ഫ്രാങ്കോകാസ്റ്റെലോ കൊട്ടയിലെ രഹസ്യം
വ്യക്തമായ കാരണങ്ങളില്ലെങ്കിൽ പോലും മനുഷ്യമനസ് ചിലപ്പോൾ ഘോരമായ ഭയത്തിന് അടിമപ്പെട്ടു പോകാറുണ്ട്. അദൃശ്യവും അസാധാരണവും നിഗൂഢവും അതീന്ദ്രിയവുമായ പല സംഭവങ്ങൾ കാരണങ്ങൾ - മനസ്സിനെ മറ്റ് തലങ്ങളിലേക്ക് എടുത്തു കൊണ്ടു പോകുന്നു. പ്രേതങ്ങൾ, പൈശാചിക ശക്തികൾ ഉണ്ടോ ! അതീന്ദ്രിയ ശക്തികൾ നമ്മുടെ ഇടയിൽ എത്രത്തോളം സക്രീയമാണ്! ഈ ചിന്തകളൊക്കെ ഏതൊരു മനസിലും ഇന്നും സംശയത്തിന്റെ വിത്തുകളാണ്.ചില മനസുകളിൽ വൻ മരങ്ങളും.! നാനാജാതി ജീവ ജന്തു സസ്യ കൃമീ ജാലങ്ങൾ കൊണ്ട് നിറഞ്ഞ ഭൂമിയിൽ പ്രേതങ്ങൾ ആത്മാക്കൾ പിശാചുക്കൾ യക്ഷികൾ തുടങ്ങിയവർ കൂടി ഉള്ളത് ജീവിതത്തിന്റെ കാല്പനിക സൗന്ദര്യത്തിന് മുതൽകൂട്ടാകും എന്നാണ് എന്റെ പക്ഷം. ബാല്യ സമാനമായ പ്രേതഭയം കൊണ്ട് കിടിലം കൊണ്ട് കടവാവലുകളുടെ ചിറകടിയൊച്ചയും നരിച്ചീറുകളുടെ കരച്ചിലും കേട്ട് അമ്മച്ചിപ്ലാവിൽ വന്നിരിക്കുന്ന മൂങ്ങയുടെ ചിറകടിയൊച്ച ശ്രദ്ധിച്ച് നിലാവിൽ നീലമലയിൽ കൂട്ടമായി ഓരിയിടുന്ന ചെന്നായ്ക്കളുടെ സിംഫണിയിൽ ലയിച്ച് ,കരിന്തിരി കത്തുന്ന മണ്ണെണ്ണ വിളക്ക് പതിയെ ഊതി ഭയത്തിന്റെ കരിമ്പടം മൂടിപ്പുതച്ച് ഉറങ്ങിയ എത്ര രാത്രികൾ.!
പ്രേത സങ്കൽപ്പങ്ങൾ തന്നെ സംസ്കാരങ്ങൾക്കനുസരിച്ച് മാറിയിരിക്കും. കേരള- ഇന്ത്യൻ സംസ്കാരത്തിൽ വെള്ള സാരി അഴിഞ്ഞ മുടി വെള്ളിയാഴ്ച്ച പാട്ട് പാല പൂവ് തുടങ്ങിയവ അവിഭാജ്യമാണെങ്കിൽ ചൈനീസ് പ്രേതങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നാം മലയാളികൾ ചിരിച്ച് ശ്വാസം മുട്ടും. :ചൈനീസ് പ്രേതങ്ങൾ നെറ്റിയിൽ മരിച്ച ദിവസം എഴുതി വെച്ചിരിക്കും. നീല നിറം. കൈകാലുകൾ ബന്ധിക്കപ്പെട്ടതുകൊണ്ട് ചാടിച്ചാടിയാണ് നടപ്പ് .ചൈനക്കാർ അത്യധികം ഭയത്തോടെയാണ് അവയെക്കുറിച്ച് സംസാരിക്കുക. യൂറോപ്യൻ പ്രേതങ്ങൾക്ക് കോസ്റ്റ്യൂമുകളിൽ വലിയ താത്പര്യമില്ല. പൈശാചികതയിലാണ് ശ്രദ്ധ മുഴുവൻ. നരകത്തിന്റെ സന്ധതികൾ.
ഇനി പറയുന്ന കാര്യം സത്യവും, ഇപ്പോഴും നിലനിൽക്കുന്നതും.ശാസ്ത്രലോകത്തിന് കൃത്യമായി നിർവ്വചിക്കാൻ പറ്റാതെ ഇരുട്ടിൽ തപ്പുന്നതുമാണ്. വായനക്കാർക്ക് ആർക്ക് വേണമെങ്കിലും വിക്കിപീഡിയയിലോ മറ്റ് റഫറൻസ് ഗ്രന്ഥങ്ങളിലോ നോക്കി ഈ സംഭവം ,പ്രതിഭാസം ഉള്ളത് മനസിലാക്കാവുന്നതാണ്.നിർവ്വചിക്കാൻ ശ്രമിക്കാവുന്നതാണ്
കുരിശ് യുദ്ധങ്ങളുടെ കാലഘട്ടത്തിൽ 1371 ൽ വെനീഷ്യൻസ് പണികഴിപ്പിച്ച കോട്ടയാണ് ഫ്രാങ്കോകാസ്റ്റെലോ.സോർബ ദ ഗ്രീക്കിന്റെ.നിക്കോസ് കസാൻ സാക്കിസിന്റെ അതേ ക്രെറ്റേയിൽ.ജനാധിപത്യത്തിന്റെ ജന്മഭൂമിയായ ക്രെറ്റേയിൽ.sfKia Region നിൽനിന്നുള്ള പ്രതിലോമശക്തികൾക്ക് തടയിടാൻ വെനിഷ്യൻമാർ നിർമ്മിച്ച കോട്ടയാണിത്. Sfkia എന്ന വാക്കിന്റെ അർത്ഥം "Catholic foreigners " എന്നാണ്.
പിന്നീട് ഓട്ടോമൻ സാമ്രാജ്യത്തിന്റെ പടയോട്ട കാലത്ത് ഈ കോട്ട തുർക്കികളുടെ കീഴിൽ ആയി. എങ്കിലും ഹെരാക്ലിയൻ എന്ന ധീര സൈന്യാധിപന്റെ കീഴിൽ അണിനിരന്ന സൈന്യം തുർക്കികളെ കീഴടക്കുകയും അവരെ കൂട്ടക്കൊല ചെയ്ത് കോട്ട സ്വതന്ത്രമാക്കുകയും ചെയ്തു എന്നത് ചരിത്രം.1828 മെയ് 17 ന് നടന്ന ഈ യുദ്ധത്തിൽ 350 ഓളം മാത്രം വരുന്ന ഹെരാ ക്ലിയൻ സൈന്യവും നാമാവശേഷമായി. ഒരു സൈനികൻ പോലും അവശേഷിക്കാതെ അവരും യുദ്ധത്തിൽ കൊലചെയ്യപ്പെട്ടു.
ഇനി കാര്യത്തിലേക്ക് കടക്കാം.1828 മെയ് 17 ന് നടന്ന ആ രക്തരൂക്ഷിതമായ യുദ്ധത്തിന് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇന്നും യുദ്ധം നടന്ന ആ സമയത്തിന്റെ വാർഷികം എന്ന പോലെ മെയ് മാസം 17 ന് ശേഷം എല്ലാ വർഷവും സൂര്യോദയത്തിന്റെ സമയത്ത് മനുഷ്യരൂപമുള്ള നിഴൽ രൂപങ്ങൾ, കറുത്ത വസ്ത്രം ധരിച്ച് ,കുതിരപ്പുറത്തും മാർച്ച് ചെയ്തും, സർവ്വായുധരായി അഗിയോസ് കാരലംബോ മൊണാസ്റ്ററിയിൽനിന്ന് പുറപ്പെട്ട് ഫ്രാങ്കോകാസ്റ്റലോയിലേക്ക് മാർച്ച് ചെയ്യുന്നത് കാണപ്പെടുന്നു.തദ്ദേശവാസികൾ ഇതിനെ "Drosuites " എന്ന് വിളിക്കുന്നു. =(dew men) മഞ്ഞുതുള്ളിയിലെ മനുഷ്യർ ! യുദ്ധത്തിൽ മരിച്ച സൈന്യാധിപനും സൈനികരും മരണം തിരിച്ചറിയാതെ ഇന്നും നടത്തുന്ന സൈനിക നീക്കമത്രേ! മദ്യധരണ്യാഴിയുടെ തീരത്തുള്ള ഫ്രാങ്കോകാസ്റ്റലോ കോട്ടയിലേക്കുള്ള ആത്മാക്കളുടെ ഈ പോക്ക് കാണാൻ ഇന്നും ടൂറിസ്റ്റുകൾ അവിടെ തമ്പടിച്ച് കാത്ത് കിടക്കാറുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ക്രെട്ടയിൽ തമ്പടിച്ച നാസി പട്ടാളക്കാർ ഈ രൂപങ്ങൾ കണ്ട് യഥാർത്ഥ സൈന്യം ആണെന്ന് കരുതി അവർക്കെതിരെ വെടിയുതിർത്തിരുന്നതിന് യുദ്ധ രേഖകൾ സാക്ഷി.
പ്രഭാതത്തിൽ സമുദ്രം ശാന്തമായിരിക്കുന്ന മെയ്മാസ പ്രഭാതത്തിൽ പുലർച്ചെയാണ് ഈ "പ്രതിഭാസം " ദർശിക്കാനാകുക. ശാസ്ത്രം പല വ്യാഖ്യാനങ്ങൾ നൽകിയെങ്കിലും "Drosoulite" എന്ന പ്രതിഭാസം ഇന്നും അത്ഭുതമായി തന്നെ അവശേഷിക്കുന്നു. മെഡിറ്ററേനിയൻ കടലിന്റെ ഇക്കരയിലുള്ള ലിബിയൻ മരുഭൂമിയിൽ സൃഷ്ടിക്കപ്പെടുന്ന മരീചികയുടെ പ്രതിഫലനമാണ് അത് എന്ന് ശാസ്ത്രലോകത്തിൽ ഒരു കൂട്ടർ പറഞ്ഞു എങ്കിലും, ട്രെസല്യൂട്ട് കണ്ടവർ അത് നിരാകരിക്കുന്നു. ഡ്രെസല്യൂട്ട് ഇന്നും നടക്കുന്നു. ഫ്രാങ്കോകാസ്റ്റിലോ കോട്ട കൈവിട്ട് പോകാതിരിക്കാൻ ഇന്നും തുടരുന്ന സൈനിക നീക്കം.. അവർ മരിച്ചത് അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അല്ലേ? സമയം കാലം എന്നിവ ആത്മാക്കൾക്കുണ്ടാകുമോ? ഭൂമി മാത്രമാണോ ജീവന്റെ ഒരു തലം? ശരിരത്തിനപ്പുറം പരിപൂർണ്ണതയാണെങ്കിലോ? ആർക്കറിയാം! ജിവനോടെ ഉണ്ടായിരുന്നതോ ഇനി ഉണ്ടാവാൻ സാധ്യത ഉള്ളതോ ആയ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല എങ്കിലും ഒരു പരമ ശക്തിയെ ഞാനെന്നും മനസാ വണങ്ങാറുണ്ട്. എന്ത് പേര് വേണമെങ്കിലും കൊടുക്കാം. അതേപോലെ തന്നെ. നെഗറ്റീവ് എനർജികൾ, ശാപങ്ങൾ , എന്നിവയും നിരീക്ഷണങ്ങളിലൂടെ കുറെ ഏറെ മനസിലായിരിക്കുന്നു.കണ്ടത് തുലോം.. കാണേണ്ടത് ഏറെ.ആർക്കറിയാം.. ഡ്രെസല്യൂട്ടിനെക്കുറിച്ച് ആർക്കും പഠിക്കാം. കൃത്യമായ നിർവ്വചനം കിട്ടിയാൽ അറിയിക്കുക.
