യവയസ്കയായ ആഡി മരിക്കാൻ കിടക്കുകയാണ്. രോഗിയായ അവരും അവരുടെ ഭർത്താവും ഏഴു മക്കളും ആഡിയുടെ മരണം പ്രതീക്ഷിച്ചു കാത്തിരിക്കുന്നു. പരിപൂർണ ബോധവധിയാണ് ആഡി. ജനലിലൂടെ പുറത്തേക്കു നോക്കുന്ന അവർക്ക് ആശാരിയായ തന്റെ മൂത്തമകൻ 'ക്യാഷ്' അമ്മയ്ക്ക് വേണ്ടി ശവപ്പെട്ടി നിർമിക്കുന്നത് കാണാം. അക്ഷമനായി കാത്തിരിക്കുന്ന ഭർത്താവിനെയും. ആഡിയുടെ അവസാനത്തെ ആഗ്രഹമാണ് തന്റെ ശവം ഏറെ ദൂരെ മിസിസിപ്പിയിൽ ഉള്ള തന്റെ കുടുംബകല്ലറയിൽ അടക്കം ചെയ്യണം എന്നുള്ളത്. അവരുടെ മരണശേഷം ആഗ്രഹപൂർത്തീകരണത്തിന് കുടുംബം നടത്തുന്ന ദീർഘയാത്രയാണ് നോവലിന്റെ പ്രമേയം. അഡി മരിച്ച രാത്രിയിൽ ഗ്രാമത്തിൽ അതിശക്തമായ മഴപെയ്ത് റോഡുകളും പാലങ്ങളും പ്രളയത്തിൽ മുങ്ങി എങ്കിലും അവർ ശവഘോഷ യാത്ര തുടരുകയാണ് കുടുംബ സ്വത്തായ കോവർ കഴുതകൾ വലിക്കുന്ന വണ്ടിയിൽ.
ആടിയുടെ പ്രിയപ്പെട്ട ഇളയ മകൻ മാത്രം ദുഃഖിതനായി ശവമഞ്ചത്തിന് അരികിൽ തന്നെയുണ്ട് . അഡിക്ക് ഏറ്റവും പ്രിയപ്പെട്ട ആ മകൻ അവർക്ക് ഒരു അവിഹിത ബന്ധത്തിൽ ഉണ്ടായതാണ് - അതാണ് അവനെ അഡിക്ക് പ്രിയപ്പെട്ട മകൻ ആക്കുന്നതും. ശവ യാത്രയിൽ പങ്കെടുക്കുന്ന ഓരോ മക്കൾക്കും അവരുടെ അച്ഛനും ശവസംസ്‌കാരം എന്നതിൽ ഉപരി നഗരത്തിലേക്കുള്ള ഈ യാത്രയിൽ ഓരോ ഉദ്ദേശങ്ങൾ ഉണ്ട്.
മൂത്തമകൻ ക്യാഷ് ശവപ്പെട്ടിയിൽ അമ്മയെ കിടത്തുമ്പോൾ പെട്ടിയിലെ ആണി അവരുടെ മുഖത്തു തുളഞ്ഞു കയറിയത് വായനക്കാർ മാത്രമേ അറിയുന്നുള്ളു. പ്രളയത്തിൽ പെട്ട് ശവപ്പെട്ടി ഒരു വേള ഒഴുകിപോകുന്നുണ്ട്. ചീഞ്ഞു നാറിയ ശവവുമായി എത്തുന്ന ശവവണ്ടി നഗരത്തിൽ ദുർഘന്ധം വമിപ്പിക്കാൻ തുടങ്ങുന്നു. ആടിയുടെ ഒരേഒരു മകൾ അവൾക്ക് അവിഹിതമായി ഒരു ബന്ധുവിൽ നിന്ന് ഉണ്ടായ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് ഏത് കടയിൽ കിട്ടും എന്ന ആകുലതയിൽ ചിന്തയിൽ മുഴുകി ശവ വണ്ടിയിൽ ഇരിക്കുകയാണ്. നഗരത്തിൽ നിന്ന് നല്ല കുതിരയെ വാങ്ങണം എന്ന ചിന്തയിൽ രണ്ടാമത്തെ മകനും എങ്ങനെ എങ്കിലും മിസ്സിസ്സിപ്പിയിൽ എത്താൻ വ്യഗ്രത കൂട്ടുന്നു . നഗരത്തിൽ എത്തിയ ഉടനെ മകൾ ഓടി ഇറങ്ങി ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് വാങ്ങുകയും ബാക്കി പൈസക്ക് മനോഹരമായ ഒരു സെറ്റ് പല്ലുകൾ വാങ്ങുകയും ചെയ്യുന്നു.
ഒടുവിൽ ശ്മശാനത്തിൽ എത്തിയ യാത്ര കുഴി എടുക്കാൻ തൂമ്പ ഇല്ലാതെ അല്പസമയതേക്ക് പരിഭ്രാന്തരാകുന്നു. അടുത്ത് കണ്ട വിധവയുടെ വീട്ടിൽ തൂമ്പ വാങ്ങാൻ കയറിയ അച്ഛൻ അൽപ സമയം കഴിഞ്ഞു തൂമ്പയുമായി വരുന്നു ശവം മറവ് ചെയ്യുന്നു. അവസാനം തിരിച്ചു പോകുമ്പോൾ തൂമ്പാവാങ്ങിയ വീട്ടിലെ വിധവയെയും ഭാര്യയായി കൂടെ കൂട്ടുന്നു.
അനേക സംഭവങ്ങളിലൂടെയാണ് കഥ വിടരുന്നത്. ആടിയുടെ മരണത്തെകുറിച്ചല്ല നോവൽ പറയാൻ ശ്രമിക്കുന്നത്. മനുഷ്യ നിലനില്പിനെ കുറിച്ചാണ്. ഓരോ പ്രിയപ്പെട്ടവരുടെയും പ്രതികരണത്തെകുറിച്ചാണ് . സുകൃതം എന്ന സിനിമ ഓർമ്മവരുന്നു നോവൽ വായിച്ചപ്പോൾ. പ്രിയ മാതാവിന്റെ മരണത്തിൽ ഒരുമിച്ചു കൂടിയ കുടുംബാംഗങ്ങളെ കാണിക്കുന്ന ആദ്യ ഭാഗത്തുനിന്നും അവസാനത്തിലേക്ക് കടക്കുമ്പോൾ സഹോദരങ്ങൾ തമ്മിലുള്ള പകയുടെയും കിടമത്സരത്തിന്റെയും സ്വാർത്ഥ താല്പര്യങ്ങളുടെയും ചിത്രങ്ങൾ കൂടുതൽ വ്യക്തമാകുന്നു. കുടുംബം എന്ന സമൂഹം അംഗീകരിച്ച കാല്പനിക സങ്കല്പ്പത്തെ പൊളിച്ചെഴുതുകയാണ് ഫോക്‌നർ ഇവിടെ ചെയ്യുന്നത്. പ്രാഞ്ചി ഏട്ടൻ എന്ന സിനിമയിൽ ഖുശ്‌ബു പ്രാഞ്ചിയോട് പറയുന്ന കുടുബ 'ഫിലോസഫി' അങ്ങേയറ്റം കടന്നു കയറിയ ആധുനിക കുടുംബങ്ങളുടെ കഥ നമുക്ക് പരിചിതമാണ്.' എല്ലാം ഓരോ അഭിനയങ്ങൾ അല്ലെ പ്രാഞ്ചി.'
കുടുംബ ബന്ധങ്ങളെ പൊളിച്ചെഴുതാൻ മാത്രമല്ല നോവൽ ശ്രമിക്കുന്നത് മറിച്ച് കുടുംബം എന്ന സങ്കല്പത്തിന്റ ഉദയം പരിണാമം അവയിൽ അടങ്ങിയിട്ടുണ്ട് എന്ന് നാം വെറുതെ വിശ്വസിക്കുന്ന അല്ലെകിൽ അങ്ങനെ ആഗ്രഹിക്കുന്ന പൂർണ്ണ സന്തോഷത്തിന്റെയും സ്വർഗീയ നിർവൃതിയുടെയും ജനനത്തിന്റെയും സാങ്കല്പിക -കാല്പനിക നൂലുകൾ പൊട്ടിക്കുകയാണ് ഫോക്‌നർ.
മരിച്ച ആടിയുടെ തന്നെ ആത്മഗതം - മകൻ Darl ന്റെ ജനനം തന്റെ സ്വകാര്യത നശിപ്പിച്ചു സ്വാതന്ത്രം ഇല്ലാതാക്കി എന്ന വിലാപമാണ് . കുട്ടികളെ ഉണ്ടാക്കുക എന്ന യാന്ത്രിക ക്രിയയിലും നൈമിഷിക പരപ്രണയത്തിലും ജനിച്ച കുട്ടികളുടെ ജന്മ സത്യാവസ്ഥ ആഡിയോടുകൂടി ശവമടക്കപ്പെടുന്നു.
സ്ത്രീയും പുരുഷനും കൂടി ചേരുന്ന സൃഷ്ടി കർമത്തിൽ ജനന ശേഷം കുട്ടി സ്ത്രീയുടെ മാത്രം വലിയ ഉത്തരവാദിത്തമായി മാറി -അവരിൽ ആശ്രയം ,ലഭിക്കാത്ത സ്നേഹം എന്നിവ കണ്ടെത്താൻ നിർബന്ധിതരാക്കപ്പെടുന്ന സ്ത്രീക്ക് ഓരോ ജനനവും അവരുടെ ആത്മാവിന്റ - സത്തയുടെ മരണം കൂടിയാണ് എന്ന് നോവൽ ചൂണ്ടിക്കാണിക്കുന്നു.
അവസാനം ആടിയുടെ ഭർത്താവ് വിധവയെ സ്വീകരിച്ചു മക്കളോട് നടത്തുന്ന പ്രസംഗം ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ഇവിടെ വരെ കഷ്ടപ്പെട്ട് ഈ ശവം വലിച്ചുകൊണ്ട് വന്നത് വെറുതെയല്ല . ഈ ഭാഗത്തു വിധവകളായ സ്ത്രീകൾ ഏറെയുണ്ട് എന്ന് കേട്ടത് കൊണ്ടാണ് എന്ന വെളിപ്പെടുത്തൽ തികച്ചും സത്യസന്ധമായാണ് അയാൾ നടത്തുന്നത്.
കുടുംബം എന്നാൽ ചില റോളുകൾ വേഷങ്ങൾ ആണ്. ആ വേഷങ്ങൾ അയാൾ ഇല്ലെങ്കിൽ തന്നെ മറ്റൊരാൾ ഫിൽ ചെയ്യുന്ന വേഷങ്ങൾ ആണ്- ആ റോളുകൾ ആണ് അവ അണിയുന്ന ആളുകളേക്കാൾ സമൂഹത്തിന് പ്രധാനം എന്ന ഓർമപ്പെടുത്തൽ കൂടിയാണ് നോവൽ. ഭാര്യ മരിച്ചാൽ പകരം ഭാര്യ എന്ന റോൾ അവിടെ വന്നാൽ ആ ശൂന്യത അടക്കപ്പെടുന്നു. ഭർത്താവ് കുട്ടികൾ കാമുകൻ കാമുകി എന്നതൊക്കെ റോളുകൾ ആണ് വ്യക്തികൾ അല്ല . അവയൊക്ക ആർക്കും ആരെയും ഉപയോഗിച്ച് പൂർത്തീകരിക്കാം എന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണ് എങ്കിലും അതാണ് സത്യം .
വായിച്ചിരിക്കേണ്ട നോവൽ
Joe
