നിയമകൗതുകങ്ങൾ
ലോകത്തിലെ പലരാജ്യങ്ങളിലെ കൗതുകകരമായ നിയമങ്ങളിലൂടെ ഒരു യാത്ര.
എഴുതപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ നിയമ സംഹിത 'ഹമ്മുറാബിയുടെ കോഡ് ' ആണെന്ന് കരുതപ്പെടുന്നു (BC 1754). ഇതിനും മുൻപ് BC 5000 ലും പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിലുമൊക്കെ നിയമങ്ങൾ ഉണ്ടായിരുന്നു എന്നും ചരിത്ര പുസ്തകങ്ങളിൽ കാണുന്നു. സമൂഹത്തിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് അടിസ്ഥാനപരമായി നിയമങ്ങൾ. പക്ഷെ നിയമങ്ങൾ കാലത്തിനനുസരിച്ച് പുനർക്രമീകരിച്ചു കൊണ്ടിരിക്കേണ്ടതും അത്യാവശ്യമാണ്. പല നിയമങ്ങളും ഒരിക്കൽ നിയമ പുസ്തകങ്ങളിൽ കയറി ഇന്ന് കാലിക പ്രസക്തി നഷ്ട്ടപ്പെട്ടു എങ്കിലും നിയമങ്ങളുടെ വ്യാപ്തികൾ കൊണ്ടോ മറ്റു പ്രശനങ്ങൾ കൊണ്ടോ ഒക്കെ കാലികമായി അപ്ഡേറ്റ് ചെയ്യപ്പെടാതെ ഇന്നും നിയമമായി തന്നെ നിലകൊള്ളുന്നുണ്ട്. ഇവയിൽ ചിലത് അറിഞ്ഞിരിക്കുക എന്നത് കൗതുകകരായിരിക്കും എന്ന് കരുതുന്നു. ഇവ വായിക്കുമ്പോൾ യാഥാർഥ്യമോ എന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. ഒന്ന് ഉറപ്പു തരാം വിവരിക്കാൻ പോകുന്ന ഓരോ നിയമങ്ങളും നിലവിൽ ഉള്ളതാണ്. "അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഇന്നും നിലനിൽക്കുന്ന അപൂർവ്വ നിയമങ്ങൾ പലതും 1800 കളിൽ മതതീവ്രതയും ബിബ്ലിക്കൽ ധാർമികതയും നടപ്പിൽ വരുത്താൻ നിർമിച്ചവയും പിന്നീട് പ്രയോഗത്തിൽ കലഹരണപ്പെട്ടവയും ആണ് . എങ്കിലും നിയമസംഹിതയിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇന്നും നിയമം തന്നെ എന്ന് വാദിക്കാം , പ്രയോഗത്തിൽ സമൂഹം ഏറെ മുന്നേറി എങ്കിലും ": ഫ്ലോറിഡ കോസ്റ്റൽ ലോസ്‌കൂൾ പ്രൊഫസർ ജെയിംസ് വുഡ്‌റൂഫ് പറയുന്നു . യൂറോപ്പിലും നിലനിൽക്കുന്ന പല നിയമങ്ങളും ഇതേ സ്വഭാവത്തോടെ വന്നു ചേർന്നതാണ് . അല്ലെങ്കിൽ സമീപകാലത്ത് നീക്കപ്പെട്ടായാണ്. കൗതുക ലോകത്തിലേക്ക് സ്വാഗതം. 🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖 ടിബറ്റൻ ലാമകളും അവരുടെ പുനർജന്മ വിശ്വാസങ്ങളും ഒക്കെ നമുക്ക് പരിചിതമാണല്ലോ. ടിബറ്റൻ ബുദ്ധ സന്യാസി മരിക്കുമ്പോൾ താൻ ആരായി പുനർജനിക്കും എന്ന് വ്യക്തമായ സൂചനകൾ നൽകിയാണ് അവർ നിർവാണം പൂകാറുള്ളത്. എന്നാൽ 2007 ലെ ചൈനൻ നിയമപ്രകാരം ടിബറ്റൻ ലാമകളുടെ പുനർജ്ജന്മം നിരോധിച്ചിരിക്കുകയാണ്. ഇനി അഥവാ പുനർജനിക്കണം എങ്കിൽ ചൈനൻ സർക്കാരിന്റെ ഔദ്യോദിക അംഗീകാരത്തോടെ സമ്മതപത്രംനേടിയിട്ടു മാത്രമേ പുനർജനിക്കാവു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ മറ്റൊരു രസികൻ നിയമം ഉണ്ട് ,50 kg യിൽ കൂടുതൽ ഉരുളക്കിഴങ്ങ് കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണവിടെ. സ്വിട്സർലാന്റിൽ പോകുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണു കാരണം രാത്രി കക്കൂസിലെ പോകേണ്ടി വന്നാൽ നിങ്ങൾ ചിലപ്പോൾ അകത്തായെക്കാം , കാരണം രാത്രി 10 മണി കഴിഞ്ഞാൽ ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യുന്നത് ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു എന്ന കാരണത്താൽ നിയമം മൂലം നിരോധിച്ചിരിക്കുകയാണവിടെ. എന്നാൽ നിങ്ങൾ സ്കോട്ലൻഡിൽ ആണെങ്കിൽ ആ ശങ്ക വേണ്ട , കാരണം കക്കൂസിൽ പോകാൻ ആവശ്യപ്പെട്ട് ഏത് അപരിചിതൻ വാതിലിൽ മുട്ടിയാലും വാതിൽ തുറന്നു കൊടുക്കണം ഇല്ലെങ്കിൽ മുട്ടിവന്ന ആൾ പരാതി കൊടുത്താൽ വീട്ടുടമ അകത്താകും കൂടാതെ ഫൈനും ഉണ്ടാകും. ഇത് കൂടാതെ അനേക രസികൻ പൗരാണിക നിയമങ്ങൾക്ക് പേരുകേട്ട ഇടമാണ് സ്കോട്ട്ലൻഡ്. സ്കോട്ലൻഡ്കാർ ധരിക്കുന്ന ' kilt ' എന്ന പേരായ മുട്ടോളം എത്തുന്ന ചെറിയ പാവാട ഉണ്ട്. വളരെ വർണാഭമായ കടും കളറിൽ ആണ് അവ നിർമിക്കുന്നത്. എന്നാൽ kilt ധരിക്കുന്ന സ്കോട്ലൻടുകാർ അണ്ടർവെയർ ധരിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. അഥവാ kilt പാവാടയുടെ അടിയിൽ അടിവസ്ത്രവുമായി പിടിക്കപ്പെട്ടാൽ ശിക്ഷയും ഉണ്ട്. പിടിക്കുന്ന ഓഫീസർക്ക് രണ്ടു ബോട്ടിൽ ബിയർ വാങ്ങി കൊടുക്കേണ്ടി വരും. 1935 ൽ നിലവിൽ വന്ന ഈ നിയമം ഇന്നും നിലനിൽക്കുന്നു . എത്രത്തോളം പ്രയോഗത്തിൽ ഉണ്ട് എന്നത് കൗതുകകരമായ മറ്റൊരു വിഷയം ആയിരിക്കും. മദ്യപിച്ചു വാഹനം ഓടിച്ചാൽ ഇന്ത്യയിൽ പിഴ വൻതുക ആയത് ഈ ഇടെ വാർത്തആയിരുന്നു . എന്നാൽ സ്കോട്ലാൻണ്ടുകാർ നിയമം ഒന്നുകൂടി കർശനവും വ്യക്തവുമായാണ് നടപ്പിലാക്കുന്നത് , അവിടെ മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ് വാഹനം മാത്രമല്ല1872 ലെ ലൈസൻസിങ് ആക്ട് പ്രകാരം മദ്യപിച്ചു, കുതിര , പശു , എരുമ , പോത്ത് , കഴുത എന്നിവഓടിക്കുന്നതും (പുറത്തു യാത്ര ചെയ്യുന്നതും ) ശിക്ഷാർഹമാണ്.13 നൂറ്റാണ്ടിൽ പോപ്പ് ആയിരുന്ന ഗ്രിഗറി നാലാമന് പൂച്ചകളെ വലിയ പേടി ആയിരുന്നു വിശേഷിച്ചു കറുത്ത പൂച്ചകളെ. അതിനാൽ പോപ്പ് ഒരു നിയമം ഇറക്കി . കറുത്ത പൂച്ചകൾ സാത്താന്റെ ഉപകരണങ്ങൾ ആണ് അവയെ എവിടെ കണ്ടാലും കൊല്ലണം . മത ഭരണം നിലവിലിരുന്ന യൂറോപ്പിൽ വിശ്വാസികൾ കണ്ണിൽ കണ്ട എല്ലാനിറത്തിലും ഉള്ള പൂച്ചകളെ ഓടിച്ചിട്ട് തല്ലിക്കൊന്നു എന്ന് ചുരുക്കം . യൂറോപ്പിൽ ആ നൂറ്റാണ്ടിൽ പൂച്ചകൾ വംശനത്തിന്റെ വക്കിൽ വരെ എത്തിയിരുന്നുവത്രേ. ഫിഷ് ടാങ്ക് വീട്ടിൽ ഉള്ളവർ റോമിൽ എത്തിയാൽ സൂക്ഷിക്കണം. സ്വന്തം വിനോദത്തിന് വേണ്ടി മത്സ്യത്തെ ഒരു പാത്രത്തിൽ തടവിൽ പാർപ്പിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരതയായി കണക്കാക്കി ഫിഷ് ടാങ്കുകൾക്ക് റോമിൽ നിരോധനം ഉണ്ട്. പോർച്ചുഗൽ ബീച്ചുകളിൽ പോയാൽ കടലിൽ മൂത്രമൊഴിക്കാതെ സൂക്ഷിക്കണം പിടികൂടിയാൽ ഫൈൻ അടക്കേണ്ടിവരും. അമേരിക്കയിലെ ഒക്കലഹാമ എന്ന സംസ്ഥാനത്തു ആകെ തിമിംഗല വേട്ട നിരോധിച്ചിരിക്കുന്നു . അത് ക്രിമിനൽ കുറ്റവുമാണ് , എന്നാൽ രസകരമായ കാര്യം ഒകാലഹമായിൽ എവിടെയും കടൽ ഇല്ല എന്നതാണ് . ചുറ്റും കരമാത്രം ഉള്ള ഇവിടെ എന്തിന് ഈ നിയമം എന്നത് അജ്ഞാതം. ന്യൂജേഴ്സിയിൽ വാഹനം ഓടിച്ചു പോകുമ്പോൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർ നിങ്ങളോട് അലറുകയോ കൂകുകയോ ചെയ്താൽ പേടിക്കേണ്ട അവിടെ ട്രാഫിക്ക് സിഗ്നലുകൾ ശബ്ദങ്ങളിലൂടെ കൈമാറാം എന്ന് നിയമം ഉണ്ട് . വെസ്റ്റ് വെർജിനിയയിലെ ഹണ്ടിങ്ടൺ പട്ടണത്തിൽ മാത്രം 1800 മുതൽ ഇന്നും നിലനിൽക്കുന്ന ഒരു നിയമം ഭർത്താക്കന്മാർക്ക് ഞായറാഴ്ചകളിൽ ഭാര്യമാരെ തല്ലാം , പക്ഷെ അത് പബ്ലിക് ആയി തല്ലണം എന്ന് മാത്രം. ഫ്ലോറിഡയിൽ മുള്ളൻപന്നിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നത് കർശനമായി നിരോധിച്ചുകൊണ്ടുള്ള 1800 കളിൽ നിലവിൽ വന്ന നിയമം ഇന്നും നിലവിലുണ്ട് . ടെക്സസിൽ നിലവിലുള്ള ഒരു നിയമം കേട്ടാൽ നിങ്ങൾ ചിരിച്ചു മണ്ണുകപ്പും ; എന്നിട്ട് അത് തുപ്പിക്കളഞ്ഞു പിന്നെയും കപ്പും : ആരോടെങ്കിലും ക്രൈം ചെയ്യാൻ പോകുകയാണെങ്കിൽ അത് ഇരയോട് 24 മണിക്കൂർ മുൻപ് രേഖാമൂലം അറിയിക്കണം എന്നാണ് ആ നിയമം . ഉദാഹരണത്തിന് ഞാൻ നിങ്ങളെ കൊല്ലാൻ പോകുകയാണെകിൽ 24 മണിക്കൂർ മുൻപ് ഞാൻ നിങ്ങൾക്ക് രേഖാമൂലം നോട്ടീസ് നൽകിയിരിക്കണം . നോട്ടീസ് കിട്ടിയിട്ട് എന്താണ് പ്രയോജനം എന്ന് ചോദിച്ചേക്കാം ! ചുരുങ്ങിയത് നേരത്തെ അറിയിക്കാനുള്ള മാന്യതയെങ്കിലും കാണിച്ചല്ലോ എന്ന് ആശ്വസിക്കാം. 😜 മൊണ്ടാനയിൽ മിലിട്ടറി സർവീസിൽ ഉള്ള ആളുകൾക്ക് വിവാഹം കഴിക്കാൻ അവർ വേണം എന്ന് നിർബന്ധം ഇല്ല അവരുടെ പവർ ഓഫ് അറ്റോർണി ഉള്ള സുഹൃത്തിനോ മറ്റാർക്കോ അയാളുടെ പേരിൽ വിവാഹ രെജിസ്ടരിൽ ഒപ്പിടാം വധുവിനെ ചുംബിക്കാം. കാലിഫോർണിയ ചിക്കാഗോയിലെ ഒരു നിയമം ആര് ഉണ്ടാക്കിയോ എന്തോ . നിയമമനുസരിച്ച് നഗര പരിധിയിൽ ആരെങ്കിലും അണുബോംബ് പൊട്ടിച്ചാൽ 500 ഡോളർ പിഴ അടക്കേണ്ടി വരും . സ്ഫോടനത്തിന് ശേഷം എവിടെ കൊണ്ട് അടയ്ക്കും എന്ന് നിയമം വ്യക്തമായി ഉത്തരം പറയുന്നില്ല. കൂടാതെ അമേരിക്കയിലെ 7 സംസ്ഥാനങ്ങളിൽ ഇന്നും നിരീശ്വര വാദികൾക്ക് സർക്കാർ സർവീസിൽ ഉത്തരവാദിത്തമുള്ള പോസ്റ്റുകളിൽ ഇരിക്കാൻ നിയമം അനുവദിക്കുന്നില്ല . കരോലിന സംഥാനത്ത് . ഒരു സ്ത്രീയും പുരുഷനും ഭാര്യാ ഭർത്താക്കന്മാർ ആണെന്ന് പറഞ്ഞു ഏതെങ്കിലും ഹോട്ടലിൽ റൂം എടുത്താൽ ഹോട്ടൽ രെജിസ്റ്റർ ഔദ്യോദിക രേഖയായി കണക്കാക്കി അവർ നിയമപരമായി വിവാഹിതരായി കണക്കാക്കും . ജർമനിയിൽ കുട്ടികൾക്ക് പേരിടുമ്പോൾ നിങ്ങൾക്ക് ഇഷ്ട്ടമുള്ള പേരിടാം എന്ന് കരുതേണ്ട. കുട്ടികൾ ആണോ പെണ്ണോ എന്ന് വ്യക്തമാക്കുന്ന പേര് മാത്രമേ അവിടെ അംഗീകരിക്കുകയുള്ളു അതിനായി 'standesamt' ' (Book of Names ' ) എന്ന സർക്കാർ നിർദേശങ്ങൾ അടങ്ങിയ വിജ്ഞാപനവും ഉണ്ട് . ഡെന്മാർക്കിലെ ഇങ്ങനെ തന്നെ ഒന്നുകൂടി കൂട്ടി ഡാനിഷ് സംസ്കാരത്തിന് ചേർന്ന സർക്കാർ അംഗീകരിച്ച 33000 പേരുകളിൽ നിന്ന് തെരഞ്ഞെടുത്തവ മാത്രമേ കുട്ടികൾക്ക് ഇടാവൂ .ബിജു ബൈജു ഷാജു , അനിൽ ഒക്കെ അവിടെ ജനിച്ചാൽ ' കടക്ക് പുറത്ത് '. ബ്രിട്ടീഷ് പാർലമെന്റിൽ വെച്ച് മരിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് എന്ന് എത്ര ആളുകൾക്ക് അറിയാം ? അത് കൂടാതെ നിങ്ങളുടെ വളർത്തു നായ ബ്രിട്ടിഷ് രാജകുടുംബത്തിലെ നായയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ നായയുടെ ഉടമസ്ഥന് കഠിന ഫൈൻ ഇന്നും നിലനിൽക്കുന്നു. പട്ടിയുടെ രജകീയ രക്തം കില്ലപ്പട്ടികളുമായി മിക്സ് ആകാതിരിക്കാൻ ഉള്ള തന്ത്രം . പട്ടിത്തീട്ടം കൊണ്ട് പൊറുതി മുട്ടിയ ഇറ്റലിയിലെ കാപ്രിയോ സിറ്റി ഒരു നിയമം പാസാക്കി , പൊതു ഇടത്തിൽ പട്ടിത്തീട്ടം കണ്ടെത്തിയാൽ അത് DNA പരിശോധന നടത്തി , animal രെജിസ്ടറിയിൽ നിന്ന് നായയെയും ഉടമയെയും കണ്ടെത്തി ഫൈനും DNA പരിശാധനയുടെ ഫീസും ഈടാക്കും. ' യതി' എന്ന സാങ്കൽപ്പിക ജീവിയെ (big foot ) കൊല്ലുന്നത് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ക്രിമിനൽ കുറ്റമാണ്. തങ്ങളുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുക്കൽ ആയ ഭൂട്ടാൻ ആ രാജ്യത്തേക്ക് സിഗരറ്റ് കൊണ്ടുവരുന്നതും വലിക്കുന്നതും വിൽക്കുന്നതും പരിപൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. വളരെനാൾ പെണ്ണുകിട്ടാതെ ഇരുന്നിട്ട് കല്യാണം വരുമ്പോൾ അത് മുടക്കാൻ ഇറങ്ങിതിരിച്ചവർ നമ്മുടെ നാട്ടിൽ ധാരളം ഉണ്ട് എന്നാൽ ഓസ്‌ട്രേലിയയിൽ ഇത്തരം കല്യാണം മുടക്കികൾക്ക് പിടിക്കപ്പെട്ടാൽ 10000 ഡോളർ പിഴയും ഒരു വർഷം തടവും ശിക്ഷകിട്ടും . കല്യാണപ്പാർട്ടികളിൽ ബിയർ കാനുകൾ സ്വാഭാവികം എന്നാൽ അത് മുലകളുടെ ഇടയിൽ വച്ച് ക്രഷ് ചെയ്തു കളയാം എന്ന് കരുതിയാൽ ആസ്‌ട്രേലിയയിൽ സ്ത്രീകൾക്ക് പിഴ അടക്കേണ്ടി വരും. ക്യാനഡയിലേ ഒന്റാറിയോ സംസ്ഥാനത്ത് പെട്രോളിയ നഗരത്തിൽ ശബ്ദമലിനീകരണത്തിന് വലിയ വില കൊടുക്കേണ്ടിവരും .വിസിൽ അടിക്കുക , അലറുക , ഉറക്കെ പാട്ടുപാടുക എന്നതൊക്കെ ശിക്ഷാർഹമായ കുറ്റമാണ്. അവിടെത്തന്നെ ഓർഷ്വാ നഗരത്തിൽ മരത്തിൽ കയറുന്നതും നിരോധിച്ചിരിക്കുന്നു . പട്ടി കടിക്കാൻ ഓടിച്ചാൽ പോലും മരത്തിൽ കയറരുത് അതിന് വേറെ ഫൈൻ അടക്കേണ്ടി വരും. ജർമനിയിലെ ഓട്ടോബാനിൽ വാഹനത്തിന്റെ പെട്രോൾ തീർന്നു നിങ്ങൾ വഴിക്കായാൽ പെട്ടു . ജർമൻ സംസ്കാരത്തിന് യോജിക്കാത്ത അശ്രദ്ധയും ദീർഘവീക്ഷണവും ഇല്ല എന്ന കുറ്റത്തിന് നിങ്ങൾ ശിക്ഷിക്കപ്പെട്ടേക്കാം. കഴുകാതെ വൃത്തികെട്ട വാഹനങ്ങളുമായി റഷ്യൻ നഗരങ്ങളിൽ ഇറങ്ങിയാൽ വൻ പിഴ ഒടുക്കേണ്ടി വരും എന്നത് ഓർക്കുക. 2013 വരെ പന്നികൾക്ക് നെപ്പോളിയൻ എന്ന് പേരിടുന്നത് ക്രിമിനൽ കുറ്റമായിരുന്നു. തായ്ലണ്ടിൽ പൊക്കുമ്പോൾ ഉണ്ടെർവെയർ എടുക്കാൻ മറക്കരുത്. അടിവസ്ത്രം ഇല്ലാതെ വീടിനു പുറത്തിറങ്ങുന്നത് കുറ്റമാണ് തായ്‌ലൻഡിൽ. ഇലാസ്റ്റിക്ക് എങ്കിലും ഉണ്ടായിരിക്കണം അരക്ക് ചുറ്റും. ഇത് പുസ്തകങ്ങളിൽ മാത്രം ഉള്ള നിയമമാണ് . ജനങ്ങളുടെ അടിവസ്ത്രം പരിശോധിക്കൽ പ്രായോഗികമല്ല എന്ന് അവിടുത്തെ പൊലീസിന് അറിയാം. എന്നാൽ ഇന്തോനേഷ്യയി സ്വയംഭോഗം ചെയത് നിങ്ങൾ പിടിക്കപ്പെട്ടാൽ 32 മാസം ജയിലിൽ കിടക്കണം ഉറപ്പ്. സമൂഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് വലിയ ബോധ്യമുള്ള ജപ്പാൻ സർക്കാർ ആളുകൾക്ക് എത്ര വയർ ഉണ്ടാകാം എന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് 90 cm ഉം സ്ത്രീകൾക്ക് 86 cm കൂടുതൽ വയർ ഉണ്ടായാൽ ഡോക്ടർമാർ സർക്കാരില്ക്ക് റിപ്പോർട്ട് കൊടുക്കും . മെഡിക്കൽ ഇൻഷുറൻസ് പുതുക്കി കിട്ടാൻ എല്ലാ വർഷവും ഈ പരിശോധന നിർബന്ധമാണ്. വയർ കൂടിയ ആളുകൾക്ക് പിഴ ഒടുക്കേണ്ടി വരും കൂടാതെ reeducation പ്രോഗ്രാം എന്ന പേരിൽ 3 ആഴ്ചയോളം സർക്കാർ ചിലവിൽ വ്യായാമം ചെയ്യിക്കുകയും ചെയ്യും. വിവാഹ മോചനം നിയമവിരുദ്ധമായ രണ്ടു രാജ്യങ്ങളെ ഇന്ന് ലോകത്തിൽ ഉള്ളു ഫിലിപ്പൈൻസ് വത്തിക്കാൻ എന്നിവയാണവ. തുർക്കിയിൽ അയൽപക്കകാരന്റെ ഭാര്യ , ഭർത്താവ് , മകൻ , മകൾ , പശു ആട് എന്നിവരുമായി പ്രണയത്തിൽ ആകുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. ശ്രീ ലങ്കയിൽ പോയാൽ ബുദ്ധ പ്രതിമയ്ക്ക് മുൻപിൽ സെൽഫി എടുക്കരുത് . അപമാനിച്ചതായി കണക്കാക്കി നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാൻ അത് ധാരളം മതി. ഇന്ത്യൻ ട്രെഷർ ട്രോവ് ആക്ട് -1878 പ്രകാരം 10 രൂപയിൽ കൂടുതൽ മൂല്യമുള്ള എന്തും നിലത്തുനിന്നോ മറ്റോ വീണു കിട്ടിയാൽ കിട്ടിയ സ്ഥലം , സമയം കിട്ടിയ ആളുടെ പേര് എന്നിവ എഴുതി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം എന്നാണ് നിയമം . 10 രൂപയിൽ കുറവാണെങ്കിൽ കൊടുക്കേണ്ട ആവശ്യം ഇല്ല . ഈ നിയമപ്രകാരം ഇന്ത്യയിൽ നിധി കിട്ടിയാൽ റെവന്യു അധികാരികളെ അറിയിച്ചു സർക്കാരിലേക്ക് സർക്കാർ നിശ്ചയിക്കുന്ന ഒരു വിഹിതം നൽകേണ്ടതാണ്. എന്നാൽ ഇപ്പോൾ ഭൂമിയിൽ നിന്ന് കിട്ടുന്ന വിലയേറിയ സംഗതികൾ എന്തും ആർകെയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സ്വത്തായാണ് കണക്കാക്കപ്പെടുന്നത്. ന്യൂ സീ ലാൻഡിൽ കറൻസിയിൽ പേരെഴുതി വെക്കുന്നത് കുറ്റകരമാണ്. ഇത് എഴുതുമ്പോൾ ഓർമ വരുന്ന ഒരു സംഭവം വിവരിച്ചു കുറിപ്പ് ചുരുക്കുന്നു. നാട്ടിലെ പട്ടാളക്കാർക്ക് വിതരണത്തെ ചെയ്‌ത മിച്ചഭൂമിയിൽ വൻ വീട്ടിമരം ചില വിദ്വാന്മാർ മുറിച്ചു കടത്താൻ പ്ലാൻ ഇട്ടു. രാത്രിയിൽ വീട്ടി മുറിച്ചു. വലിയ മരം ആയത് കൊണ്ട് ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവന്നു. മുറിച്ച വർക്കിച്ചേട്ടൻ അധ്വാനത്തിന്റെ സംതൃപ്തിയോടെ മരത്തെ ഒന്ന് നോക്കി. ഇത് മുറിച്ച തന്റെ പേര് ചരിത്രത്തിൽ എഴുതപ്പെടണം എന്ന ബോധ്യത്തോടെ കോടാലികൊണ്ട് മനോഹരമായി തന്റെ പേരും അഡ്രസ്സും ഫോൺ നമ്പറും മരത്തിൽ കൊത്തി വെച്ചു. വാങ്ങിയ ആൾ ഇത് അറിഞ്ഞതേ ഇല്ല. ലോഡ് കയറി പോയി. നിലമ്പൂർ വച്ച് മരം പരിശോധിച്ച ഫോറെസ്റ് ഉദ്യോഗസ്ഥർക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പോലീസും ഫോറെസ്റ്റും കൂടി പിറ്റേന്ന് വീട് വളഞ്ഞു. മരം മുറിച്ച എല്ലാവരും അകത്തായി ഇന്നും കേസുമായി നടക്കുന്നു.
