“ദ നൺ' ആന്‍ഡ്‌ “ദി വാലക്ക്”; പൈശാചികതയുടെ പിന്നാമ്പുറങ്ങള്‍

 


ഒരു തലമുറയ്ക്ക് നരകത്തിന്‍റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട ഡ്രാക്കുള എന്ന വിശ്വവിശ്രുതമായ നോവല്‍  ജനിച്ച അതെ റൊമാനിയയുടെ വിദൂരപർവതനിരകളുടെ ഇടയിലുള്ള ഒരു ഭൂപ്രദേശത്തിന്‍റെ തണുത്ത പശ്ചാത്തലത്തിൽ ഭയത്തിന്‍റെ കരിമ്പടം പുതച്ചിറങ്ങുന്ന കറുത്ത മൂടല്‍ മഞ്ഞുപോലെ ഒരു കഥ പതിയെ രൂപപ്പെടുന്നു. അത് പതിയെ പ്രേക്ഷക മനസ്സിലേക്ക് നുഴഞ്ഞു കയറുന്നു. ഇടതടവില്ലാത്ത മഴ പെരുമ്പറ കൊട്ടുന്നത് പോലെ ഭൂമിയെ ആഞ്ഞടിക്കുന്നുണ്ട് ആകാശത്തെ പിളർത്തുന്ന ഇടിമുഴക്കത്തില്‍ നട്ടെല്ലിലൂടെ മിന്നി മറയുന്ന വിറയല്‍. മൂങ്ങകളുടെ ദുഷിച്ച നിഴലുകൾ മരങ്ങളെ വേട്ടയാടുന്നു. ഇന്ദ്രിയങ്ങളുടെ ചുറ്റളവിൽ പതിയിരിക്കുന്ന ചെന്നായ്ക്കളുടെ ഭയാനകമായ ഓരിയിടല്‍... ചില രാത്രിനിഴലുകള്‍.. പ്രേത രൂപങ്ങള്‍... കറുത്തമഷിപുരണ്ട ആകാശത്ത് ഗതികിട്ടാത്ത ആത്മാക്കളെപ്പോലെ പറക്കുന്ന വവ്വാലുകൾ... ഇരുട്ടില്‍ ഹൃദയം പിളര്‍ക്കുന്ന ഒരു വിലാപം വിചനഭൂമിയുടെ അശുഭശബ്ദങ്ങളില്‍ പൊടുന്നനെ അലിഞ്ഞുപോകുന്നു... ജീവന്‍റെയും മൃത്യുവിന്‍റെയും ഇടയിലുള്ള നേര്‍ത്ത രേഖകള്‍ പതിയെ മങ്ങുകയും ഗോത്രസ്മൃതികളുടെയും പൌരാണിക മണങ്ങളുടെയും ഇളംചൂട് ആകെ മൂടുകയും പതിയെ നാം നമ്മെ മറക്കുകയും ചെയ്യുന്നു.

 

“ഭയം” എന്ന പ്രതിഭാസത്തിന്‍റെ കാല്‍പനിക മൂല്യം എത്ര വര്‍ണ്ണിച്ചാലും നമുക്ക് മതിയാവില്ല. എന്തുകൊണ്ടാണ് നാം ഭയം ഇഷ്ട്ടപ്പെടാന്‍ കാരണം? ഇഷ്ട്ട്ടപ്പെടുന്നുണ്ടോ? ഹൊറര്‍ സിനിമകളുടെ വിജയരഹസ്യം പിന്നെ എന്താണ്?

അജ്ഞാതമായ ചില പൈശാചിക ആകർഷണത്താൽ നാം പ്രേത സിനിമകളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണോ എന്ന് തമാശയ്ക്ക് ചോദിക്കാം. പക്ഷെ അതല്ല കാരണം. നമ്മില്‍ അന്തര്‍ലീനമായ തടയാന്‍ പറ്റാത്ത മാരക ജിജ്ഞാസ സിരകളിലൂടെ കടന്നുപോകുന്നതാണ് ഒരു കാരണം. വിചിത്രമായ കാര്യങ്ങളോടുള്ള കൌതുകം. കഥകേട്ടിരിക്കാനുള്ള ഇഷ്ട്ടം. അഗാധമായ ഭയത്തിന്‍റെ വിലക്കപ്പെട്ട ഫലങ്ങൾ തേടിയുള്ള യാത്രനല്‍കുന്ന ത്രില്‍. എപ്പോഴെങ്കിലും പിന്നിട്ടിരിക്കാന്‍ സാധ്യത ഉള്ള ചില പാതയിലൂടെ വീണ്ടും ഒരു സഞ്ചാരം എന്നിവയൊക്കെയും കാരണമാകാം. അവിശുദ്ധ ബന്ധങ്ങള്‍ അറിയുവാനുള്ള ആകാംഷ, നമ്മില്‍ തന്നെയുള്ള അമാനുഷികതയുമായുള്ള താതാത്മ്യം പ്രാപിക്കല്‍ അല്ലെങ്കില്‍ ഏറ്റുമുട്ടൽ. ഇതൊക്കെ നമ്മെ പ്രേത സിനിമകളിലേക്ക് ആകര്‍ഷിക്കുന്നു.

ഹൊറർ വിഭാഗത്തിലേക്കുള്ള നമ്മുടെ ആകർഷണത്തിന്‍റെ പ്രധാന കാരണം ഭയം നല്‍കുന്ന ലഹരി തന്നെയാണ്. സിനിമയില്‍ നാം ആശ്ലേഷിക്കുന്ന ഭീകരത നമുക്ക് അമൃതമായി മാറുന്നു. അപ്രതിരോധ്യമായ അഡ്രിനാലിന്‍ തള്ളലില്‍ നാം അനുഭവിക്കുന്ന ത്രില്‍. അമാനുഷികവും അജ്ഞാതവുമായ നമ്മുടെ അടങ്ങാത്ത ആഗ്രഹങ്ങളെ ജ്വലിപ്പിക്കുന്നതിനുള്ള രാസത്വരകങ്ങള്‍, സിനിമകളിലെ നിഴലുകളുടെ വിചിത്രമായ ബാലെ എല്ലാം കൂടി അരിസ്റ്റോട്ടില്‍ പറഞ്ഞ കാതർസിസ് (സംശുദ്ധീകരണം) തേടുകയാണ് നമ്മള്‍. കുഴിച്ചിട്ട ഉത്കണ്ഠകളുടെ വിശുദ്ധ ഭൂതോച്ചാടനം നമ്മുടെ അസ്വസ്ഥമായ ആത്മാക്കളുടെ രോഗശാന്തി. നാം കഥാപാത്രങ്ങളുമായി ഒന്നായിത്തീരുന്നു, അവരുടെ ഭയം നമ്മുടെ ഉള്ളിൽ പ്രതിധ്വനിക്കുന്നു, അഗാധമായ അനുഭൂതിയുള്ള ഒരു ബന്ധം കെട്ടിപ്പടുക്കുന്നു.

 

അങ്ങനെ ഒരു കഥയാണ്‌ ഇനിപറയാന്‍ പോകുന്നത്..

 

ഭയത്തിന്‍റെ സൗന്ദര്യശാസ്ത്രവും നിഗൂഡതകളും ഇഴചേര്‍ന്ന ഹൊറര്‍ ഴോണര്‍ എന്ന വിഭാഗത്തില്‍ നിര്‍മ്മിക്കപ്പെട്ട മനോഹര സിനിമയാണ് “The Nun”  ഭയത്തിന്‍റെ സത്തയെ അതിന്‍റെ നരക പീഠത്തിലേക്ക് എത്തിക്കുന്ന ഒരു സിനിമാറ്റിക് മാസ്റ്റർപീസ്! ഇത് വെറുമൊരു സിനിമയല്ല മറിച്ച് ഭയത്തിന്‍റെ അഗാധതയിലേക്കുള്ള ഒരു ഒഡീസിയാണ്. അന്ധകാരവുമായുള്ള ഒരു അവിശുദ്ധ കൂട്ടായ്മയാണ്. സിനിമയുടെ എടുത്തുപറയേണ്ട ആഖ്യാന ശൈലി ആത്മാവിനെ പ്രകമ്പനം കൊള്ളിക്കും. തിരക്കുകളുടെ ചരടുകള്‍ പതിയെ അഴിച്ച് ഒരാൾക്ക് സിനിമയുടെ ലഹരിപിടിച്ച പേടിസ്വപ്നത്തിൽ അകപ്പെടാതിരിക്കാൻ കഴിയില്ല. ഇമേജറികളുടെ ഹരം പകരുന്ന ബാലെയാണ് സിനിമ. മരണത്തിന്‍റെ മണ്ഡലങ്ങളുടെ അതിരുകൾ മറികടക്കുന്ന ഒരു കലാരൂപമായി ഒരു പ്രേത സിനിമ മാറുന്നത് അപൂര്‍വ്വമായാണ്‌. "സന്യാസിനി" വേറെ ഒരു ലോകത്തിലേക്ക് നമ്മെ വശീകരിക്കുന്നു, അവിടെ വിശ്വാസവും ഭയവും തമ്മിലുള്ള ശാശ്വതമായ യുദ്ധമാണ് നടക്കുന്നത്. ഈ ഭയാനകമായ യുദ്ധത്തില്‍ നമ്മൾ വെറും കാഴ്ചക്കാരല്ല പങ്കാളികളാണ്. "The NUN" സമൃദ്ധമായൊരു പേടിസ്വപ്‌നമാണ്, നരകത്തിലേക്കുള്ള അശ്രാന്തമായ ഇറക്കമാണ്, ഭയാനകമായ ഒരു മാസ്റ്റർപീസ്.

"ദി നൺ" യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല എങ്കിലും യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ട്. പ്രശസ്ത പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർമാരായ എഡ്, ലോറൈൻ വാറൻ എന്നിവരുടെ യഥാർത്ഥ ജീവിതത്തിലെ പാരാനോർമൽ അന്വേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥാ ബീജം. ഒരു പ്രത്യേക യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെങ്കിലും, വാറൻസിന്‍റെ യഥാര്‍ത്ഥ കേസ് ഫയലുകളുടെ പശ്ചാത്തലം ഉപയോഗിച്ച് അനേക സംസ്കാരങ്ങളില്‍ സുപരിചിതമായ “വാലാക്ക്” എന്ന പൈശാചിക ശക്തിയെ പരിചയപ്പെടുത്തുന്ന ഒരു സാങ്കല്‍പ്പിക കഥയാണ്‌ സിനിമ.

പൈശാചികതയുടെ ആരംഭം

സിനിമയുടെ അവിശുദ്ധ ഭീകരതയിലേക്ക് ഊളിയിടുന്നതിന് മുമ്പ്, വലക് എന്ന ദുഷ്ട്ടശക്തിയുടെ ഇരുണ്ട ഉത്ഭവത്തിലേക്ക് നാം ആഴ്ന്നിറങ്ങണം. ഈ പൈശാചിക ശക്തി മധ്യകാല ചരിത്രത്തിന്‍റെയും ആചാരങ്ങളുടെയും മിഥ്യയുടെയും ആഴങ്ങളിൽ നിന്ന് രൂപപ്പെട്ടതാണ്. നിഗൂഢതയുടെയും വിശ്വാസത്തിന്‍റെയും വെച്ചാരാധനയുടെയും വിചിത്രമായ കഥകള്‍കൊണ്ട് തലമുറകള്‍ നെയ്തെടുത്തതാണ്.

“ഡീമനോളജി” എന്ന പുരാതന യുറൊപ്യന്‍ ക്രിസ്ത്യന്‍ വിശ്വാസസംഹിതകളിലും, എഴുതിയത് ആര് എന്ന് വ്യക്തമല്ലാത്ത നിഗൂഢ സാഹിത്യങ്ങളുടെ വര്‍ണനകളിലും, അനേകം യുറൊപ്യന്‍ നാടന്‍ വായ്മൊഴി കഥകളിലും സൂചിപ്പിച്ചിട്ടുള്ള പേരാണ് വാലക്ക്. മധ്യകാല യുറോപ്പില്‍ പ്രേതോച്ചാടന കര്‍മ്മങ്ങളും വശീകരവിദ്യകളും സേവകളും ഒക്കെ സമൂഹത്തിന്‍റെ ഭാഗം ആയിരുന്നു. അവയുടെ ചടങ്ങുകള്‍ മന്ത്രങ്ങള്‍ ആചാരങ്ങള്‍ ഒക്കെ വിശദമായി വിവരിക്കുന്ന ആരാണ് എഴുതിയത് എന്ന് അറിയാത്ത നിഗൂഡസാഹിത്യ വിഭാഗത്തില്‍ (mystery literature genres) പെടുന്ന പുസ്തകങ്ങളില്‍ ഒന്നാണ് "Ars Goetia."  "Lemegeton", "Lesser Key of Solomon" എന്നിവ. ഇവ എല്ലാം ഉൾക്കൊള്ളുന്ന അഞ്ച് പുസ്തകങ്ങളിൽ ഒന്നായ "Ars Goetia" യിൽ Valak പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. “ദി ലെസ്സർ കീ ഓഫ് സോളമൻ” മാന്ത്രികവിദ്യകള്‍ പൈശാചികശക്തികളെ സ്വാധീനിക്കുന്നത് എങ്ങനെ എന്നൊക്കെ സൂചിപ്പിക്കുന്ന പുസ്തകം ആണ്. (The Lesser Key of Solomon, (Lemegeton Clavicula Salomonis) അല്ലെങ്കില്‍ Lemegeton,, (അഞ്ചുപുസ്തകങ്ങളായി തിരിച്ചിട്ടുണ്ട് (5 keys) : the Ars Goetia, Ars Theurgia-Goetia, Ars Paulina, Ars Almadel, and Ars Notoria. ക്രിസ്ത്യന്‍ യഹൂദ പാരമ്പര്യങ്ങള്‍ അംഗീകരിക്കുന്നില്ല എങ്കിലും ഇത് സോളമന്‍ രാജാവ് എഴുതിയതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതില്‍ അടങ്ങിയിരുന്ന മുദ്രമോതിരം ഉപയോഗിച്ചാണ് സോളമന്‍ പൈശാചികശക്തികളെ അടക്കിനിര്‍ത്തിയിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.) (ഇംഗ്ലീഷില്‍ ഇത്തരം ഗ്രന്ഥങ്ങളെ  grimoire എന്ന് പറയും. പതിനേഴാം നൂറ്റാണ്ടിൽ സമാഹരിക്കപ്പെട്ടതായിരിക്കാം ഈ പുസ്തകം എന്ന് അനുമാനിക്കുന്നു. (എല്ലാ പുസ്തകങ്ങളുടെയും ഇംഗ്ലീഷ് കോപ്പികള്‍ കൈവശമുണ്ട്. ആവശ്യമുണ്ടെങ്കില്‍ താല്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടുക. മന്ത്രങ്ങള്‍ കര്‍മ്മങ്ങള്‍ ഒക്കെ ചെയ്തിട്ട് വല്ല പിശാചുക്കളും വന്നാല്‍ നിങ്ങള്‍ തന്നെ അതിനെ നേരിടേണ്ടി വരും-മാനന്തവാടി മുതിരേരി റൂട്ടില്‍ പറഞ്ഞുവിടരുത്; മാനസികമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടാല്‍ ഞാന്‍ ഉത്തരവാദിആയിരിക്കില്ല എന്ന് അറിയിക്കുന്നു- ഞാന്‍ വായിച്ചിട്ടുണ്ട്; ഒരു കര്‍മങ്ങളും ചെയ്തു നോക്കിയിട്ടില്ല.)

ലെസ്സർ കീയുടെ "Ars Goetia" വിഭാഗത്തിൽ, 72 പിശാചുക്കളുടെ ഒരു ശ്രേണിയിലെ 62-ാമത്തെ പിശാചായി വലക്കിനെപ്പറ്റി വിശദമായി പറയുന്നുണ്ട്. 30 ലധികം പിശാചുക്കളുടെ ആധിപത്യമുള്ള നരകത്തിന്‍റെ മഹാനായ സൈന്യാധിപന്‍ എന്നാണ് വലക്കിനെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗതമായി രണ്ട് തലയുള്ള ഡ്രാഗന്‍ ആണ് വാഹനം. മാലാഖമാരുടെ പോലെ ചിറകുകളുള്ള എന്‍റ്റ്റി ആയാണ് വലക്കിനെ ചിത്രീകരിച്ചിരിക്കുന്നത്. മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്താനും മാണിക്യങ്ങള്‍ ചുമക്കുന്ന സര്‍പ്പങ്ങള്‍ എവിടെയാണെന്ന് വെളിപ്പെടുത്താനും വലക്കിന് കഴിവുണ്ടെന്ന് പറയപ്പെടുന്നു. ക്രിസ്ത്യന്‍ യുറോപ്യന്‍ സംസ്കാരത്തിന് മുന്‍പ് അനേക സംസ്കാരങ്ങളില്‍ ഉണ്ടായിരുന്ന ആരാധനാ മൂര്‍ത്തി ആണ് വാലാക്.

കറുത്തകൂരിരുട്ടിന്‍റെയും തിന്മയുടെയും ദുഷ്പ്രവണതയുടെയും പൈശാചികതയുടെയും തണുത്തുറഞ്ഞ മൂർത്തീഭാവമാണ് വലക്ക്. അതിന്‍റെ സാന്നിദ്ധ്യം ഭയത്തിന്‍റെ കറുത്തമൂടല്‍മഞ്ഞിന്‍റെ ആവരണം പോലെയാണ്. അത്കുടികൊള്ളുന്ന ഇടങ്ങള്‍ നൈരാശ്യത്തിന്‍റെ ശാശ്വതമായ മൂടുപടം പുതച്ച വിജനമായ ഇടങ്ങള്‍ ആയിരിക്കും. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും നിയമങ്ങളെ ധിക്കരിക്കുന്ന ആ അവിശുദ്ധ സ്ഥലങ്ങളിലെ ഇരുട്ടില്‍ വേട്ടയാടുന്ന കാറ്റിൽ അശുഭകരമായി പാറിപ്പറക്കുന്ന കീറിപ്പറിഞ്ഞ ശിശുവിലാപങ്ങളില്‍ പൊതിഞ്ഞ പേടിസ്വപ്നങ്ങളുടെ സൃഷ്ടിയാണ് വാലക്ക്.

നൂറ്റാണ്ടുകളായി മനുഷ്യരുടെ ദുരന്തങ്ങളുടെ ആഴങ്ങൾക്ക് സാക്ഷ്യം വഹിച്ചതുപോലെ പുകയുന്ന വെറുപ്പിന്‍റെ ഇരട്ട ഭ്രമണപഥങ്ങളാണ് അതിന്‍റെ കണ്ണുകൾ.വക്രമായ നരക പുഞ്ചിരി മുഖത്ത് നീണ്ടുകിടക്കുന്ന ഇടതൂര്‍ന്നമുള്ളുകള്‍പോലെയുള്ള പല്ലുകളുടെ മഞ്ഞനിറമുള്ള നിരകൾ വെളിപ്പെടുത്തുന്നു. അവ എപ്പോഴും ക്രൂരമായ വിശപ്പുകൊണ്ട് തിളങ്ങിക്കൊണ്ടിരിക്കും. ഓരോ ചലനങ്ങളിലും ചുവടുകളിലും മറന്നുപോയ പാപങ്ങളുടെ മന്ത്രിക്കുന്ന പ്രതിധ്വനികൾ പോലെ അസ്വസ്ഥമായ പ്രതിധ്വനികള്‍ കേള്‍ക്കാം. പീഡനങ്ങളുടെ സിംഫണിയാണ് അതിന്‍റെ ശബ്ദം- തണുത്തു മരവിച്ച വിരലുകളിലെ നീണ്ട നഖങ്ങള്‍ കൊണ്ട് ആത്മാവിനെ തുളച്ചുകയറുന്ന പൊള്ളയായ പിറുപിറുപ്പ്പോലെ.

വലക്കിന്‍റെ സാന്നിധ്യത്തിൽ ചുറ്റുമുള്ള വായു തണുത്തുവിറയ്ക്കും.  ഭൂമി തന്നെ ഭയത്താൽ വിറയ്ക്കുന്നതായി തോന്നും. നിഴലുകൾ ചുറ്റും വളയുകയും നമ്മെ ആകെ ചുഴറ്റുകയും ചെയ്യും. അതിനു ചുറ്റും എപ്പോഴും മിന്നുന്ന മെഴുകുതിരിവെളിച്ചം പോലെ മങ്ങിയ മഞ്ഞ വെളിച്ചം വിചിത്രമായ താളത്തില്‍ നൃത്തം ചെയ്യുന്നുണ്ടാകും. തന്‍റെ മാര്‍ഗ്ഗങ്ങളില്‍ കുറുകെവരുന്നവരെ മാത്രം ആക്രമിക്കുന്ന അതിഭീകര ശക്തിയാണ് വാലക്ക്. അതിന് പാരമ്പര്യ പിശാചുക്കളെപ്പോലെ ആളുകളെ കീഴടക്കുകയോ, അനാവശ്യമായി ഭയപ്പെടുത്തുകയോ, ചോര കുടിക്കുകയോ ആത്മാവ് ഇല്ലാതെ ആക്കുകയോ ഒന്നും വേണ്ട, പക്ഷെ തന്‍റെ ലക്ഷ്യങ്ങള്‍ക്ക് തടസ്സം നില്‍കുന്നവന് എല്ലാ നരകപൈശാചിക വേദനകളും ഏറ്റവും ആഴത്തില്‍ നല്‍കി പൂര്‍ണ്ണമായും നശിപ്പിച്ചേ വാലാക്ക് പോകൂ-ടോട്ടല്‍ അനൈലേഷന്‍. ഒരിക്കല്‍ ആകസ്മികമായി കാണേണ്ടി വന്നാല്‍പോലും ഒരിക്കലും മോചനം ഇല്ലാത്ത പേടിസ്വപ്നങ്ങളുടെ പിടിയില്‍ ആയിരിക്കും പില്‍കാല ജീവിതം പൂര്‍ണ്ണമായും.

ആബിയിലെ അനിഷ്ട്ട സംഭവങ്ങളുടെ ആരംഭം

അന്തവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും ആഭിചാരക്രീയകളുടെയും ഇരുണ്ട പുരാതനമേഘങ്ങള്‍ തങ്ങിനില്‍കുന്ന ഗ്രാമീണ റൊമാനിയയുടെ ഒരു കുഗ്രാമത്തിലെ അന്തരീക്ഷത്തിലാണ് 1952 ല്‍ ആണ് "ദി നൺ" സിനിമ തുടങ്ങുന്നത്. നമുക്ക് കാർട്ടാ മൊണാസ്ട്രി പതിയെ പരിചിതമാകുന്നു, വിഷാദമൂകമായ ശ്മശാനം പോലെ ഒരിടം. മൊനാസ്ട്രിയുടെ യഥാര്‍ത്ഥ ചരിത്ര പശ്ചാത്തലം സത്യത്തില്‍ നിലവില്‍ഉള്ളത് തന്നെയാണ്. (Abbey of St. Carta (or Cârța Monastery) അങ്ക്ലോ സാക്സന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഈ മഠം ഇന്ന് പൂര്‍ണ്ണമായും ഉപയോഗശൂന്യമായിക്കഴിഞ്ഞിരിക്കുന്നു. ഈ മൊണാസ്റ്ററിയ്ക്ക് ഒരു ഇരുണ്ട ചരിത്രം ഉണ്ട്. മദ്ധ്യകാലഘട്ടത്തില്‍ വിശുദ്ധ കാര്‍ത്ത എന്ന സന്യസിനിയാണ് മഠം സ്ഥാപിക്കുന്നത്. റോമനിയയിലെ ഈ യഥാര്‍ത്ഥ മഠത്തില്‍ പണ്ട് ഒരു കൊലപാതകം നടന്നിട്ടുണ്ട്. സമീപ ദേവാലയത്തിലെ ഒരു വൈദികനുമായി പ്രണയത്തിലായ ഒരു കന്യാസ്ത്രീയെ ജീവനോടെ മഠത്തില്‍  കുഴിച്ചുമൂടി എന്ന് പറയപ്പെടുന്നു. പ്രണയത്തിന് കൂട്ടു നിന്ന സുഹൃത്ത് കന്യാസ്ത്രീ മതപീഡനവും ശിക്ഷയും ഭയന്ന് മഠത്തില്‍ തന്നെ കെട്ടിതൂങ്ങി മരിക്കുകയുണ്ടായി. പില്‍കാലത്ത് വന്ന പല കന്യാസ്ത്രീകളും രൂപങ്ങള്‍ ആയും സാമീപ്യം ആയും ഇടയ്ക്കിടയ്ക്ക് തെന്നി മാറുന്ന നിഴലുകള്‍ ആയും ഈ കന്യാസ്ത്രീകളുടെ സാമീപ്യം മഠത്തില്‍ അനുഭവിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. കൂടാതെ ആഭിചാരക്രിയകളില്‍ ഏറെ താല്പര്യമുണ്ടായിരുന്ന മഠത്തിന്‍റെ അധിപ തന്ത്രമന്ത്രവിധികളിലൂടെ വാലക്കിനെ വിളിച്ചുവരുത്തിയിട്ടുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു. ഇതേ ചരിത്ര സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട്; ഒരു യുവ കന്യാസ്ത്രീയുടെ ഭയാനകമായ ആത്മഹത്യയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്..

ശാന്തമായ ഗോഥിക് ആബിയിൽ ഭയത്തിന്‍റെ നിഴലുകള്‍ ഇപ്പോഴും തങ്ങിനില്കുന്നുണ്ട്. ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള പിറുപിറുക്കലുകള്‍ അനിഷ്ട്ടസംഭവങ്ങള്‍ സാഹചര്യങ്ങൾ ഒക്കെ അന്വേഷിക്കാൻ വത്തിക്കാൻ ഫാദർ ബർക്കിനെയും സിസ്റ്റർ ഐറിനെയും അയക്കുന്നു. അവർ ആശ്രമത്തിന്‍റെ രഹസ്യങ്ങളിലേക്ക് ആഴത്തിൽ കടക്കുമ്പോൾ മനുഷ്യമനസ്സിന് എളുപ്പം മനസ്സിലാകാത്ത ഒരു പൈശാചിക ക്രൂരശക്തിയുടെ സാമീപ്യം പതിയെ അനാവരണം ചെയ്യപ്പെടുന്നു. കന്യാസ്ത്രീയുടെ രൂപത്തിലാണ് വാലക്ക് എന്ന ശക്തി പ്രത്യക്ഷപ്പെടുന്നതും.

നരകവാതിലുകള്‍ തുറക്കപ്പെടുന്നു

ഓരോ നിമിഷവും കടന്നുപോകുമ്പോൾ, വലാക്ക് എന്ന ദുഷ്ടശക്തി കൂടുതൽ ശക്തനാകുന്നു. അതിന്‍റെ ദുഷിച്ച സാന്നിദ്ധ്യം ശാന്തമായ രാത്രികളില്‍ ആശ്രമത്തെ മൂടുന്നു. കന്യാസ്ത്രീരൂപം പൂണ്ട വാലക്കിനെ അഭിമുഖീകരിക്കുമ്പോൾ ഭയാനകമായ നിഴലുകൾ, പ്രേതങ്ങളുടെ കുശുകുശുപ്പുകൾ അപ്രതീക്ഷിതമായ ദർശനങ്ങൾ എന്നിവ കഥാപാത്രങ്ങളുടെയും കാഴ്ചക്കാരുടെയും ഉള്ളില്‍ ഇടിത്തീവീഴിക്കുന്നുണ്ട്. നന്മയും തിന്മയും തമ്മിലുള്ള രേഖ മങ്ങിപ്പോകുന്ന പോരാട്ടം പതിയെ മറ്റൊരു മാനം കൈക്കൊള്ളുന്നു. വിശ്വാസം അവരുടെ ഏക കവചമായി, ഫാദർ ബർക്കിനും സിസ്റ്റർ ഐറിനും ഈ അമാനുഷിക സാന്നിധ്യത്തെ ഇല്ലാതാക്കാൻ സ്വന്തം ആത്മാവിന്‍റെ ഇരുണ്ട കോണുകളിലേക്ക് യാത്രപോകുന്നുണ്ട്.

 

അമാനുഷികതയുടെ ഭയപ്പെടുത്തുന്ന കാഴ്ച സമ്മാനിക്കുന്നതോടൊപ്പം,The Nun”  ഭയത്തിന്‍റെ സൗന്ദര്യാത്മകതയിലൂടെ നമ്മെ ഒരു പേടിസ്വപ്ന മണ്ഡലത്തിലേക്ക് ആകർഷിച്ചുകൊണ്ടുപോകുന്നുണ്ട്. നമ്മുടെ ഉള്ളിലും പുറത്തും വസിക്കുന്ന അന്ധകാരത്തെ അഭിമുഖീകരിക്കാൻ നമ്മെ വെല്ലുവിളിക്കുന്ന മനസ്സിന്‍റെആഴത്തിലുള്ള ഭയങ്ങളുടെയും ആശങ്കകളുടെയും അജ്ഞാത ഭൂപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള പ്രചോദനം നല്‍കുന്ന ശൈലിയാണ് സിനിമയുടെ വിജയവും. മനുഷ്യാത്മാവിന്‍റെ അടങ്ങാത്ത ജിജ്ഞാസയുടെ വേദനിപ്പിക്കുന്ന സാക്ഷ്യമായി “ദി നന്‍ “ നിലനില്കുന്നതും അതിനാലാണ്.

 

 

 

 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗോലിയാത്തൻ കാലടികൾ. ജോ ജോസഫ് മുതിരേരി

അഹമ്മദ് ഇബ്നു ഫദ്ലാന്റെ യാത്രകൾ ; ഒരു വൈകിംഗ് അന്ത്യയാത്ര. ജോ ജോസഫ്

ലോകമെമ്പാടുമുള്ള പെരുമാറ്റശീലങ്ങളിൽ മൂന്ന് അടിസ്ഥാന വ്യത്യാസങ്ങൾ. Joe Joseph