"Tibetan Book of the Dead" Bardo Todol.

 


"Tibetan Book of the Dead"





Bardo Todol.

ഉച്ചവെയിലിലും കൊടും തണുപ്പിലും കാറ്റിലും പേമാരിയിലും അലഞ്ഞു തിരിയുമ്പോഴും കണ്ണെത്താത്ത വിജനമായ പുൽമേടുകളുടെ നടുവിലെ ഞാവൽ മരത്തിന്റെ തണലിൽ അലസനായിക്കിടന്ന് പുസ്തകം വായിക്കുന്നതാണെന്റെ മനസ്സ്. മനസാൽ ഗുരുവായി വരിച്ച കാൾ ഗുസറ്റാവ് യുങ്ങിനെ പിൻതുടർന്ന് ആൽക്കമിയും, Red book ഉം, അതീന്ദ്രിയ പ്രതിഭാസങ്ങളും ചെകുത്താൽ സേവയും ഓജുവ ബോഡുകളും ഒക്കെ യുങ്ങിലൂടെ അടുത്തറിയാൻ ഉള്ള യാത്ര രസകരമായിരുന്നു. അങ്ങനെയാണ് വാൻകൂവർ യൂണിവേഴ്സിറ്റിയുടെ പത്ത് നിലകൾ ഉളള വിശാലമായ ലൈബ്രറിയിൽ ഞാനീ പുസ്തകം കണ്ടെത്തിയത്.


"Tibetan Book of the Dead" എന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട."Bardo Todol." കാൾ യുങ്ങിന്റെ അതി ഗംഭീരമായ അവതാരികയോടെ തുടങ്ങുന്ന പുസ്തകം 1927 ൽ ഇംഗ്ലിഷിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതാണ്. വിഷയം - സർവ്വ ശക്തനും നിഗൂഢവുമായ - മരണം - തന്നെ. മരണത്തെ അറിയാൻ കഠോപനിഷത്ത് വായിച്ചിട്ടുണ്ടെങ്കിലും. ഇത്ര അധികാരികമായി,സൈദ്ധാന്തികമായി, ലളിതമായി മരണത്തെ വിവരിക്കുന്ന പുസ്തകം വേറെ ഇല്ല. ക്രിസ്തുവിനും 500 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ടത്. കിഴക്കിന്റെ നിഗൂഢതാ ജ്ഞാനം കാച്ചിക്കുറുക്കിയത്. മരണത്തെക്കുറിച്ചുള്ള പഠനമല്ല മറിച്ച് മരണത്തിലേക്ക് കൈപിടിച്ച്, ധീരതയോടെ, ശാന്തതയോടെ, സൗമ്യമായി നയിക്കുന്ന ഗൈഡാണിത്.


മനസിനെ എന്നും പ്രഹേളികയിൽ ആക്കുന്ന നിഗൂഢതയാണ് മരണം. മരണത്തെക്കുറിച്ചുള്ള പ0നങ്ങളും ചർച്ചകളും നിത്യജീവിതത്തിന്റെ ഭാഗമല്ല നമുക്ക്. പക്ഷെ, ലെ ,ലഡാക്ക്, ടിബറ്റൻ പീഠഭൂമിയിലുള്ള ബുദ്ധ സന്യാസിമാർക്ക് ഇത് നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകം. ഷെക്സ്പിയർ മരണത്തെ നിർവചിക്കുന്നു - "the unknown country, the land from which nobody returns." ജ്ഞാനികൾ മരണത്തെ പല രീതിയിൽ വ്യാഖ്യാനിക്കാറുണ്ട്. പുനർജന്മങ്ങൾ, ആത്മാക്കൾ, അങ്ങനെ എന്തെല്ലാം.പക്ഷെ കൈപിടിച്ച് മരണത്തിലേക്ക് നയിക്കുന്ന പുസ്തകം ഇല്ല തന്നെ. ആത്മഹത്യയേക്കുറിച്ചോ നൈരാശ്യത്തെക്കുറിച്ചോ ഭയത്തേക്കുറിച്ചോ അല്ല പറയുന്നതെന്ന് ഒടുവിൽ മനസിലാകും.


കുശാൽനഗർ പോയിട്ടുണ്ടാകും അല്ലെ? മൈസൂർ അടുത്തുള്ള ബുദ്ധ വിഹാരം? അവിടെ മൊണാസ്റ്ററിയിൽ ദലൈലാമയുടെ വലിയ ചിത്രം വെച്ചിട്ടുണ്ട്.കൂടാതെ ചുമരിൽ ബുദ്ധനെക്കൂടാതെ തുല്യ പ്രാധാന്യത്തോടെ വേറെ രണ്ട് പ്രതിമകളും കാണാം. അനേകം ചുമർ ചിത്രങ്ങളും മന്ത്ര ദ്വനികളും വെറുതെ കണ്ട് കേട്ട് നടക്കുമ്പോൾ ആരാണിവരൊക്കെ എന്താണിതൊക്കെ എന്ന് ആലോചിച്ചിട്ടുണ്ടോ? Tibetan Book of the Dead ൽ നിന്നുള്ള വിവരണങ്ങൾ തന്നെയാണാ ചുമർചിത്രങ്ങളിൽ മുഴുവൻ. ബുദ്ധന്റെ ഇടതു വശത്തു കാണുന്ന പുരുഷരൂപം ആണ് "പത്മ സംഭവൻ " -ടിബറ്റൻ ബുദ്ധിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗുരു.വലത് കാണുന്ന സ്ത്രീരൂപം പ്രകൃതിയുടെ സൈ്ത്രണ ഭാവം. ദേവീ ഭാവം.


ഇനി അല്പം ചരിത്രത്തിലേക്ക് കടക്കാം.ബുദ്ധന്റെ മരണത്തിന് ശേഷം ഇന്ത്യയിൽ നിന്നും ബുദ്ധിസം കിഴക്കോട്ട് വ്യാപിച്ച് നിറഞ്ഞു. ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ബലൂചിസ്താനിലെ സ്വാറ്റ് വാലിയിൽ ജനിച്ച ജനിച്ച ബുദ്ധ അനുയായി- പത്മ സംഭവനിലൂടെയാണ് ബുദ്ധമതം ഇന്നത്തെ ടിബറ്റ് ചൈന ജപ്പാൻ ബർമ്മ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത്. ടിബറ്റൻ ബുദ്ധിസത്തിന് മറ്റ് ബുദ്ധിസ്റ്റ് രിതികളുമായി പ്രകടമായ വ്യത്യാസം ഉണ്ട്. ആത്മീയ - ആചാരരീതികളിൽ കൂടുതൽ വേദാന്തിക് സ്വാധീനം ഉള്ളത് എന്ന് ലളിതമായി പറയാം. അഥർവ്വവേദവുമായി അടുത്ത് നിൽക്കുന്ന പല മന്ത്രങ്ങളും ആചാരങ്ങളും ടിബറ്റൻ ബുദ്ധിസത്തിൽ അവിടവിടെ കാണാം. പത്മസംഭവൻ ബുദ്ധനെപ്പോലെ ജ്ഞാനോദയം ലഭിച്ച ഗുരുവായിരുന്നു. പടിഞ്ഞാറൻ ടിബറ്റ് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കാശ്മീരിലെ ലെ ,ലഡാക്ക് എന്നീ സ്ഥലങ്ങളിൽ നിന്നും കിഴക്കോട്ട് സഞ്ചരിച്ച്, ചൈനയിലൂടെയാണ് ബുദ്ധിസം ലോകം മുഴുവൻ വ്യാപിക്കുന്നത്.



പത്മസംഭവനാണ് Tibetan Book of the Dead എഴുതിയത് എന്ന് വിശ്വസിക്കുന്നു. ഈജിപ്ഷ്യൻ ഫറവോ സംസകാരത്തിലും സമാനമായ മറ്റൊരു പുസ്തകം ഉണ്ട് - "ഈജിപ്ഷ്യൻ ബുക്ക് ഓഫ് ദ ഡെഡ്." മരണത്തെക്കുറിച്ചുള്ള ആത്യന്തികമായ അറിവാണിത്.ഈ നിഗൂഢ ജ്ഞാനം തെറ്റായ കരങ്ങളിൽ എത്തിപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷത്തുകൾ ഓർത്ത് പത്മ സംഭവൻ ഈ ഗ്രന്ഥം മരണത്തിന് മുൻപ് ഒളിപ്പിച്ച് വെച്ചു. ഗ്രന്ഥം രഹസ്യമായി കുടികൊണ്ടിരുന്ന സ്ഥലം അറിയപ്പെട്ടിരുന്നത് Forbidden Kingdom എന്ന് മാത്രം. നിഗൂഢവും ക്ലിപ്തവുമായ ഒരു മാപ്പ് മാത്രമെ അവശേഷിപ്പിച്ചിരുന്നുള്ളു. പിന്നീട് ആയിരം വർഷത്തോളം ഈ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. പുസ്തകം കൂടിയിരിക്കുന്ന സ്ഥലത്തെക്കുറിച്ച് സൂചനകൾ നൽകുന്ന മാപ്പും, അത് കൃത്യസമയത്ത് നിയോഗിക്കപ്പെട്ട ഒരാൾ കണ്ടുപിടിക്കും എന്ന പ്രവചനവും മാത്രം അവശേഷിപ്പിച്ച് പത്മസംഭവൻ നിർവാണം പുൽകി -പ്രകൃതിയിൽ അലിഞ്ഞു. കേവലം 500 വർഷങ്ങൾക്ക് മുൻപ് മാത്രം ആണ്, സന്യാസികളിൽ നിന്നും മാപ്പിലെ സൂചനകൾ നോക്കി, ഒരു ടിബറ്റൻ ഗ്രാമീണ ആട്ടിടയൻ ഹിമാലയൻ മലമടക്കുകളിൽ നിന്നും ഒരു കൽകൂമ്പാരത്തിൽ സൂക്ഷിച്ചിരുന്ന ഗ്രന്ഥം കണ്ടെടുത്തത്. ഗ്രന്ഥത്തിന്റെ ലോകപ്രശസ്തി ആരംഭിക്കുന്നത് 1919 ൽ ആണ്. കേംബ്രിഡ്ജ് പ്രഫസറും, ഫോക്ക് ലോറിൽ തന്റെ സാമ്രാജ്യം സൃഷ്ടിച്ച പ്രശസ്ത പണ്ഡിതനുമായ വാൾട്ടർ എവിൻസ് ആണ് ഈ അപൂർവ്വ കൃതിയെ പടിഞ്ഞാറിന് പരിചയപ്പെടുത്തിയത്.



മരണത്തെക്കുറിച്ച് ഏറെ വിശ്വാസങ്ങളും സംശയങ്ങളും ഉണ്ട്.പക്ഷെ മരണത്തിന് ശേഷം കൃത്യമായി എന്ത് സംഭവിക്കുന്നു എന്ന് വ്യക്തമായി അറിയാമെന്ന് വിശ്വസിക്കുന്ന സമൂഹം ആണ് ടിബറ്റൻ ബുദ്ധ സന്യാസികൾ. മരണത്തിന്റെ നിഗൂഢത പൊളിച്ചെഴുതിയവർ. ഗ്രന്ഥത്തിന്റെ ടിബറ്റൻ പേര് തന്നെ നോക്കൂ - "ബാർഡോ ടോഡോൾ "- സംസ്കൃത വാക്കായ "അന്ദർഭാവം" എന്ന വാക്കിൽ നിന്നാണ് ടിബറ്റൻ ബാർഡോ ടോഡോൾ ഉത്ഭവിക്കുന്നത്. " (ബാർഡോ = അന്തർ, ടോഡോൾ = ഭാവം.").ഇംഗ്ലിഷിൽ ഇതിനെ "transitional state" , "in-between state" എന്ന് വിളിക്കാറുണ്ട്. അത് തന്നെയാണ് മരണവും. Reality എന്നത് എന്താണ്? മാട്രിക്സ് എന്ന സിനിമയിൽ മോർഫ്യൂസ് നിയോയോട് ചോദിക്കുന്ന ചോദ്യം ഉണ്ട് - ചില സ്വപ്നങ്ങൾ നാം അനുഭവിക്കാറുണ്ട് ശരിക്കും - അത്തരം ചില സ്വപ്നങ്ങളിൽ നിന്ന് നാം ഒരിക്കലും ഉണരുകയേ ഇല്ലെങ്കിൽ സ്വപ്നവും യാഥാർത്യവും തമ്മിലുള്ള വ്യത്യാസം നാം എങ്ങനെ തിരിച്ചറിയും?? മരണത്തിന്റെ പുസ്തകം പറയുന്നു - ഉപനിഷദ് സമാനമായി - രണ്ട് ശരീരങ്ങൾ ഉണ്ട് - സൂക്ഷ്മ ശരീരവും സ്തൂല ശരീരവും. സൂക്ഷ്മ ശരീരത്തെ consciousness, ആത്മാവ്,Soul എന്നൊക്കെ വിളിക്കാം. പൂർണ്ണമായ യാഥാർത്യത്തിൽ നിന്നും പൂർണ്ണമാം യാഥാർത്യത്തിലേക്ക് എത്തപ്പെടുന്ന Consciousness. യാഥാർത്യം എന്നത് അപാരമായ ശൂന്യത മാത്രമാണെന് തിരിച്ചറിയുന്നു. എങ്കിലും, ആഗ്രഹങ്ങളിലൂടെയും, ഭയത്തിലൂടെയും ,സ്വപ്നങ്ങളിലൂടെയും നമ്മുടെ തന്നെ Reality സൃഷ്ടിച്ചെടുക്കുന്നു. ചുരുക്കി പറഞ്ഞാൽ ഏതോ ഭ്രാന്തൻ ഉച്ചയുറക്കത്തിൽ കണ്ട സ്വപ്നത്തിലെ വെറും കഥാപാത്രങ്ങളും സ്ഥലങ്ങളും സംഭവങ്ങളും മാത്രമാണ് നമ്മൾ.



പുസ്തകത്തെ "ബാർഡോ" കൾ ആയി തിരിച്ചിരിക്കുന്നു. മരണശേഷം കോൺഷ്യസ് നെസ് -സൂക്ഷമ ശരീരം പ്രവേശിക്കുന്ന മണ്ഡലങ്ങൾ എന്നാണ് ഓരോ ബാർഡോകൾ കൊണ്ടും ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ തന്നെ "മരണത്തിന്റെ ലക്ഷണങ്ങൾ " എന്ന ഭാഗവും ഉണ്ട് ഇതിൽ. ടിബറ്റിൽ മരണം സംഭവിച്ചാൽ സന്യാസിമാർ വന്ന് സംസ്കാര ദിവസം തീരുമാനിക്കും. പുസ്തകം പറയുന്നത് മരണദിവസം മുതൽ 49 ദിവസം സൂക്ഷ്മ ശരീരം പല ബാർഡോകളിലൂടെ സഞ്ചരിക്കുകയായിരിക്കും എന്നാണ്. 49 എന്ന സംഖ്യ ശ്രദ്ധിക്കൂ.മറ്റ് പല വിശ്വാസങ്ങളിലും ഇത് 40,7,41,48, 14, ഇങ്ങനെ പലതാണ്. ഈ ദിവസങ്ങളിൽ ഉറ്റവർ പുല ആചരിക്കും. ആത്മാവിന്റെ മോക്ഷത്തിന് വേണ്ടി പ്രാർത്ഥനകളും കർമ്മങ്ങളും നടത്തും. ടിബറ്റൻ ബുദ്ധിസത്തിൽ ഇത് 49 ആണ്.ഈ ദിവസങ്ങൾ മുഴുവൻ ഈ സന്യാസിമാർ, മരിച്ച വീട്ടിൽ ശരീരത്തിന് അടുത്ത് ഇരുന്നും,സംസ്കാര സ്ഥലത്തും, തുടർന്നും തുടർച്ചയായി ഈ ഗ്രന്ഥത്തിൽ നിന്നും ഉറക്കേ വായിച്ചു കൊണ്ടേയിരിക്കും.


ബുദ്ധിസ്റ്റ് ടിബറ്റൻ ശവസംസ്കാരത്തിന് Sky Burial എന്നാണ് പറയുക. ശരീരത്തെ കഴുകി വൃത്തിയാക്കിയതിന് ശേഷം നട്ടെല്ല് മറ്റ് ജോയന്റുകൾ എല്ലാം ഒടിച്ച് ഗർഭസ്ഥ ശിശുവിന്റെ രൂപത്തിൽ ചുരുട്ടി കൂട്ടി തുണിയിൽ പൊതിയുന്നു. പിന്നീട് മന്ത്ര ദ്വനികളോടെ ചുമന്ന് മലഞ്ചെരുവിൽ പാറക്കൂട്ടങ്ങൾ തിങ്ങി നിറഞ്ഞ Tower of Silence എന്ന് വിളിക്കുന്ന സ്ഥലത്ത് എത്തിക്കുന്നു. ശഗുണ്ഡിക്ക് സമനായ ശവസംസ്കാര കാർമ്മി ഇതിന് നേതൃത്തം കൊടുക്കുന്നു. അയാൾ കെട്ടുകൾ അഴിച്ച് ശരീരം പല ചെറിയ ഭാഗങ്ങളായി വെട്ടി മുറിക്കുന്നു. പിന്നീടവ കഴുകൻമാർക്ക് ഭക്ഷണമായി നൽകുകയാണ്. അര മണിക്കൂറിനുളളിൽ ശരീരം നിശ്ശേഷം ഭൂമിയിൽ നിന്ന് അപ്രത്യക്ഷം. ഈ നേരമത്രയും സന്യാസികൾ മന്ത്രങ്ങൾ ജപിച്ചുകൊണ്ടേയിരിക്കും. ബന്ധുക്കൾ ആരും ഇത് കാണാൻ നിൽക്കാറില്ല.



ഈ ചടങ്ങിന് ശേഷവും ഗ്രന്ഥ വായന തുടർന്നു കൊണ്ടേയിരിക്കും 49 ദിവസം വരെ. സൂക്ഷമ ശരീരo മരണാനന്തരം പ്രവേശിക്കുന്ന വ്യത്യസ്ത ബാർഡോകളിൽ പല പ്രലോഭനങ്ങളും ഭീതിയും നേരിടേണ്ടി വരുമത്രേ. പല രൂപങ്ങൾ - മറ്റ് മണ്ഡലങ്ങളിൽ വസിക്കുന്നവ- ദുരാത്മാക്കൾ തുടങ്ങിയവ പ്രലോഭിപ്പിക്കും ഭയപ്പെടുത്തും. പിൻതിരിപ്പിക്കും. ഇതൊക്കെ Consciousness ന്റെ വ്യത്യസ്ത പ്രതിരൂപങ്ങൾ manifest ചെയ്യുന്നതാണ് എന്നാണ് ഗ്രന്ഥം പറയുന്നത്. മനസ് തന്നെ മനസിനെ കലക്കും കൺഫ്യൂഷൻ ആക്കും. ഉദാ- പാമ്പിനെ കാണുമ്പോൾ ആദ്യം - ഓടണോ, കൊല്ലണോ, ആരാധിക്കണോ, ചിത്രമെടുക്കണോ, ആളെ വിളിക്കണോ എന്നൊക്കെ സംശയിക്കും പോലെ. ഇവിടെ ഏതെങ്കിലും manifestation ൽ കീഴ്പ്പെട്ട് പോയാൽ consciousness അതിൽ കുടുങ്ങി അതിൽ മാനിഫെസ്റ്റ് ചെയ്യുകയേ വഴിയുള്ളൂ.


ഈ പ്രലോഭനങ്ങളിൽ കുടുങ്ങാതെ. Reality, സൂക്ഷമ ശരീരത്തിന്റെ സ്തായീഭാവമായ pure consciousness, White pure light ലക്ഷ്യമാക്കി യാത്ര തുടരാൻ ഉള്ള നിർദ്ദേശങ്ങൾ ആണ് ഓരോ ബാർഡോയിലും ഉള്ളത്. ഉദാ: ഒന്നാം ബാർഡോയുടെ ഇംഗ്ലീഷ് പരിഭാഷയിലെ തുടക്കം ഇങ്ങനെയാണ്:

"oh! nobly born fear thou not, thou art dead, leave all your connection and attachment with your body and earth . move forward fear thou not ..."


ആദ്യ ബാർഡോയിലെ പരീക്ഷണങ്ങൾ നേരിട്ട് പിന്നീട് സുഖലോലുപതയുടെ അടുത്ത ബാർഡോയിൽ പ്രവേശിക്കുന്നു സൂക്ഷമ ശരീരം.അങ്ങനെ വിവിധ ബാർഡോകളിൽ കടന്ന് Pure White light ലക്ഷ്യമാക്കി യാത്രയാകുന്ന മനസിന് കൊടുക്കുന്ന നിർദ്ദേശങ്ങൾ, മനസിനെ supreme consciousness ൽ എത്തിക്കുക. പുനർജന്മങ്ങൾ ഇല്ലാതെ ആത്മാവിൽ വിലയം പ്രാപിക്കാൻ സഹായിക്കുക എന്ന ലക്ഷ്യമാണ്. പരിപൂർണ്ണമാം നിർവ്വാണം.



ചില ആധുനിക മരണ ചിന്തകൾ.Near Death Experience (NDE) യെ ക്കുറിച്ച് പറയണം. ടിബറ്റൻ മരണ സ്റ്റേജുകളും near death experience descriptions ഉം ആയി യാതൊരെ വ്യത്യാസവും ഇല്ല എന്ന് മാത്രമല്ല അക്ഷരം പ്രതി ശരിയുമാണ് . മരിച്ചു എന്ന് clinically dead എന്ന് ശാസ്ത്രം വിധി എഴുതി - പക്ഷെ ജീവിതത്തിലേക്ക് തിരികെ വന്ന ആയിരക്കണക്കിന് ആളുകളുടെ വിവരണം,






അനുഭവം തുടങ്ങിയവയെക്കുറിച്ചുള്ള പഠനം ആണ് NDE. മരിച്ചു കൊണ്ടിരിക്കുന്ന തലച്ചോറിന്റെ കെമിക്കൽ റിയാക്ഷനിൽ നിന്നും ഉണ്ടാകുന്ന ഹലൂസിനേഷൻസായി മാത്രമാണ് NDE യെ വൈദ്യശാസ്ത്രം കരുതിയിരുന്നത്. പക്ഷെ സമീപകാലത്ത് നടന്ന ചില അനുഭവങ്ങൾ പ0നങ്ങൾ ആ സങ്കല്പത്തെ മാറ്റി. ഇന്ന് NDE വലിയ പ്രാധാന്യമുള്ള ശാഖയായി മാറി. Australia കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു NGO ഉണ്ട്, ഞാൻ അതിൽ സജീവ ഓൺ ലൈൻ മെമ്പറാണ്. ഞാൻ താമസിക്കുന്ന വാൻകൂവറിൽ നിന്നും ഒരു മണിക്കൂർ മാത്രം ദൂരം ഉള്ള സിയാറ്റിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഒരു ഡോക്ടർ സുഹ്രുത്ത് പങ്കുവച്ച സംഭവം പറയാം. കാർ ആക്സിടന്റിൽ മരണത്തോട് അടുത്ത് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതി - സർവ്വ പരീക്ഷണങ്ങളും ശ്രമങ്ങളും നടത്തിയിട്ടും ഒടുവിൽ ഫ്ലാറ്റ് ലൈൻ കാണിക്കുന്ന ECG. clinically dead. പക്ഷെ ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് പൾസ് വീണ്ടെടുക്കുന്നു. ഹൃദയം പ്രവർത്തനം ആരംഭിക്കുന്നു. Ressucitation. പിന്നീട് ഇവരോട് ചോദിച്ച ടോക്ടർമാർ പതിവ് ഉത്തരങ്ങൾ തന്നെയാണ് പ്രതീക്ഷിച്ചത്.വെള്ള വെളിച്ചം കണ്ടതും. ഭൂമിയിലേക്ക് തിരിച്ച് വരാൻ മടി കാണിച്ചതും. മറ്റും.പക്ഷെ തുടർന്ന് അവർ പറഞ്ഞത് കേട്ടവർ എല്ലാം ഞെട്ടി.clinically dead ആയിരുന്ന സമയത്ത് ആ മുറിയിൽ നടന്ന സംഭവങ്ങൾ എല്ലാം അവർ കൃത്യമായി പറഞ്ഞിരിക്കുന്നു.E CG മെഷീൻ റീഡിംഗ് മുതൽ, സമയം വരെ. പിന്നീട് ശരീരം വിട്ട് ആശുപത്രിയുടെ മുകളിൽ വരെ ഉയർന്ന അവർ അവിടെ വാട്ടർ ടാങ്കിൽ ചാരി വെച്ച നമ്പർ പ്ലേറ്റും ടെന്നീസ് ഷൂവും കൃത്യമായി പറഞ്ഞു. ആദ്യമായി ആശുപത്രിയിൽ എത്തി.അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന വ്യക്തി.! പരീക്ഷിക്കാൻ ടെറസ്സിൽ ചെന്ന ഡോക്ടർ മാർ ഞെട്ടി.അതേ നമ്പർ പ്ലേറ്റ് ,അതേ ടെന്നീസ് ഷൂ. അതേ ടെറസിൽ. അതേ സ്ഥലത്ത്. ഇന്ന് കാര്യമായി വൈദ്യശാസത്രം പഠിക്കുന്ന ഒന്നാണ് NDE.



ഒന്നാലോചിച്ച് നോക്കൂ. ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചവരല്ലേ കൂടുതൽ? സാമ്രാജ്യങ്ങൾ കീഴടക്കിയവർ! ശാസ്ത്രജ്ഞർ, സുന്ദരികൾ, കാമുകൻമാർ, കുട്ടികൾ, അങ്ങനെ എത്ര പേർ! അവരുടെ പ്രണയവും,സ്നേഹവും സ്വപ്നങ്ങളും എല്ലാം എവിടെ? മരണത്തിലൂടെ നാം പുതിയ ഒരു യാഥാർത്യത്തിലേക്ക് ജനിച്ചിറങ്ങുകയാണോ? അതോ എല്ലാം തീർക്കുന്ന ശൂന്യതയോ..? മനോഹരമായിരിക്കണം മരണം പതുപതുത്ത ചുവന്ന മണ്ണിൽ, തലയ്ക്ക് മുകളിൽ കാറ്റിൽ ഉലയുന്ന ഇലകളുടെ മർമ്മരം കേട്ട്, നിശ്ശബ്ദതയുടെ സംഗീതത്തിൽ നിറഞ്ഞ്, വാകപ്പൂക്കളിൽ മൂടി, രാപ്പാടികളുടെയും മറ്റ് രാക്കിളികളുടെയും സംഗീതം കേട്ട് മഞ്ഞിൽ നിലാവിൽ പറന്നിറങ്ങുന്ന മിന്നാമിന്നികളെ കണ്ട്, ഇന്നലെകൾ ഇല്ലാതെ, സമയത്തെയും ജീവിതത്തെയും മറന്ന് അങ്ങനെ അനാധിയായി മറ്റൊന്നിലേക്കുള്ള പരിണാമം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph