കാടിന്‍റെ ഹൃദയം കത്തുമ്പോൾ
അൻപത് ലക്ഷത്തി അഞ്ചു സ്‌ക്വായർ കിലോമീറ്റർ വിസ്തീർണം . 17 UK അയർലൻഡ് എന്നീ രാജ്യങ്ങൾ സുഖമായി ഉൾക്കൊള്ളാവുന്ന സ്ഥലം . ആമസോൺ കാടുകൾ കത്തുകയാണ് . കാടിന്റെ ഹൃദയം ആണ് എരിഞ്ഞുകൊണ്ടിരിക്കുന്നത് .ബ്രസീൽ , പെറു , ഇക്കഡോർ , കൊളംബിയ , വെനെസുവേല , സുറിലാൻഡ് , യൂജിനെ , ഫ്രഞ്ച് ഗയാന എന്നീ രാജ്യങ്ങളുടെ അതിർത്തിയും ഹൃദ്യവും . ഏകദേശം 400-500 പ്രാക്തന ആദിവാസി ഗോത്രങ്ങൾ അവയിൽ അൻപത് ശതമാനത്തോളം ആധുനിക മനുഷ്യ സ്പർശം ഏൽക്കാത്തത് അതൊക്കെയാണ് ആമസോൺ . എത്രകാലം എടുക്കും ആമസോൺ മഴക്കാടുകൾ കത്തി തീരാൻ എന്നതേ ഇനി അവശേഷിക്കുന്ന ചോദ്യം ഉണ്ടാകൂ . ഉത്തരം നമ്മൾ തന്നെ ഉടൻ കണ്ടെത്തും. ഭൂമിയുടെ 20% ഓക്സിജൻ തരുന്ന ശ്വാസകോശം ഏകദേശം 30% ജീവ വർഗ്ഗങ്ങൾ അത് കൂടാതെ ഇന്നും മനുഷ്യൻ നേരിടുന്ന മാരകമായ പല രോഗങ്ങളുടെയും പ്രതിവിധി ഒളിഞ്ഞിരിക്കുന്ന നനഞ്ഞ ഇടങ്ങൾ . ആമസോൺ മഴക്കാടുകളുടെ നാശം തെക്കേ അമേരിക്കയെ മാത്രം ബാധിക്കുന്ന ഒരു നിസ്സാര സംഭവമായി അവസാനിക്കാൻ പോകുന്നില്ല . ലോകമെമ്പാടും അതിന്റെ അനന്തര ഫലങ്ങൾ അറിയാൻ അധികം താമസവുമില്ല . നമുക്ക് ഇത് നേരിടാൻ കഴിയുമോ ? ആമസോണിനെ തിരികെ എത്തിക്കാൻ കഴിയുമോ ? എന്തൊക്കെയാണ് യഥാർത്ഥ പ്രശനങ്ങൾ ? ആമസോണിന്റെ കാട്ടുതീ മാത്രമല്ല യഥാർത്ഥ പ്രശനങ്ങൾ . മൈനിങ് , മരംമുറി , കൃഷി എന്നിവയാണ് ആമസോണിന്റെ പ്രധാന ശത്രുക്കൾ . ഏകദേശം 3 ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുള്ള കാടുകൾ ഓരോ മിനിട്ടിലും കത്തി തീരുന്നു എന്നത് ആശങ്കാജനകമല്ല മറിച് അപകമണിയാണ് . തെക്കേ അമേരിക്കയുടെ 40% ഓളം സാമ്പത്തിക മേഖല നിയന്ത്രിക്കുന്നത് ആമസോണുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ആണെന്നതിൽ തർക്കമില്ല . എണ്ണായിരത്തി അറുന്നൂറ് കോടിയോളം കാർബൺ ആണ് ആമസോൺ മഴക്കാടുകൾ ആഗിരണം ചെയ്യുന്നത് . 1978 മുതൽ ഇന്ന് വരെ 75900 sq km സ്ഥലം ആണ് ആമസോണിൽ കാടു കയ്യേറി നാം നേടിയത് . ഈ സ്ഥിതി തുടർന്നാൽ 100 വർഷങ്ങൾക്കുള്ളിൽ ആമസോൺ കാടുകൾ പൂർണമായും ഇല്ലാതാകും അതുവഴി ആഗോളതാപനം എന്ന ഡെമോക്ലേശഷിന്റെ വാളിൽ നിന്നുള്ള അവസാന പരിചയും ആകും നഷ്ട്ടപ്പെടുക . മൃഗങ്ങളും കാടും മാത്രമല്ല ഇന്ന് നാം കഴിക്കുന്ന ഓരോ മരുന്നിനും ആമസോണിനോട് നാം കടപ്പെട്ടിരിക്കുന്നു . കേവലം 5% ആമസോൺ സസ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽനിന്നാണ് നമുക്ക് ഇന്ന് ലഭ്യമായ ക്യാൻസർ പ്രധിരോധ മരുന്നുകൾ ലഭ്യമായത് എന്നത് കൗതുക വാർത്തയല്ല പച്ച പരാമർത്ഥമാണ് . നിത്യഹരിത വനങ്ങൾക്ക് മനുഷ്യരേക്കാൾ നിലനിൽക്കാനുള്ള ശേഷിയുണ്ട് അവ നിലനിൽക്കുകയും ചെയ്യും പക്ഷെ തുടർച്ചയായ ആക്രമണം ഏത് പരിസ്ഥിതിയെയും വെല്ലും . ഈ കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ 9500 മുകളിൽ കാട്ടു തീ ബ്രസീലിയൻ ആമസോണിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .ബ്രസീലിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസേര്ച്ചിന്റെ കണക്കുകൾ പ്രകാരം 74000 പുതിയ കാട്ടു തീകൾ 2018 നു ശേഷം ബ്രസീലിയൻ ആമസോണിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു . 2018 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 40000 കാട്ടുതീകൾ . ഇത് സൂചിപ്പിക്കുന്നത് ബ്രസീലിയൻ സർക്കാർ ഇത് റെക്കോർഡ് ചെയ്യാൻ തുടങ്ങിയ കാലം മുതൽ 83% വർദ്ധനവാണ് . പത്തു വർഷത്തിൽ 13% വനപ്രദേശങ്ങൾ ബ്രസീലിന്റെ പരിധിയിൽ മാത്രം അപ്രത്യക്ഷമായി . "ആമസോൺ വാച്ച് " എന്ന ആമസോൺ പരിസ്ഥിതി സംരക്ഷണ സംഘടനയുടെ ഡയറക്റ്റർ ക്രിസ്ത്യൻ പോയിരിയർ പറയുന്നത് ശരിയാണ് എങ്കിൽ ആമസോണിൽ കാട്ടുതീകൾ ബീഫ് ഫാകറ്ററികൾ വ്യാപിപ്പിക്കാൻ കരുതി കൂട്ടി ഉണ്ടാക്കുന്നവയാണ് . വന സംരക്ഷണവും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ബ്രസീലിന്റെ സാമ്പത്തിക വളർച്ചക്ക് തടസം നില്കുന്നു എന്ന് തുറന്നടിച്ച ബോൾസനാരോ സർക്കാരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട എന്നതാണ് പരിസ്ഥിതി വാദികളുടെ വാദം . Yale യൂണിവേഴ്സിറ്റി യുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത് 80% ആമസോൺ വനങ്ങളും നഷ്ടമായത് കന്നുകാലി വളർത്തലിന് വേണ്ടി മാത്രമാണ് എന്ന ഞെട്ടിക്കുന്ന കണക്കുകൾ ആണ് .വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും ബീഫ് ദാഹം ശമിപ്പിക്കാൻ ബലികൊടുക്കേണ്ടി വരുന്നത് ലോകത്തിന്റെ ഹൃദയം തന്നെയാണ് . വൻ വ്യവസായമായി വളരുന്ന തെക്കേ അമേരിക്കൻ ബീഫ് വ്യവസായം നിലനിർത്താൻ വേണ്ടിവരുന്ന വെള്ളം കാലിത്തീറ്റ മറ്റ് സ്ഥലസൗകര്യങ്ങൾ എന്നിവ പരിഗണിച്ചാൽ ആമസോൺ മുഴുവൻ നശിപ്പിച്ചാലും ആ മാംസദാഹം തീരില്ല ."ആമസോൺ വാച്ച് "എന്ന പരിസ്ഥിതി സംഘടന പറയുന്നത് ശരിയാണെങ്കിൽ "Fire Day " അവരുടെ സംഘം കരുതിക്കൂട്ടി ആമസോണിൽ ചെയ്യുന്ന നിസ്സാര സംഭവം മാത്രം . ഈ അഭിപ്രായത്തിൽ "ആമസോൺ വാച്ച് " ഒറ്റക്കല്ല , ആംനെസ്റ്റി ഇന്റർനാഷണൽ തലവൻ കുമി നൈടൂ തുറന്നടിച്ചത് കണാതിരിക്കാനാവില്ല .;" ബ്രസീലിയൻ പ്രസിഡന്റ് ബോൾസനാരോ യുടെ സർക്കാരിന്റെ നിത്യഹരിത വനങ്ങൾ വ്യാവസായിക ആവശ്യത്തിനായി സ്വകാര്യ കമ്പനികൾക്കു തുറന്നു കൊടുത്ത നയം പരിസ്ഥിതിയെ സംരക്ഷിക്കാൻ അല്ലെന്ന് വ്യക്തം ." ബ്രസീലിയൻ NGO IPAM ( Institute of Environmental Research in Amazon ) പറയുന്നു നിലവിൽ കത്തുന്ന ആമസോൺ വനനശീകരണത്തിന്റെ ഉല്പന്നമാണത്രെ . കാട്ടുതീയോടുള്ള ബോൾസനാരോയുടെ പ്രതികരണം വേദനയുണ്ടാക്കുന്നു ;" കാട്ടു തീ ചില NGO കളും "റെഡ് ഇന്ത്യൻ" ആദിവാസികളും ഉണ്ടാക്കുന്നതാണത്രേ . അതിനെ നേരിടാൻ സർക്കാർ ധനം ചിലവഴിക്കുന്നതിൽ കടുത്ത അസംതൃതിയും ബ്രസീലിയൻ പ്രസിഡന്റ് മറച്ചു വെക്കുന്നില്ല .
ആമസോൺ കാട്ടുതീ ചില രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് എന്ന നിലയിലേക്ക് താഴ്ത്തിയാൽ അതിനെ നേരിടുന്നത് ഒന്നുകൂടി എളുപ്പമാകും എന്നാകും അദ്ദേഹം കണ്ടിരിക്കുന്ന യുക്തി . എന്തൊക്കെ ആയാലും ബീഫ് പേപ്പർ വ്യവസായങ്ങൾ തഴച്ചു വളരുമ്പോൾ ആമസോണിന്റെ ചെറുത്തു നിൽപ്പ് ആശങ്ക വീണ്ടും അവശേഷിപ്പിച്ചു തുടരും എന്നതിൽ സംശയമില്ല . ചുരുക്കി പറഞ്ഞാൽ കലാവസ്ഥ വ്യതിയാനത്തിനോടുള്ള മനുഷ്യന്റെ അവസാന പരിച ആയിരിക്കും നാം തന്നെ നശിപ്പിക്കുന്നത് .
